12:09pm 09 November 2026
NEWS
കേരളത്തിലെ കോൺ​ഗ്രസിനെ ഉടച്ചുവാർക്കാൻ സോണിയയുടെ ഇടപെടൽ
06/05/2025  03:48 PM IST
nila
കേരളത്തിലെ കോൺ​ഗ്രസിനെ ഉടച്ചുവാർക്കാൻ സോണിയയുടെ ഇടപെടൽ

പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ കോൺ​ഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സോണിയ ​ഗാന്ധിയുടെ നിർണായക ഇടപെടൽ. കെപിസിസി പ്രസിഡന്റിനെ മാത്രമായി മാറ്റാതെ കേരളത്തിലെ കോൺ​ഗ്രസ് പാർട്ടിയിൽ സമ്പൂർണ അഴിച്ചുപണിക്കാണ് സോണിയ ​ഗാന്ധിയുടെ നിർദ്ദേശം. മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ കെ ആന്റണിയുടെ നിർദ്ദേശത്തെ തുടർന്നാണ് വിഷയത്തിൽ സോണിയ ​ഗാന്ധി ഇടപെടുന്നത് എന്നാണ് സൂചന.

ഇന്നലെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എകെ ആന്റണിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തനിക്കെതിരെ പാർട്ടിയിൽ ഒരു വിഭാ​ഗം പ്രവർത്തിക്കുന്നുണ്ട് എന്നായിരുന്നു സുധാകരന്റെ ആരോപണം. പാർട്ടി ആവശ്യപ്പെട്ടാൽ സ്ഥാനമൊഴിയാൻ തയ്യാറാണെന്നും അപമാനിക്കുന്നത് കോൺ​ഗ്രസ് നേതാക്കൾ അവസാനിപ്പിക്കണമെന്നും കെ സുധാകരൻ പറഞ്ഞു. നിലവിൽ നടക്കുന്ന ചർച്ചകളിലും കൂടിയാലോചനകളിലും കടുത്ത അതൃപ്തി പ്രകടിപ്പിച്ചാണ് കെ സുധാകരൻ മടങ്ങിയത്. ഇതിന് ശേഷമാണ് എ കെ ആന്റണി സോണിയ ​ഗാന്ധിയുമായി വിഷയം ചർച്ച ചെയ്തതും സോണിയ ​ഗാന്ധി പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചതും. 

ഇന്നലെ രാത്രിയാണ് സോണിയയും ആന്റണിയും തമ്മിൽ ഫോണിൽ സംസാരിച്ചത്. സമ്പൂർണ പുനഃസംഘടന വേണമെന്നാണ് ആന്റണിയുടെ നിലപാട്. ഡിസിസികളിൽ ഉൾപ്പെടെ അഴിച്ചുപണി വേണം. പ്രവർത്തനക്ഷമതയുള്ള കെപിസിസി ഭാരവാഹികളെ നിയമിക്കണമെന്നും സോണിയയെ ആന്റണി അറിയിച്ചു. ഖർഗെയുമായും രാഹുലുമായും സംസാരിക്കാമെന്നും തുടർനടപടികൾ സ്വീകരിക്കാമെന്നും സോണിയ മറുപടി പറഞ്ഞു. ഉചിതമായ തീരുമാനം എത്രയും വേഗം എടുക്കണമെന്ന് സോണിയയോട് ആന്റണി ആവശ്യപ്പെട്ടുവെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. വിവാദങ്ങളിലേക്കു കാര്യങ്ങൾ വലിച്ചിഴയ്ക്കരുതെന്നും തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇതു പാർട്ടിക്കു ദോഷം ചെയ്യുമെന്നും സോണിയ ഗാന്ധിയോട് ആന്റണി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img