05:25pm 11 November 2026
NEWS
സൂഖ് വഖിഫ് ആർട്ട് ജേർണി - കലയും , പൈതൃകവും , പാരമ്പര്യവും സമ്മേളിച്ച സർഗ്ഗയാത്ര
28/10/2025  11:49 AM IST
ജോൺഗിൽബർട്ട്
സൂഖ് വഖിഫ് ആർട്ട് ജേർണി - കലയും , പൈതൃകവും , പാരമ്പര്യവും സമ്മേളിച്ച സർഗ്ഗയാത്ര

ഖത്തറിന്റെ ചരിത്രവും സംസ്കാരവും കലയും ഒന്നിച്ചുചേരുന്ന മനോഹരമായ അനുഭവമായി ഗ്ലോബൽ റിഥം കൾച്ചറൽ ക്ളബ്  അവതരിപ്പിച്ച “Souq Waqif Art Journey” ഇന്നലെ  വിജയകരമായി പൂർത്തിയായി. 
ഖത്തറിന്റെ സമ്പന്നമായ പൈതൃകത്തെയും കലാപാരമ്പര്യത്തെയും അടുത്തറിയാനുള്ള ഈ യാത്ര, കലയും അറിവും സൗഹൃദവും യാത്രാരസവും  നിറഞ്ഞ ഒരു സായാഹ്നമായി മാറി .

പരിപാടിയ്ക്ക് നേതൃത്വം നൽകിയ ജി.ആർ.സി.സി . അധ്യക്ഷ   രോഷ്നി കൃഷ്‌ണൻ  യാത്രയുടെ  എല്ലാ ഘട്ടങ്ങളിലും കുട്ടികൾക്ക്   നേരിട്ട്   ലൈവ് ആർട്ട് ഡെമോൺസ്ട്രേഷനുകൾ നടത്തുകയും ലൈവ് ആർട്ടിന്റെ സാധ്യതകളും സാങ്കേതികതളും ഉദാഹരണ സഹിതം വ്യക്തമാക്കികൊടുക്കുകയും ചെയ്തു.,  പ്രകൃതിദൃശ്യങ്ങളെയും മൃഗങ്ങളെയും  പക്ഷികളെയും   ചിത്രമായി പകർത്തുന്നതിനുള്ള സാങ്കേതികതകളും എളുപ്പവഴികളും ലളിതമായ ഭാഷയിൽ കുട്ടികൾക്ക് വിവരിച്ച് കൊടുത്തു . കുട്ടികളിൽ സൃഷ്ടിപരമായ കഴിവും ആവേശവും ഓർമ്മകളും അനുഭവങ്ങളും ഉണർത്തുന്നതിനൊപ്പം ഖത്തറിന്റെ പരമ്പരാഗത മൂല്യങ്ങൾ, ഫാൽക്കണുകളുടെ സംസ്‌കാരിക പ്രാധാന്യം, ഒട്ടകങ്ങളുടെ മരുഭൂമിയിലുള്ള പങ്ക്, മരുജീവിതങ്ങളിൽ ആദ്യകാലങ്ങളിൽ കുതിരകളുടെയും മറ്റു പക്ഷിമൃഗാദികളുടെയും പങ്ക് എന്നിവയും  വിശദീകരിച്ചു കൊടുത്തു.

നൂറു  ദിവസത്തെ തുടർ വര ചലഞ്ച് പൂർത്തിയാക്കിയ ഖത്തറിലെ ആദ്യ പ്രവാസി വനിതയായ റോഷ്‌നി കൃഷ്‌ണന്റെ ചിത്രകലാ അധ്യാപന ജീവിതത്തിലെ വ്യത്യസ്തവും പുതുമയും നിറഞ്ഞ ചിത്രയാത്രയായിരുന്നു എന്ന് അവർ അഭിപ്രായപ്പെട്ടു. തുടർന്നും വിപുലമായ രീതിയിൽ ഇത്തരം യാത്രകൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ ഉറപ്പ് നൽകി. 

യാത്രയുടെ ഭാഗമായി ലൈവ് ആർട്ട് സെഷൻ, ആർട്ട് ലേണിംഗ് വർക്ക്‌ഷോപ്പ്, ഹിസ്റ്റോറിക്കൽ, ആർക്കിയോളജിക്കൽ യാത്ര , ഫാൽക്കൺ സൂഖ്, കുതിരാലയ സന്ദർശനം ഒട്ടക സൂഖ്  സന്ദർശനം തുടങ്ങിയ നിരവധി വ്യത്യസ്തതകൾ  ഉൾപ്പെടുത്തിയിരുന്നു. പിക്‌നിക് മൂഡോടുകൂടിയ ഈ സർഗ്ഗയാത്ര വിദ്യാർത്ഥികൾക്കും കലാസ്നേഹികൾക്കും പ്രചോദനമാവുകയും, ഓരോരുത്തരുടെയും മനസ്സിൽ സൂഖ് വഖഫിന്റെ പൗരാണികതയുടെ ബിംബങ്ങൾ  ആഴത്തിൽ പതിയുകയും ചെയ്തു.

നൂറ്റാണ്ടുകൾക്ക് മുമ്പേ ബദൂവിയൻ വ്യാപാരികളുടെ കാൽപ്പാടുകൾ പതിഞ്ഞ  ഗലികളിലൂടെ, പരമ്പരാഗത അറേബ്യൻ എടുപ്പുകളിലൂടെ നടന്ന യാത്ര സംഘം ചിത്രങ്ങൾ ക്യമറയിലും കടലാസിലും മാറി മാറി പകർത്തുന്ന കാഴ്ച്ച ആധുനികതയുടെയും സാംസകാരിക തനിമയുടെയും സമന്വയ സമ്മേളനമായി മാറി.   

മുത്തും ചിപ്പിയും രത്നങ്ങളും സുഗന്ധദ്രവ്യങ്ങളും നിറഞ്ഞ 
അറേബ്യൻ പൈതൃകത്തിന്റെ അതുല്യമായ സമൃദ്ധി ഇപ്പോഴും അതേ ഭംഗിയോടെ നിലനിൽക്കുന്ന സ്ഥലമാണ് സൂഖ് വഖഫ്. 
ദോഹയുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സ്ഥലത്ത് നൂറ്റാണ്ടുകൾക്ക്  പിറകിലേക്കുള്ള യാത്രയുടെ മായാജാലം അനുഭവിക്കാം. പനയോല മേഞ്ഞ പ്രാകൃത എടുപ്പുകളിലൂടെ അലഞ്ഞു നടക്കുന്നവർക്ക്, അറേബ്യയുടെ പൈതൃകത്തിന്റെ മണം, സംഗീതം, ചലനം എല്ലാം നിറഞ്ഞൊരു ലോകം തുറന്ന് കിട്ടും

വാദി മുഷൈരിബ് എന്ന കടൽത്തീരത്തോട് ചേർന്നാണ് ഈ സൂഖിന്റെ ഉത്ഭവം.
ബദൂവിയൻ വ്യാപാരികളും തദ്ദേശീയരായ നാട്ടുകാരും കാർഷിക, വ്യവസായ ഉൽപ്പന്നങ്ങൾ വിൽക്കാനായി സ്ഥാപിച്ച ചന്തയാണ് ഇതിന്റെ തുടക്കം.
കാലക്രമത്തിൽ കച്ചവടം വർദ്ധിച്ചു, കടൽ മാർഗ്ഗം പത്തേമാരികൾ അടുപ്പിച്ച് സമ്പത്ത് നിറഞ്ഞ വ്യാപാര കേന്ദ്രമായി ഇത് മാറി.

പുതിയ മാളുകളും വാണിജ്യ സമുച്ചയങ്ങളും ഉയർന്നതോടെ സൂഖ് വിസ്മൃതിയിലേയ്ക്ക് നീങ്ങിയെങ്കിലും, 2003 ലെ തീപിടുത്തത്തിന് ശേഷം, അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയും ഭാര്യ ഷെയ്ഖ മോസ ബിൻത് നാസറും ചേർന്ന് അതിനെ പുനരുദ്ധരിച്ചു. പഴയതിന്റെ തനിമ കാത്തുസൂക്ഷിച്ചുകൊണ്ട്, 2008-ൽ പുനർനിർമ്മിച്ച സൂഖ് വഖഫ് ഇന്ന് ഗൾഫിലെ ഏക പരമ്പരാഗത അറേബ്യൻ മാർക്കറ്റുകളിൽ പ്രധാനപ്പെട്ടതാണ്.
പൗരാണികതയുടെ പ്രൗഢി വിളിച്ചോതുന്ന പുരാവസ്തു ശേഖരങ്ങൾ, സുഗന്ധവ്യഞ്ജനങ്ങളാൽ നിറഞ്ഞ ഷോപ്പുകൾ, കരകൗശല വിദഗ്ധരുടെ കയ്യൊപ്പ് ചേർന്ന വസ്തുക്കൾ എല്ലാം സൂഖിന്റെ ആത്മാവാണ്.

ചെമ്പരത്തി ചായ മുതൽ ഊദും അത്തറും വരെ, സൂഖിന്റെ ഓരോ വഴിയിലും പൗരാണികതയുടെയും പാരമ്പര്യത്തിന്റെയും  സ്പര്ശമുണ്ട് 
സ്വർണാഭരണ ശാലകളും വസ്ത്രനെയ്ത്തുകാരും മൺപാത്ര നിർമ്മാതാക്കളും സംഗീതജ്ഞരുമെല്ലാം ഒരേ പാരമ്പര്യ ബോധത്തിൽ അണി  നിരക്കുന്ന കാഴ്ച അതി മനോഹരമാണ്.

ഫാൽക്കൺ സൂഖ് ഖത്തറിന്റെ അവിഭാജ്യ ഘടകമാണ്.  ലക്ഷങ്ങളുടെ  വില വരുന്ന ഫാൽക്കണുകൾ ഇവിടെ പ്രദർശിപ്പിക്കുകയും വിൽപ്പനയ്ക്കായി അവതരിപ്പിക്കുകയും ചെയ്യുന്നു.
പെറ്റ് മാർക്കറ്റിലെ പക്ഷികളുടെയും മൃഗങ്ങളുടെയും ശേഖരങ്ങൾ സൂഖിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു.
സൂഖ് വഖഫ് കടലിന്റെ ശബ്ദവും മെട്രോ നഗരത്തിന്റെ പ്രകാശവുമായ ഒരു വിസ്മയ സംയോജനം തന്നെയാണ്.
വശങ്ങളിലേക്ക് നോക്കുമ്പോൾ മഷ്രിബ് ഡൗൺടൗണിന്റെ ആധുനികതയും മുന്നോട്ടുനോക്കുമ്പോൾ കടൽതീരത്തിന്റെ സമൃദ്ധിയും നിറഞ്ഞ  അദ്ഭുത ലോകമാണ്  സൂഖ് വഖഫ്.

സൂഖ് വഖിഫ് ആർട്ട് ജേർണി കല, പൈതൃകം, ചരിത്രം, അറിവ്, സൗഹൃദം എന്നിവയുടെ സംഗമമായൊരു ജീവിതാനുഭവമായിരുന്നു.
സൂഖ് വഖഫിന്റെ വഴികളിലൂടെ നടന്നവർ ഓരോരുത്തരും തങ്ങളിലെ കലാഹൃദയത്തെ  കണ്ടെത്തി,
ഖത്തറിന്റെ ഹൃദയ പൈതൃകത്തിന്റെപുതു താളങ്ങളോടെ  ചിത്രകലയുടെ നവ വാഗ്ദാനങ്ങളായി മടങ്ങി.
പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img