
ദോഹ: ഖത്തറിനെ കൂടുതൽ സുസ്ഥിരമായ മാലിന്യ സംസ്കരണ സംവിധാനത്തിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി അൽ റയ്യാൻ മുനിസിപ്പാലിറ്റിയിൽ 'ദേശീയ ഉറവിട മാലിന്യ വേർതിരിക്കൽ പദ്ധതി' (National Waste Separation at Source Programme) നഗരസഭ മന്ത്രാലയം ശക്തമാക്കുന്നു. മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ക്ലീൻലിനസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പദ്ധതി വിപുലീകരിക്കുന്നത്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലെ വിവിധ പാർപ്പിട മേഖലകളിലായി പുനരുപയോഗിക്കാവുന്ന മാലിന്യങ്ങൾക്കായി (Recyclable waste) 1,117 നീല ബിന്നുകളും, ജൈവമാലിന്യങ്ങൾക്കായി (Organic waste) അത്രയും തന്നെ ചാരനിറത്തിലുള്ള (Grey) ബിന്നുകളും വിതരണം ചെയ്തു. ലക്ഷ്യമിട്ട എല്ലാ പ്രദേശങ്ങളിലും പദ്ധതി പൂർണ്ണമായി നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ ജൂലൈ മാസത്തിലും ബിന്നുകളുടെ വിതരണം തുടരുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ അൽ റയ്യാനിൽ മാത്രം വിതരണം ചെയ്ത നീല റീസൈക്ലിംഗ് ബിന്നുകളുടെ ആകെ എണ്ണം 16,127 ആയി ഉയർന്നു. രാജ്യത്തെ ഏറ്റവും വലിയ മുനിസിപ്പൽ മാലിന്യ വേർതിരിക്കൽ സംരംഭങ്ങളിലൊന്നാണിത്.
മാലിന്യക്കൂമ്പാരങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക, പുനരുപയോഗ നിരക്ക് വർദ്ധിപ്പിക്കുക, വിഭവങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഖത്തറിന്റെ സമഗ്ര പരിസ്ഥിതി തന്ത്രത്തിന്റെ പ്രധാന ഭാഗമാണിത്. ഗാർഹിക തലത്തിൽ തന്നെ മാലിന്യങ്ങൾ വേർതിരിക്കാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പുനരുപയോഗിക്കാവുന്ന വസ്തുക്കളുടെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ സാധിക്കും.മന്ത്രാലയത്തിന്റെ 2024–2030 നാഷണൽ ഇന്റഗ്രേറ്റഡ് സോളിഡ് വേസ്റ്റ് പ്രോഗ്രാമുമായി പൊരുത്തപ്പെടുന്നതാണ് ഈ പ്രവർത്തനം. ഖത്തർ ഡെവലപ്‌മെന്റ് ബാങ്കിന്റെ റീസൈക്ലിംഗ് സെക്ടർ റിപ്പോർട്ട് പ്രകാരം മുനിസിപ്പൽ മാലിന്യങ്ങളുടെ റീസൈക്ലിംഗ് നിരക്ക് 15 ശതമാനമായി ഉയർത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്. ബിൻ വിതരണത്തോടൊപ്പം പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനുള്ള കാമ്പെയ്നുകളും മന്ത്രാലയം തുടർന്നുവരികയാണ്.










