04:44pm 13 November 2025
NEWS
സൗഹൃദത്തിന്റെ പൊന്നോണം
29/08/2025  11:29 AM IST
നാസർ മുഹമ്മദ്
സൗഹൃദത്തിന്റെ പൊന്നോണം

ആതിരാ.... ആ പൂക്കളൊന്ന് റെഡിയാക്കിയേ... പൂക്കളത്തിന് നടുവിൽ നിലവിളക്ക് വയ്ക്കുമ്പോൾ ചിത്ര പറയുന്നതുകേട്ട് ആതിര ഉടനെ നിലവിളക്കിന് ചുറ്റുമുള്ള പൂക്കൾ റെഡിയാക്കി.
ഇപ്പോൾ എല്ലാം റെഡിയായില്ലേ ചിത്രാ. ദീപേച്ചി.. എല്ലാം ഓക്കെ. ഇപ്പോൾ നമ്മുടെ പൂക്കളം സൂപ്പറായില്ലേ... എങ്ങനെ സൂപ്പറാകാതിരിക്കും ഞങ്ങളല്ലേ പൂക്കൾ വാങ്ങിയതും അരിഞ്ഞതും ഇട്ടതുമെല്ലാം. മിഥുനും അജേഷും അദ്വൈതും പറയുന്നതുകേട്ട് രഞ്ജിതയും നിഷ്‌നയും നമനും കൂടി ചിരിച്ചു. ഓ... നിങ്ങൾക്ക് എന്തും പറയാലോ... ഇനി ക്രെഡിറ്റെല്ലാം നിങ്ങളെടുത്തോ... നമിക്കുന്നു ചേട്ടന്മാരേ.. നമിക്കുന്നു. കൈകൂപ്പി ചിരിച്ചുകൊണ്ട് ചിത്രാനായർ പറഞ്ഞു.
കാസർഗോഡ് നീലേശ്വരം കുന്നുംകൈയിലെ വീട്ടിൽ കൂട്ടുകാരോടൊപ്പം ഒരുക്കിയ പൂക്കളത്തിലേക്ക് നോക്കി മലയാളത്തിന്റെ പ്രിയനടി ചിത്രാനായർ തന്റെ ഓണം ഓർമ്മകളിലേക്ക് മനസ്സ് പായിച്ചു.


ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ആറാട്ടിലൂടെ ക്യാമറയ്ക്ക് മുന്നിൽ എത്തുകയും കുഞ്ചാക്കോബോബന്റെ ന്നാ താൻ കേസ് കൊട്, സൈജുകുറുപ്പ് നായകനായ പൊറാട്ട് നാടകം, എം. പത്മകുമാർ സംവിധാനം ചെയ്ത ക്യൂൻ എലിസബത്ത്, ആസിഫ് അലിയുടെ കാസർഗോൾഡ്, ധ്യാൻ ശ്രീനിവാസന്റെ ഓശാന, പപ്പൻ നരിപ്പറ്റ സംവിധാനം ചെയ്ത വയസ്സ് എത്രയായി, സുരേശന്റെയും സുമതലതയുടെയും ഹൃദയഹാരിയായ പ്രണയകഥ, ജി. മാർത്താണ്ഡൻ സംവിധാനം ചെയ്ത ഓട്ടംതുള്ളൽ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ ചിത്രാനായരുടെ മനസ്സിൽ കുഞ്ഞുനാളിലേ ഓണപ്പൂക്കളങ്ങൾ നിറഞ്ഞു.

ഓണക്കോടിയുടെ  കാത്തിരിപ്പ്

ഒരു മലയോരപ്രദേശമായതിനാൽ തന്നെ ഇവിടെ ഒരുപാട് പൂക്കളുണ്ടാകും. കുറ്റിച്ചെടികൾ നിറഞ്ഞ കുറ്റിക്കാടുകളിലും വള്ളിപ്പടർപ്പുകളിലുമായി നിറയെ പേരറിയുന്നതും അറിയാത്തതുമായ ഒരുപാട് പൂക്കളും ഓണത്തുമ്പികളും, പൂമ്പാറ്റകളും ഓണമാകുമ്പോഴേക്കും നിറയും. മഴ പെയ്ത് തോർന്ന് കാലമാകുമ്പോഴേക്കും മലയോര പ്രദേശമെല്ലാം പച്ചപ്പട്ടു പുതച്ചപോലെയാകും. കാണാൻ അത് എന്തൊരു ഭംഗിയാണ്. കൂട്ടുകാർ എന്നുപറയാൻ എനിക്കുള്ളത് കസിൻസാണ്. അവരാണ് എന്റെ ഏറ്റവും അടുത്ത ചങ്കുകളും. ഞങ്ങൾ എല്ലാവരും കൂടി പൂക്കൾ പറിക്കാൻ തുടങ്ങും. പൂക്കൾ പറിക്കുന്നതിനിടയിൽ ചില വിരുതന്മാർ തുമ്പിയെ പിടിക്കാനും പൂമ്പാറ്റയ്ക്ക് പുറകെയുമൊക്കെയാകും. ഞങ്ങൾ പെൺകുട്ടികളാണ് പൂക്കൾ അധികവും പറിക്കാറ്. വീരന്മാരായ ചേട്ടന്മാർ ഞങ്ങൾക്ക് ബോഡിഗാർഡായി കൂടെ ഉണ്ടാകും.

പൂവിളികളും ഒപ്പം ഓടിക്കളിച്ച് കൂടുതൽ പൂവ് ആര് ശേഖരിക്കുമെന്ന ഒന്നിനുമല്ലാത്ത മത്സരങ്ങൾ നടന്ന കുഞ്ഞുനാളുകൾ എത്ര മനോഹരമായിരുന്നു. ചെരിപ്പിടാതെ പൂക്കൾ പറിക്കാൻ പറമ്പിലേക്കിറങ്ങുമ്പോൾ അമ്മയുടെ ശകാരം കേൾക്കുന്നതുമെല്ലാം ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു.
രാവിലെ പൂത്തറയിൽ പൂക്കൾ ഇടുമ്പോൾ എപ്പോഴും ഞാനും അനിയനും തമ്മിൽ തർക്കമായിരിക്കും. ഞാനിടുന്നത് അവനും അവൻ ഇടുന്നത് എനിക്കും പിടിക്കില്ല. അമ്മയെപ്പേടിച്ച് ഞാൻ എപ്പോഴും അവനുവേണ്ടി തൊറ്റുകൊടുക്കും. ആ തോൽവിക്ക് ഒരു സുഖമുണ്ടായിരുന്നു. അപ്പോൾ അവന്റെ മുഖത്തെ ഒരു സന്തോഷം കാണണം. അത് കാണാൻ എന്തൊരു രസാ... അണയാൻ പോകുന്ന നിലവിളക്കിന്റെ തിരി അൽപ്പം ഉയർത്തിക്കൊണ്ട് ചിത്ര പറഞ്ഞു.
ഒന്ന് മുതൽ ഏഴുവരെ ഇവിടെ അടുത്തുതന്നെയുള്ള സ്‌ക്കൂളിലാണ് ഞാൻ പഠിച്ചത്. ചെറിയ ക്ലാസിലൊക്കെ പഠിക്കുമ്പോൾ ഓണം എന്നുകേൾക്കുമ്പോൾ തന്നെ പത്ത് ദിവസത്തെ അവധിയും ഓണക്കോടിയുമാണ് ആദ്യം ഓർമ്മയിലെത്തുക. പത്ത് ദിവസത്തെ ഓണം അവധി കഴിഞ്ഞ് സ്‌ക്കൂളിലേക്ക് നേരത്തെ പോകാൻ തലേദിവസം തന്നെ അമ്മയെ സോപ്പിടാൻ തുടങ്ങും. ഓണത്തിനെടുത്ത ഓണക്കോടിയുമണിഞ്ഞ് കൂട്ടുകാരോടൊത്ത് ഓണവിശേഷവും കുടുംബവീടുകളിൽ പോയി താമസിച്ചതും മാമൻമാരോടും എളേപ്പൻമാരോടുമൊപ്പം സിനിമ ഹാളിൽ പോയി കണ്ട സിനിമയുടെ കഥയുമൊക്കെ പരസ്പരം പറയലായിരുന്നു കുഞ്ഞുലോകത്തെ ഞങ്ങളുടെ വലിയ കാര്യം.
കുഞ്ഞുന്നാളിലേ സിനിമ കാണാനും ഡാൻസ് കളിക്കാനുമൊക്കെ എനിക്കിഷ്ടമായിരുന്നു. അന്നൊന്നും മനസ്സിൽ പോലും വിചാരിച്ചില്ല ഒരു നടിയായി മാറുമെന്ന്.

അച്ഛൻ പട്ടാളത്തിൽ ആയതുകൊണ്ടുതന്നെ കുട്ടികളായ ഞങ്ങളുടെ കാര്യങ്ങളൊക്കെ അച്ഛന്റെ അനിയന്മാരും മാമൻമാരുമൊക്കെയായിരുന്നു നോക്കിയിരുന്നത്. യൂണിഫോമിൽ നിന്നുള്ള മോചനം കൂടിയായിരുന്നു ഞങ്ങൾക്ക് അന്ന് ഓണക്കോടി. എളേപ്പൻമാരും മാമൻമാരുമെല്ലാം തുണിക്കടയുടെ കവറുമായി വരുന്നുണ്ടോ എന്ന് വഴിയിലേക്ക് കണ്ണുംനട്ട് കാത്തിരുന്ന സുഖം വിരൽത്തുമ്പിൽ ഓർഡർ ചെയ്ത് കാത്തിരിക്കുന്ന ഇന്നത്തെ കാലത്ത് കിട്ടില്ല.  അത് അനുഭവിച്ചവർക്കേ അറിയൂ. ഓണാവധിക്ക് സ്‌ക്കൂൾ അടയ്ക്കുന്നതിന്റെ തലേദിവസം ഓണപ്പരിപാടികൾ നടത്തും. ഇന്നത്തെപ്പോലെ അത്ര വിപുലമായിരുന്നില്ല. തിരുവാതിര, മിഠായി പെറുക്കൽ, കസേരകളി അങ്ങനെ ചില മത്സരങ്ങളൊക്കെ നടത്തും. എല്ലാവർക്കും ചെറിയ ചെറിയ സമ്മാനങ്ങളൊക്കെ കിട്ടും.
അച്ഛൻ ലീവിന് നാട്ടിൽ വരുമ്പോഴാണ് ശരിക്കും ഞങ്ങൾ ഓണം ആഘോഷിക്കാറ്. ചെറുവത്തൂർ കുട്ടമത്താണ് അച്ഛന്റെ തറവാട്. ഞങ്ങൾ എല്ലാവരും അവിടെയാണ് ഓണം ആഘോഷിക്കാറ്. കസിൻസുമെല്ലാം ചേർന്ന് ശരിക്കും അടിച്ചുപൊളിക്കും. അച്ഛൻ 'മിലിട്ടറി' ഒന്നും കൊണ്ടുവന്നില്ലേ എന്ന് അമ്മയോട് രഹസ്യമായി മാമൻമാർ ചോദിക്കുന്നത് കേട്ടിട്ടുണ്ട്. അമ്മ അവരെ വഴക്കുപറഞ്ഞ് ഓടിക്കുന്നതും കണ്ടിട്ടുണ്ട്. ഇപ്പോഴല്ലേ അതിന്റെ ഒക്കെ ഗുട്ടൻസ് പിടികിട്ടിയത്. അടപ്രഥമനുമായി വന്ന അമ്മയെ ഒളികണ്ണിട്ടുനോക്കി ചിത്ര പറഞ്ഞു.
മോനേ.. അദ്വൈതേ.. എല്ലാവർക്കും പായസം എടുത്തുകൊടുത്തേ... അമ്മമ്മയുടെ കയ്യിൽ നിന്നും അദ്വൈത് എല്ലാവർക്കും പായസം എടുത്ത് കൊടുത്തു. ആതിരേ നീ കുറച്ച് കുടിച്ചാൽ മതിയേ.... നിനക്ക് അല്ലേലും പണ്ടേ ഇച്ചിരി മധുരത്തിന്റെ അസുഖം കൂടുതലാ... ദേ... ഒന്ന് പോയെ എന്നുപറഞ്ഞ് ആതിര ചിത്രയെ അടിക്കാൻ കൈ ഉയർത്തി.
മലബാറിൽ ചില വീടുകളിൽ ഓണസദ്യയിൽ നോൺവെജ് വിളമ്പാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ഞങ്ങളുടെ വീട്ടിൽ ഓണസദ്യയിൽ നോൺ വിളമ്പാറില്ല. എനിക്ക് അന്നും ഇന്നും പായസത്തോടും മധുരപലഹാരങ്ങളോടുമാണ് ഇഷ്ടം. ചോറ് അത്ര ഇഷ്ടമല്ല. പുളിശ്ശേരിയും അവിയലും കൂടുതൽ കഴിക്കും. ഇപ്പോൾ മനസ്സിലായില്ലേ ആർക്കാണ് മധുരത്തിന്റെ അസുഖമെന്ന്. ആതിര തിരിച്ചടിച്ചു. അവിടെമാകെ ചിരി പടർന്നു.
അയ്യോ ഞാനെന്റെ കുടുംബത്തെ പരിചയപ്പെടുത്താൻ മറന്നു. അച്ഛൻ കൃഷ്ണൻ എക്‌സ് മിലിട്ടറിയാണ്. അമ്മ അനിത, അമ്മമ്മ ലക്ഷ്മി, അനിയൻ അരുൺ ബംഗളൂരുവിലെ ഫെഡറൽ ബാങ്കിൽ ജോലി ചെയ്യുന്നു. അനിയന്റെ ഭാര്യ ഗോപിക, മകൾ ഇഹ. എന്റെ ഭർത്താവ് ലൈനീഷ്, ആർമി ഏവിയേഷൻ ഡിപ്പാർട്ടുമെന്റിൽ വർക്ക് ചെയ്യുന്നു. ജമ്മുവിൽ. മകൻ അദ്വൈത്, ലൈനീഷ് ഏട്ടന്റെ അച്ഛൻ കൃഷ്ണൻ, അമ്മ ലളിത, അമ്മമ്മ തമ്പായി, സഹോദരി ലൈജ, ഭർത്താവ് ജയൻ, മക്കൾ അഭിജിത്ത്, വിശ്വജിത്. ഏട്ടാ.. ആരുടെ പേരും ഞാൻ വിട്ടുപോയിട്ടില്ലല്ലോ.. ഏയ് ഇല്ല. ചിരിച്ചുകൊണ്ട് താടിതടവി ലൈനീഷ് ചിത്രയെ ചേർത്തുപിടിച്ചു.


 

തുടക്കം തത്ത്വമസിയിൽ നിന്ന്
ചന്ദ്രൻ കാരളിയുടെ നേതൃത്വത്തിലുള്ള കാഞ്ഞങ്ങാട് കലാകാരൻമാരുടെ കൂട്ടായ്മയായ തത്ത്വമസി വാട്‌സ് ആപ്പ് ഗ്രൂപ്പിൽ എന്നെ അംഗമാക്കുകയും ചീമേനി മുണ്ട്യാ വിഷ്ണുമൂർത്തി ക്ഷേത്രത്തെക്കുറിച്ച് പുറത്തിറക്കിയ തത്ത്വമസിയുടെ ആൽബത്തിനുവേണ്ടിയാണ് ആദ്യമായി ഞാൻ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. എല്ലാം ദൈവാനുഗ്രഹം എന്നല്ലാതെ എന്തുപറയാൻ.
പിന്നീട് ഓഡിഷൻ വഴിയാണ് ആറാട്ടിലും തുടർന്ന് ഓട്ടംതുള്ളൽവരെ എത്തിയത്. തുടക്കത്തിൽ തന്നെ ലാലേട്ടന്റെ സിനിമയിൽ ഒന്ന് മിന്നിമറയാനെങ്കിലും ഭാഗ്യം സാധിച്ചല്ലോ. അതാണ് ഒരു തുടക്കക്കാരി എന്ന നിലയിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം.
എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ ഞാൻ പഠിച്ചത് ചിറ്റാരിക്കൽ തോമാപുരം ഹയർ സെക്കൻഡറി സ്‌കൂളിലാണ്. ഡിഗ്രിക്ക് ഗവൺമെന്റ് കോളേജിലും ടി.ടി.സിക്കും ഒരേസമയം കിട്ടി. വീട്ടുകാരുടേയും ബന്ധുക്കളുടേയും നിർബന്ധത്തിന് വഴങ്ങി ടി.ടി.സിക്ക് ചേർന്നു. അതിനുശേഷം ബി.സി.എയും കഴിഞ്ഞു. കൂട്ടുകാരിയായ ലിജിയേയും നിമ്മിയേയും ശ്രീജ ടീച്ചറേയുമൊന്നും ഇന്നും എനിക്ക് മറക്കാൻ പറ്റില്ല. പഠനകാലത്തെ കൂട്ടുകാരുടെ മുഖമെല്ലാം മനസ്സിൽ തെളിഞ്ഞുവരുന്നു. അന്നും ഡാൻസ് കളിക്കാൻ ഇഷ്ടമായിരുന്നു. വിവാഹശേഷം ഡാൻസ് വീണ്ടും പഠിക്കാൻ തുടങ്ങി. റെജിമാർട്ടിൻ സാറിന്റെ കാഞ്ഞങ്ങാട്ടുള്ള നാട്യധ്വനിയിൽ ഭരതനാട്യം പഠിക്കുന്നു.
കാഞ്ഞങ്ങാട് നന്ദനം വള്ളിക്കോത്ത് ശ്രീരേഷ് മാസ്റ്ററെയും മറക്കാൻ കഴിയില്ല. കാരണം ആറാട്ട് എന്ന സിനിമ റിലീസായശേഷം ആദ്യമായി എനിക്ക് അനുമോദനം നൽകിയത് നന്ദനമാണ്. ആ വലിയ സിനിമയിലെ വളരെ ചെറിയ ഒരു ഭാഗമായതിനാൽ തന്നെ എന്നെ എന്റെ നാട്ടിലെ നന്ദനവും നാട്യധ്വനിയും അനുമോദിച്ചതും ഒരു ഓണക്കാലത്തായിരുന്നു. അങ്ങനെ ഞാനും നാട്ടിലെ ഒരു താരമായി മാറി.
ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് ചിത്രാനായർ.

ഭർത്താവും മകനും അമ്മയുമാണ് എന്റെ ഏറ്റവും നല്ല വിമർശകരും പ്രോത്സാഹനം നൽകുന്നവരുമെന്ന് ചിത്ര പറയുന്നു.
നീലേശ്വരം പള്ളിക്കര കുറുവാട്ട് തറവാട്ടിലെ ഓണാഘോഷ പരിപാടിക്കിടയിൽ ചിത്രയുടെ ഫോൺ ശബ്ദിച്ചു. ഫോൺ എടുക്കുന്നതിനിടയിൽ കട്ടായിപ്പോയി. അപ്പോഴാണ് രഞ്ജിത പറഞ്ഞത് സ്‌നേഹ വിളിച്ചിരുന്നു. അവൾക്ക് ഈ ആഘോഷത്തിൽ പങ്കെടുക്കാൻ പറ്റാത്തതിൽ വിഷമമുണ്ടെന്ന് അറിയിച്ചു. ചിത്രാനായരുടെ ഫോൺ വീണ്ടും ശബ്ദിച്ചു. ആതിരാ... ഗംഗയാണ് ഗൾഫിൽ നിന്ന്, നീ അവൾക്ക് മെസേജ് ഇട്ടിരുന്നു അല്ലേ.. നെറ്റ് കോളായതുകൊണ്ട് വീണ്ടും കട്ടായിപ്പോയല്ലോ.. ഏതായാലും അവൾക്കൊരു മെസേജ് ഇടാം. ചിത്ര ടൈപ്പ് ചെയ്തു. ഹാപ്പി ഓണം. ഇതിനിടയിൽ ലൈനീഷ് ചിത്രയെ നോക്കി ഉച്ചത്തിൽ വിളിച്ചു. ഗംഗേ.... എല്ലാവരുടേയും മനസ്സിലൂടെ മണിച്ചിത്രത്താഴ് കടന്നുപോയി. ഒരു ഞെട്ടലോടെ ചിത്രയും ചിരിച്ചു. കൂട്ടത്തിൽ 'മഹിളാരത്‌നം' വായനക്കാർക്ക് ഓണാശംസകൾ പറയാനും മറന്നില്ല.
 

 

Photo Courtesy - Photo: Sajeesh aluparambil @ sajeesh-blackstone Make up: Deepa raj, Evamakeover studio, kannur. Prajis make over studio, payyanur Costume: Sanvi Boutiques, Payyanur. Lachus Hand painted clothings, Kannur.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.