
മലപ്പുറം: ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലീം ലീഗിൽ ചേർന്നു. പാണക്കാടെത്തിയാണ് പ്രശസ്‌ത സോപാന സംഗീതജ്ഞൻ മുസ്ലീം ലീഗ് അംഗത്വം സ്വീകരിച്ചത്. വിശ്വമാനവികത ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണ് പാണക്കാട് സാദിഖലി തങ്ങളെന്നായിരുന്നു ഹരിഗോവിന്ദന്റെ പ്രതികരണം. ആ വിശ്വാസമാണ് തന്നെ ലീഗിലേക്കെത്തിച്ചതെന്നും ഹരിഗോവിന്ദൻ പറഞ്ഞു. അങ്ങാടിപ്പുറം ക്ഷേത്രം കത്തിയപ്പോൾ ആദ്യം ഓടിയെത്തിയ ആളാണ് സാദിഖലി തങ്ങളെന്നും ഹരിഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഇനിമുതൽ യുഡിഎഫിന്റെ പ്രചാരണവേദികളിൽ സജീവമാകുമെന്നും ഞെരളത്ത് ഹരിഗോവിന്ദൻ വ്യക്തമാക്കി.
മുസ്ലീം ലീഗിൽ അംഗത്വമെടുക്കുന്നത് നേരത്തെ തീരുമാനിച്ച കാര്യമായിരുന്നു എന്നാണ് ഞെരളത്ത് ഹരിഗോവിന്ദൻ വ്യക്തമാക്കുന്നത്. എന്നാൽ, നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി കഴിഞ്ഞേ അംഗത്വമെടുക്കുള്ളുവെന്ന് താൻ തങ്ങളോട് പറഞ്ഞിരുന്നതായും ഹരിഗോവിന്ദൻ പറയുന്നു. ലീഗിൽ ചേരുന്നത് സ്ഥാനാർത്ഥിത്വത്തിനായാണെന്ന് വ്യാഖ്യാനിക്കപ്പെടുമെന്ന് കരുതിയാണ് ഇങ്ങനെ തീരുമാനിച്ചതെന്നാണ് വിശദീകരണം. ഇടതുപക്ഷവും സംഘപരിവാറും ഒരേ തൂവൽ പക്ഷികളായെന്നും പ്രവൃത്തിയിൽ മതേതരത്വവും മനുഷ്യത്വവും സൂക്ഷിക്കുന്നവരായത്‌കൊണ്ടാണ് ലീഗിൽ ചേർന്നതെന്നും ഹരിഗോവിന്ദൻ പ്രതികരിച്ചു.
'സാമുദായിക ധ്രുവീകരണത്തിന് പ്രതിരോധം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ച സംവിധാനമായിരുന്നു ഇടതുപക്ഷം. അവർക്കൊപ്പം നിരവധി വേദികൾ പങ്കിട്ടിട്ടുണ്ട്. പക്ഷേ അവരും സംഘപരിവാറും ഒരേ തൂവൽപക്ഷികളാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. വെള്ളാപ്പള്ളി നടശന്റെയടക്കമുള്ള പ്രസ്താവനയ്ക്ക് ഇടതുപക്ഷം പിന്തുണ നൽകി. ഒരു കലാകാരൻ എന്ന നിലയ്ക്ക് എന്നെ ഭയപ്പെടുത്തുന്ന സമീപനമാണ് ഇടതുപക്ഷത്തിൽനിന്നുണ്ടാകുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നുണ്ടെങ്കിൽ അത് മുസ്‌ലിം ലീഗിലായിരിക്കുമെന്ന് വർഷങ്ങൾക്കു മുമ്പേ ഞാൻ പറഞ്ഞതാണ്. വാക്കിലല്ല, പ്രവൃത്തിയിൽ മതേതരത്വവും മനുഷ്യത്വവും സൂക്ഷിക്കുന്നവരായത്‌കൊണ്ടാണ് ലീഗിൽ ചേർന്നത്. വാക്കും പ്രവൃത്തിയും രണ്ടാകുന്ന കാലത്ത് ലീഗിന്റെ നിലപാടുകൾക്ക് വലിയ പ്രധാന്യമുണ്ട്' ഹരിഗോവിന്ദൻ പറഞ്ഞു.
ആചാരങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളിൽ മാത്രം ഒതുങ്ങിനിന്ന സോപാന സംഗീതത്തെ ആദ്യമായി ക്ഷേത്രത്തിന് പുറത്തെത്തിച്ച് ജനകീയമാക്കിയ ഞെരളത്ത് രാമപ്പൊതുവാളിന്റെ മകനാണ് ഹരിഗോവിന്ദൻ. ഇന്ത്യയ്‌ക്കകത്തും പുറത്തുമായി നിരവധി വേദികളിൽ ഇദ്ദേഹം സോപാനസംഗീതം അവതരിപ്പിച്ചട്ടുണ്ട്.










