
ബ്രിസ്ബെൻ: ബ്രിസ്‌ബെനിലെ രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും വേൾഡ് മലയാളി കൗൺസിൽ ബ്രിസ്‌ബെൻ ചാപ്റ്റർ ചെയർമാനുമായ ഷാജി തേക്കനത്തിന്റെ ഭാര്യ സോണിയ ഷാജി(47) നിര്യാതയായി.
മഞ്ഞപ്ര സ്വദേശിനിയും കോളാട്ടുകുടി കുടുംബാംഗവുമാണ് സോണിയ. മഞ്ഞപ്ര വടക്കുംഭാഗത്ത്, ഫെഡറൽ ബാങ്ക് മുൻ ഉദ്യോഗസ്ഥനായ ചെറിയാൻ്റെ മകളും, പ്രശസ്ത നാടകകൃത്തും കലാകാരനുമായ
സുനിൽ കൊളട്ടുകുടി ചെറിയൻ,സ്മിത, സ്മാർട്ടിൻ എന്നിവരുടെ സഹോദരിയുമാണ്.
ക്വീന്‍സ്ലാന്‍ഡിലെ ആരോഗ്യ വകുപ്പിലെ സീനിയർ ഐ.റ്റി. ഉദ്യോഗസ്ഥയായിരുന്ന സോണിയ ഏറെ നാളുകളായി അര്‍ബുദ ബാധിതയായിരുന്നു.
ശരീരത്തെ കാര്‍ന്നു തിന്നുന്ന അര്‍ബുദത്തിന്റെ വേദനകളില്‍ പിടയുമ്പോഴും ഈശ്വരവിശ്വാസം നല്‍കിയ തികഞ്ഞ ആത്മവിശ്വാസവും മനസിന്റെ കരുത്തുമായിരുന്നു ഇതേ വരെ സോണിയെ മുന്നോട്ട് നയിച്ചത്.
കാരുണ്യപൂര്‍വ്വം ഈശ്വരന്‍ തന്റെ നേര്‍ക്കു നീട്ടിയ കൈവിരലായി അര്‍ബുദത്തെ കാണുന്ന സോണിയ നിസ്വാര്‍ത്ഥവും അക്ഷീണവുമായ സേവനത്തിലൂടെ കുടുംബ- ആത്മീയ ജീവിതത്തിലും പ്രകാശം പരത്തിയിരുന്നു.
ജനിമൃതികള്‍ക്കിടയിലെ ദൂരമളന്ന് , വിരാമചിഹ്നം കുറിക്കുന്ന ദൈവത്തിന്റെ സമ്മാനമാണ്, കാലത്തിന്റെ ഹ്രസ്വ ദീര്‍ഘങ്ങള്‍ അറിയാതെയുള്ള ഈ ജന്മം എന്നു വിശ്വസിച്ചിരുന്ന, മക്കള്‍ക്കും ഭർത്താവിനും ബന്ധുമിത്രാദികള്‍ക്കും താന്‍ ഇടപെട്ട ആത്മീയ സാമൂഹിക പ്രവര്‍ത്തന രംഗത്തുള്ളവർക്കും ബുദ്ധിമുട്ടൊന്നും ഉണ്ടാക്കാതെ,
വിവേകപൂര്‍വ്വം തന്റെ പ്രവര്‍ത്തികളെ നിയന്ത്രിച്ച് സമ്പൂര്‍ണ്ണ ദൈവസ്‌നേഹം മാത്രം ലക്ഷ്യം വച്ച് ജീവിച്ച അസാധാരണ വ്യക്തിവിലാസമുള്ള സോണിയ ബന്ധുമിത്രാദികളുടെ മനസ്സിൽ അസ്ത്രാഘാതമേല്പ്പിച്ചു കൊണ്ട് മരണമില്ലാത്ത ലോകത്തേക്ക് യാത്രയായി !
വിദ്യാർത്ഥിനികളായ എലന തെക്കനത്ത്, എഡ്വിന തെക്കനത്ത്, എൽവിന തെക്കനത്ത് എന്നിവർ മക്കളാണ്.
ശവസംസ്കാരം ഫെബ്രുവരി 14 ശനിയാഴ്ച മൗണ്ട് ഗ്രാവാറ്റ് സെമിത്തേരിയിൽ,
പൊതുദർശനം അന്നേ ദിവസം രാവിലെ 7 മുതൽ 9 മണി വരെ ബ്രിസ്‌ബെൻ ഹിൽക്രസ്റ്റിലുള്ള സെയ്ന്റ് തോമസ് സീറോ മലബാർ ഫോറോന ദേവാലയത്തിൽ. തുടർന്ന് സംസ്കാര ശുശ്രൂഷ.










