
ന്യൂഡൽഹി: അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ൽ അധികാരത്തിലെത്തിയ ജനതാ പാർട്ടി സർക്കാർ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ തിഹാർ ജയിലിലടച്ചപ്പോൾ, അവർക്ക് ആശ്വാസമായി ദിവസവും ഭക്ഷണവുമായി എത്തിയിരുന്നത് മരുമകൾ സോണിയ ഗാന്ധിയായിരുന്നു. ജയിലിലെ ആ കാലത്തെ ഹൃദയസ്പർശിയായ ചില അനുഭവങ്ങളാണ് സോണിയ തന്റെ പുതിയ ആത്മകഥയായ 'ബിലോഗിങ്: എ ജേണി ഓഫ് ലവ്' എന്ന പുസ്തകത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്.
1978-ലെ ക്രിസ്മസ് ദിനത്തിലെ ഒരു സംഭവമാണ് പുസ്തകത്തിൽ പ്രത്യേകമായി പരാമർശിക്കുന്നത്. അന്ന് ഇന്ദിരാഗാന്ധിക്കായി ഭക്ഷണവുമായി തിഹാർ ജയിലിലെത്തിയ സോണിയയോട് അഞ്ചുപേർക്കുള്ള ഭക്ഷണം കൊണ്ടുവരാനായിരുന്നു ആവശ്യം. ഇന്ദിരയ്ക്ക് കാവൽ നിന്നിരുന്ന മൂന്ന് വനിതാ ഉദ്യോഗസ്ഥർക്കും ജയിലിലെ മറ്റൊരു വിദേശ വനിതാ തടവുകാരിക്കുമായിരുന്നു ഭക്ഷണം നൽകേണ്ടിയിരുന്നത്. പിന്നീട് ഈ തടവുകാരി കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭരാജിന്റെ കൂട്ടാളിയാണെന്ന് സോണിയ തിരിച്ചറിഞ്ഞു.
വിദേശിയായ യുവതിക്ക് ഹാം (പന്നിയിറച്ചി) കഴിക്കാൻ താൽപര്യമില്ലെന്ന് മനസ്സിലായതോടെ ഭക്ഷണത്തിന്റെ മെനുവിൽ അവസാന നിമിഷം മാറ്റം വരുത്തേണ്ടിവന്നു. പകരം ചിക്കൻ റോസ്റ്റാണ് തയ്യാറാക്കിയത്. ഇന്ദിരയ്ക്ക് ആ യുവതിയോട് സഹതാപം തോന്നിയതുകൊണ്ടാണ് അവർക്കും ഭക്ഷണം നൽകാൻ നിർദേശിച്ചതെന്നും സോണിയ ഓർത്തെടുക്കുന്നു.
ക്രിസ്മസ് വിരുന്നിനായി ഒരു സുഹൃത്ത് ഹാം കഷ്ണങ്ങളാക്കി മുറിച്ചതും റോസ്റ്റ് ചെയ്ത ഉരുളക്കിഴങ്ങും ചെറിയൊരു ക്രിസ്മസ് പുഡ്ഡിംഗും നൽകിയിരുന്നു. സൂപ്പും പച്ചക്കറികളും സോണിയ തന്നെയാണ് തയ്യാറാക്കിയത്. എന്നാൽ അന്ന് ജയിലിലേക്ക് ഭക്ഷണവുമായി വരേണ്ടതില്ലെന്നും രാജീവിനും കുട്ടികൾക്കുമൊപ്പം വീട്ടിൽ ക്രിസ്മസ് ആഘോഷിക്കണമെന്നും ഇന്ദിര ഒരു കുറിപ്പിലൂടെ അറിയിച്ചിരുന്നു.
എന്നാൽ അമ്മായിയമ്മയെ കാണാതിരിക്കാൻ സോണിയയ്ക്ക് കഴിഞ്ഞില്ല. ഭക്ഷണത്തിനൊപ്പം ഒരു പുസ്തകവും കുട്ടികൾ തയ്യാറാക്കിയ ക്രിസ്മസ് കാർഡുകളും എടുത്താണ് അവർ ജയിലിലേക്ക് പോയത്. ഇതോടെ കുടുംബത്തോടൊപ്പം ക്രിസ്മസ് ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. എന്നാൽ അധികം കാത്തിരിക്കേണ്ടിവന്നില്ല. തൊട്ടടുത്ത ദിവസം തന്നെ ഇന്ദിരാഗാന്ധി ജയിൽമോചിതയായി വീട്ടിലെത്തിയെന്നും സോണിയ പുസ്തകത്തിൽ കുറിക്കുന്നു.
ആരാണ് ആ വിദേശ വനിതാ തടവുകാരി?
സോണിയയുടെ ആത്മകഥയിൽ ആ തടവുകാരിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 'ഓസ്ട്രേലിയൻ പെൺകുട്ടി' എന്നാണ് അവർ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ ലഭ്യമായ ചരിത്രവിവരങ്ങൾ പരിശോധിക്കുമ്പോൾ, ചാൾസ് ശോഭരാജിന്റെ കാമുകിയായിരുന്ന കനേഡിയൻ പൗര മേരി-ആൻഡ്രെ ലെക്ലർക്ക് ആയിരിക്കാം സോണിയ പരാമർശിച്ച യുവതിയെന്നാണ് സൂചന.
1976 ജൂലൈയിൽ ഡൽഹിയിൽവെച്ചാണ് ചാൾസ് ശോഭരാജിനെയും മൂന്ന് വനിതകളെയും അറസ്റ്റ് ചെയ്തത്. കാമുകിയായ മേരി-ആൻഡ്രെ ലെക്ലർക്ക്, ബ്രിട്ടീഷ് പൗരയായ ബാർബറ സ്മിത്ത്, ഓസ്ട്രേലിയൻ നഴ്സായ മേരി എല്ലൻ ഈതർ എന്നിവരായിരുന്നു പിടിയിലായ മറ്റ് വനിതകൾ.
1978 ജൂലൈയിൽ ഫ്രഞ്ച് പൗരനായ ജീൻ-ലൂക്ക് സോളമന്റെ കൊലപാതകക്കേസിൽ ലെക്ലർക്കിനെ കോടതി വെറുതെവിട്ടിരുന്നു. എന്നാൽ മറ്റൊരു കൊലപാതകക്കേസിന്റെ വിചാരണ നേരിടേണ്ടിയിരുന്നതിനാൽ അവർ ജയിലിൽ തുടർന്നു. ക്യാൻസർ ബാധിച്ചതിനെത്തുടർന്ന് 1983 ജൂലൈയിൽ ചികിത്സയ്ക്കായി കാനഡയിലേക്ക് മടങ്ങാൻ അനുമതി ലഭിച്ച ലെക്ലർക്ക് 1984-ൽ അന്തരിച്ചു.
ചാൾസ് ശോഭരാജിനൊപ്പം കഴിഞ്ഞിരുന്ന കാലത്ത്, ഇയാൾ കൊലപ്പെടുത്തിയ ഓസ്ട്രേലിയൻ പൗരന്മാരുടേതുൾപ്പെടെയുള്ള പാസ്‌പോർട്ടുകൾ ഉപയോഗിച്ച് ലെക്ലർക്ക് യാത്ര ചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ട്. സോണിയ അവരെ ഓസ്ട്രേലിയക്കാരിയായി വിശേഷിപ്പിച്ചതിന് പിന്നിൽ ഈ പാസ്‌പോർട്ട് കൈമാറ്റങ്ങളുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാകാമെന്നാണ് വിലയിരുത്തൽ.
അതേസമയം, സോണിയയുടെ ആത്മകഥയിൽ പരാമർശിക്കുന്ന വിദേശ വനിത മേരി-ആൻഡ്രെ ലെക്ലർക്ക് തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങൾ പുസ്തകത്തിൽ നൽകിയിട്ടില്ല.










