
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ കന്നിക്കിരീടം ചൂടി ദക്ഷിണാഫ്രിക്ക. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക വിജയകിരീടം നേടിയത്. 27 വർഷങ്ങൾക്കു ശേഷമാണ് ഐസിസി കിരീടം ദക്ഷിണാഫ്രിക്ക സ്വന്തമാക്കുന്നത്. നിലവിലെ ചാംപ്യൻമാരെ പരാജയപ്പെടുത്തിയാണ് കിരീടനേട്ടമെന്നതും ദക്ഷിണാഫ്രിക്കൻ വിജയത്തിന് മാറ്റുകൂട്ടുന്നു.
ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ഉയർത്തിയ 282 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു. സ്കോർ: ഓസ്ട്രേലിയ– 212, 207. ദക്ഷിണാഫ്രിക്ക–138, അഞ്ചിന് 282.
സെഞ്ചറിയുമായി കരുത്തുകാട്ടിയ ഓപ്പണർ എയ്ഡൻ മാർക്രം, ഉറച്ച പിന്തുണ നൽകിയ ക്യാപ്റ്റൻ ടെംബ ബാവുമ എന്നിവരുടെ ഇന്നിങ്സുകളാണ് ദക്ഷിണാഫ്രിക്കൻ വിജയത്തിന്റെ ആണിക്കല്ല്. മാർക്രം 207 പന്തിൽ 14 ഫോറുകൾ സഹിതം 136 റൺസെടുത്തു മടങ്ങി. ക്യാപ്റ്റൻ ടെംബ ബാവുമ 134 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 66 റൺസെടുത്തു പുറത്തായി. ഡേവിഡ് ബേഡിങ്ങാമും (49 പന്തിൽ 21), കൈൽ വെരെയ്നെയും (13 പന്തിൽ നാല്) പുറത്താകാതെനിന്നു.56 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 213 റൺസുമായി മത്സരത്തിന്റെ നാലാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക, ആദ്യ സെഷനിൽത്തന്നെ വിജയത്തിലെത്തി.
നാലാം ദിവസം ബാറ്റിങ് തുടങ്ങിയതിനു പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്റ്റൻ ടെംബ ബാവുമയെ നഷ്ടമായി. പാറ്റ് കമിൻസ് എറിഞ്ഞ 59–ാം ഓവറിലെ അവസാന പന്തിൽ അലക്സ് ക്യാരി ക്യാച്ചെടുത്തു ബാവുമയെ പുറത്താക്കുകയായിരുന്നു. എട്ടു റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്സിനെ മിച്ചൽ സ്റ്റാർക്ക് ബോൾഡാക്കി. പിന്നാലെയെത്തിയ ഡേവിഡ് ബേഡിങ്ങാം മാർക്രത്തിന് പിന്തുണയുമായി നിലയുറപ്പിച്ചതോടെ ദക്ഷിണാഫ്രിക്ക വിജയത്തിലേക്കു സാവധാനം മുന്നേറി. ജയിക്കാൻ ആറു റൺസ് കൂടി മതിയെന്ന ഘട്ടത്തിലെത്തിച്ച ശേഷമാണ് ജോഷ് ഹെയ്സൽവുഡിന്റെ പന്തിൽ മാർക്രം പുറത്തായത്. ഒടുക്കം ബേഡിങ്ങാമും വെരെയ്നെയും ചേർന്ന് 83.4 ഓവറിൽ ദക്ഷിണാഫ്രിക്കയുടെ വിജയ റൺസ് കുറിച്ചു.











