01:26am 30 April 2026
NEWS
വോട്ട് ചോരി ബൂമറാങ് ആകുന്നോ? സോണിയ ​ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും മുന്നേ ഇന്ത്യയിൽ വോട്ടവകാശം
13/08/2025  03:05 PM IST
nila
വോട്ട് ചോരി ബൂമറാങ് ആകുന്നോ? സോണിയ ​ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും മുന്നേ ഇന്ത്യയിൽ വോട്ടവകാശം

വോട്ട് ക്രമക്കേട് സംബന്ധിച്ച് രാഹുൽ ​ഗാന്ധിക്കും അമ്മ സോണിയാ ​ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനമുയർത്തി ബിജെപി രം​ഗത്ത്. രാജ്യത്തെ തെരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച് കോൺ​ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ​ഗാന്ധി കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിക്കുന്നതിനിടെയാണ് അതേ നാണയത്തിൽ ബിജെപിയും തിരിച്ചടിക്കുന്നത്. രാഹുൽ ​ഗാന്ധിയുടെ അമ്മയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ സോണിയ ​ഗാന്ധി ഇന്ത്യൻ പൗരത്വം ലഭിക്കും മുമ്പ് തന്നെ വോട്ടർപട്ടികയിൽ ഇടംപിടിച്ചു എന്നാണ് ബിജെപി ഉയർത്തുന്ന ആരോപണം. 

ബിജെപി ഐടി സെൽ അധ്യക്ഷൻ അമിത് മാളവ്യയാണ് ഇതുസംബന്ധിച്ച ആരോപണം ഉയർത്തുന്നത്. 1980-ൽ ന്യൂഡൽഹി ലോക്‌സഭാ മണ്ഡലത്തിലെ ഇലക്ടറൽ റോൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചാണ് അമിത് മാളവ്യ കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. ഇതിൽ സോണിയാ ​ഗാന്ധിയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, 1983 ഏപ്രിൽ 30-നാണ് സോണിയ ​ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചതെന്നും അമിത് മാളവ്യ ചൂണ്ടിക്കാട്ടുന്നു. ഇത് നഗ്നമായ നിയമലംഘനമായിരുന്നെന്നും അമിത് മാളവ്യ പറഞ്ഞു. 

തിരഞ്ഞെടുപ്പു നിയമങ്ങളുടെ പ്രത്യക്ഷമായ ലംഘനത്തിലൂടെയാണ് സോണിയാ ഗാന്ധി ഇന്ത്യയിലെ വോട്ടേഴ്‌സ് ലിസ്റ്റിൽ ഇടംപിടിച്ചതെന്നും യോഗ്യതയില്ലാത്തവരും അനർഹരുമായ വ്യക്തികളെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനും എസ്‌ഐആറിനെ എതിർക്കാനുമുള്ള രാഹുലിന്റെ താൽപര്യത്തിന് പിന്നിലെ കാരണം ഇതാകാമെന്നും അമിത് മാളവ്യ കുറിപ്പിൽ ആരോപിക്കുന്നു.

സോണിയാ ഗാന്ധിയുടെ പേര് ആദ്യമായി വോട്ടേഴ്‌സ് ലിസ്റ്റിൽ ഉൾപ്പെട്ടത് 1980-ൽ, അവർ ഇന്ത്യൻ പൗരത്വം നേടുന്നതിന് മൂന്നുകൊല്ലം മുൻപാണ്. അന്ന് അവർ ഇറ്റാലിയൻ പൗരയായിരുന്നു. ആ സമയത്ത് ഗാന്ധികുടുംബം ജീവിച്ചിരുന്നത് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഔദ്യോഗികവസതിയായ 1, സഫ്ദർജങ് റോഡിൽ ആയിരുന്നു. അന്നുവരെ ആ വിലാസത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്ന വോട്ടർമാർ ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും മനേകാ ഗാന്ധിയുമായിരുന്നു. 1980-ൽ ന്യൂഡൽഹി ലോക്‌സഭാ മണ്ഡലത്തിലെ ഇലക്ടറൽ റോൾ പുനഃപരിശോധനയ്ക്ക് വിധേയമാക്കി. 1980 ജനുവരി ഒന്നാം തീയതിയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഇത്. ഈ പുനഃപരിശോധനാ പ്രക്രിയയ്ക്കിടെ സോണിയാ ഗാന്ധിയുടെ പേര് 145-ാം പോളിങ് സ്‌റ്റേഷനിലെ 388-ാം സീരിയൽ നമ്പറായി ചേർക്കപ്പെട്ടു, അമിത് മാളവ്യ ആരോപിച്ചു.

വോട്ടറായി രജിസ്റ്റർ ചെയ്യപ്പെടുന്നതിന് ഒരു വ്യക്തി ഇന്ത്യൻ പൗരനായിരിക്കണം എന്ന നിയമത്തിന്റെ വ്യക്തമായ ലംഘനമായിരുന്നു ഈ നടപടി. 1982-ൽ പ്രതിഷേധത്തിന് പിന്നാലെ അവരുടെ പേര് പട്ടികയിൽനിന്ന് നീക്കംചെയ്തു. പക്ഷേ 1983-ൽ പേര് വീണ്ടും പ്രത്യക്ഷപ്പെട്ടു. എന്നാൽ, അവരുടെ പേര് വീണ്ടും ഉൾപ്പെട്ടത് ഗൗരവകരമായ ചോദ്യങ്ങൾക്ക് വഴിവെച്ചു. ആ കൊല്ലത്തെ വോട്ടർ പട്ടികയുടെ പുതിയ പുനഃപരിശോധനയിൽ, പോളിങ് സ്റ്റേഷൻ 140-ൽ 236-ാം ക്രമനമ്പറായി സോണിയ ഗാന്ധിയെ പട്ടികയിൽ ഉൾപ്പെടുത്തി. വോട്ടർ രജിസ്‌ട്രേഷനുള്ള യോഗ്യതാതീയതി 1983 ജനുവരി ഒന്ന് ആയിരുന്നു. എന്നാൽ സോണിയയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചതാകട്ടെ 1983 ഏപ്രിൽ 30-ന് ആയിരുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ, പൗരത്വത്തിനുള്ള അടിസ്ഥാന യോഗ്യത പോലുമില്ലാതെ സോണിയാ ഗാന്ധിയുടെ പേര് രണ്ടുതവണ വോട്ടർ പട്ടികയിൽ ഇടം നേടി. ആദ്യം ഒരു ഇറ്റാലിയൻ പൗരയായി 1980-ൽ. രണ്ടാമത്, 1983-ൽ നിയമപരമായി ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മാസങ്ങൾക്ക് മുൻപും. രാജീവ് ഗാന്ധിയെ വിവാഹംചെയ്തശേഷം ഇന്ത്യൻ പൗരത്വം സ്വീകരിക്കാൻ അവർ എന്തുകൊണ്ട് പതിനഞ്ചുകൊല്ലമെടുത്തു എന്നുപോലും ഞങ്ങൾ ചോദിക്കുന്നില്ല, അമിത് മാളവ്യ കുറിപ്പിൽ പറയുന്നു. ഇത് നഗ്നമായ തിരഞ്ഞെടുപ്പ് ക്രമക്കേടല്ലെങ്കിൽ പിന്നെന്താണ് എന്ന ചോദ്യത്തോടെയാണ് അമിത് മാളവ്യയുടെ കുറിപ്പ് അവസാനിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img