
ദോഹ: വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി വൈവിധ്യമാർന്ന ഈത്തപ്പഴങ്ങളുമായി സൂഖ് വാഖിഫ് രാജ്യാന്തര ഈത്തപ്പഴ പ്രദർശനം 2026 (Souq Waqif International Dates Exhibition) ആരംഭിച്ചു. സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ നടക്കുന്ന മേളയിൽ ഖത്തർ ഉൾപ്പെടെ ആറ് അറബ് രാജ്യങ്ങളിൽ നിന്നുള്ള 57 പ്രമുഖ കമ്പനികളാണ് പങ്കെടുക്കുന്നത്.
ഫെബ്രുവരി 16 വരെ നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ മികച്ച ഗുണനിലവാരമുള്ള ഈത്തപ്പഴങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. സൗദി അറേബ്യ, യമൻ, അൾജീരിയ, ഒമാൻ, യു.എ.ഇ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഈത്തപ്പഴങ്ങളാണ് പ്രദർശനത്തിനുള്ളതെന്ന് സൂഖ് വാഖിഫ് സൂപ്പർവൈസർ മുഹമ്മദ് അബ്ദുള്ള അൽ സലീം പറഞ്ഞു.മജ്ദൂൽ, അജ്‌വ തുടങ്ങി ലോകപ്രശസ്തമായ ഈത്തപ്പഴ ഇനങ്ങൾ സന്ദർശകർക്ക് നേരിട്ട് വാങ്ങാം.
ഈത്തപ്പഴത്തിൽ നിന്ന് നിർമ്മിച്ച സിറപ്പ്, വിനാഗിരി, മാമൂലുകൾ എന്നിവയ്ക്ക് പുറമെ ഈത്തപ്പഴം ചേർത്ത സ്കിൻ കെയർ ഉൽപ്പന്നങ്ങളും (സോപ്പ്, ക്രീം, ഹെയർ ഓയിൽ) ഇത്തവണത്തെ പ്രത്യേകതയാണ്.ഖത്തറിന്റെ പൈതൃകവും വ്യാപാരവും ഒത്തുചേരുന്ന ഈ വേദി സന്ദർശകർക്ക് വേറിട്ടൊരു അനുഭവമാണ് നൽകുന്നത്. ഈത്തപ്പഴം വെറുമൊരു ഭക്ഷണ പദാർത്ഥം എന്നതിലുപരി ഒരു സംസ്കാരത്തിന്റെ ഭാഗമാണെന്ന് വിളിച്ചോതുന്നതാണ് ഈ മേളയെന്ന് പ്രദർശനത്തിനെത്തിയവർ അഭിപ്രായപ്പെട്ടു.











