
കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ ദേശീയ ടീമിന്റെ മിഡ്ഫീൽഡർ ജെയ്ഡൻ ആദംസ് (25)നെ മരിച്ച നിലയിൽ കണ്ടെത്തി. കേപ്ടൗണിലെ വസതിയിലായിരുന്നു ശനിയാഴ്ച രാവിലെ താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ ദക്ഷിണാഫ്രിക്കൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫുട്‌ബോൾ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചിട്ട് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ജെയ്ഡൻ ആദംസ് മരിച്ചത്.
ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 മത്സരത്തിൽ കാനഡയോട് തോറ്റ് ദക്ഷിണാഫ്രിക്ക പുറത്തായതിന് പിന്നാലെയാണ് ഈ ദാരുണ വാർത്ത. ജെയ്ഡന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
മരണത്തിന് ഒരു ദിവസം മുമ്പ് കാമുകി അഖീലയ്‌ക്കൊപ്പമുള്ള ചിത്രം ജെയ്ഡൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും അദ്ദേഹം കളത്തിലിറങ്ങിയിരുന്നു. ഉദ്ഘാടന മത്സരത്തിലും ടീമിന്റെ ആദ്യ ഇലവനിൽ ഇടം നേടിയിരുന്നു.
ചെക്ക് റിപ്പബ്ലിക്കിനെതിരായ രണ്ടാം ഗ്രൂപ്പ് മത്സരത്തിന് തൊട്ടുമുമ്പ് ജെയ്ഡന്റെ മുത്തശ്ശി മരിച്ചിരുന്നു. മത്സരത്തിന് മുമ്പുതന്നെ ആ ദുഃഖവാർത്ത താരത്തെ അറിയിച്ചിരുന്നുവെന്നാണ് വിവരം. വ്യക്തിപരമായ ദുഃഖത്തിനിടയിലും ടീമിനായി കളത്തിലിറങ്ങിയ ജെയ്ഡൻ മികച്ച പോരാട്ടവീര്യം പ്രകടിപ്പിച്ചിരുന്നു.
2023-ലെ ആഫ്രിക്കൻ നേഷൻസ് കപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ദേശീയ ടീമിലും ജെയ്ഡൻ അംഗമായിരുന്നു. ആ ടൂർണമെന്റിൽ ദക്ഷിണാഫ്രിക്ക സെമിഫൈനൽ വരെ മുന്നേറിയ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ജെയ്ഡന്റെ അപ്രതീക്ഷിത വിയോഗം ദക്ഷിണാഫ്രിക്കൻ ഫുട്‌ബോൾ ലോകത്തെയും ആരാധകരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.










