
കൊച്ചി : ജീവനക്കാരുടെ സുരക്ഷയും അടിയന്തര സാഹചര്യങ്ങളിലെ സജ്ജീകരണങ്ങളും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്ക് എസ്ഐബി ടവറിൽ ദുരന്ത നിവാരണ മോക്ഡ്രില്‍ സംഘടിപ്പിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഫെസിലിറ്റി മാനേജ്‌മെന്റ് ഗ്രൂപ്പ്, നാഷണൽ സേഫ്റ്റി കൗൺസിൽ, സംസ്ഥാന ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഡിപ്പാർട്ട്‌മെന്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
സംസ്ഥാന ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഡിപ്പാർട്ട്‌മെന്റിലെ ഫയർ ഓഫീസർ നിസാം ക്ലാസുകൾക്ക് നേതൃത്വം നൽകി. തീപിടിത്തം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും, അഗ്നിശമന ഉപകരണങ്ങളുടെ ശരിയായ ഉപയോഗം, ഇവാക്വഷൻ നടപടികൾ, ഫയർ എസ്‌കേപ്പ് എന്നിവയെക്കുറിച്ചും ജീവനക്കാർക്ക് പ്രായോഗിക പരിശീലനം നൽകി.
ജീവനക്കാരുടെ അടിയന്തര സാഹചര്യങ്ങളിലെ തയ്യാറെടുപ്പ് വിലയിരുത്തുന്നതിനും രക്ഷാപ്രവർത്തന നടപടികൾ പരിചയപ്പെടുത്തുന്നതിനുമായി പ്രായോഗിക ഇവാക്വഷൻ ഡ്രില്ലും സംഘടിപ്പിച്ചു. കൃത്രിമമായി സൃഷ്ടിച്ച അടിയന്തര സാഹചര്യത്തിൽ അനുയോജ്യമായ സുരക്ഷാ മുൻകരുതലുകൾ മനസ്സിലാക്കാനും പരിശീലിക്കാനും ഇതിലൂടെ ജീവനക്കാർക്ക് സാധിച്ചു.
പരിപാടിയുടെ ഭാഗമായി നടന്ന മോക്ക് ഡ്രില്ലിൽ ജീവനക്കാർ സജീവ പങ്കാളികളായി. തൊഴിലിടങ്ങളിൽ ഉയർന്ന സുരക്ഷാബോധവും അടിയന്തര സജ്ജീകരണങ്ങളും ഉറപ്പാക്കുന്നതിനുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തുടർച്ചയായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പരിശീലനം സംഘടിപ്പിച്ചത്.
Photo Courtesy - Google









