
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും തുറന്നുപറഞ്ഞ് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. മോദിയുമായി ഔദ്യോഗിക പരിപാടികളിൽ കണ്ടുമുട്ടാറുണ്ടെങ്കിലും വ്യക്തിപരമായി വലിയ അടുപ്പമോ ആശയവിനിമയമോ ഉണ്ടായിട്ടില്ലെന്ന് സോണിയ വ്യക്തമാക്കി. തന്റെ പുതിയ പുസ്തകമായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലൗ’യിലാണ് മോദിയെക്കുറിച്ചുള്ള പരാമർശങ്ങൾ.
പാർലമെന്റ് സമ്മേളനങ്ങളുടെ അവസാനത്തിൽ സ്പീക്കറുടെ ചേംബറിൽ നടക്കുന്ന അനൗദ്യോഗിക കൂടിച്ചേരലുകളിലാണ് മോദിയുമായി സാധാരണയായി കണ്ടുമുട്ടാറുള്ളതെന്ന് സോണിയ പുസ്തകത്തിൽ പറയുന്നു. അത്തരം അവസരങ്ങളിൽ പരസ്പരം ഔപചാരികമായ അഭിവാദ്യങ്ങൾ കൈമാറുന്നതല്ലാതെ കാര്യമായ സംഭാഷണങ്ങൾ ഉണ്ടാകാറില്ല. മുൻകാലങ്ങളിൽ രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം നേതാക്കൾ തമ്മിൽ സൗഹൃദപരമായ ഇടപെടലുകൾ ഉണ്ടായിരുന്നുവെന്നും ഇപ്പോഴത്തെ സാഹചര്യം അതിൽനിന്ന് ഏറെ വ്യത്യസ്തമാണെന്നും അവർ ചൂണ്ടിക്കാട്ടി.
എന്നാൽ, ഔദ്യോഗികമായ ജന്മദിന, പുതുവത്സര ആശംസകൾ ഇരുവരും കൈമാറാറുണ്ടായിരുന്നു. ആശുപത്രിവാസത്തിനുശേഷം തിരിച്ചെത്തിയപ്പോൾ ആരോഗ്യവിവരങ്ങൾ മോദി അന്വേഷിച്ച ഒരു സന്ദർഭവും സോണിയ ഓർമിക്കുന്നുണ്ട്. അന്ന് സുഖമായിരിക്കുന്നുവെന്ന് മറുപടി നൽകിയതായും പുസ്തകത്തിൽ വിവരിക്കുന്നു.
ഇന്ത്യയെക്കുറിച്ചുള്ള മോദിയുടെയും തന്റെയും കാഴ്ചപ്പാടുകൾ തികച്ചും വ്യത്യസ്തമാണെന്നാണ് സോണിയയുടെ പ്രധാന വിമർശനം. മോദിയുടെ ഇന്ത്യാ സങ്കൽപം ആർഎസ്എസ് പ്രത്യയശാസ്ത്രത്തിൽനിന്ന് രൂപപ്പെട്ടതാണെന്നും മതവിശ്വാസത്തിനും സംസ്കാരത്തിനും മറ്റെല്ലാറ്റിനും മുകളിൽ സ്ഥാനം നൽകുന്ന സമീപനമാണ് അതെന്നും അവർ ആരോപിക്കുന്നു. അതേസമയം, സ്വാതന്ത്ര്യം, സമത്വം, മതേതരത്വം, സാമൂഹിക നീതി, എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനം എന്നിവയിൽ അധിഷ്ഠിതമായ ഇന്ത്യയെയാണ് താൻ വിഭാവനം ചെയ്യുന്നതെന്നും സോണിയ വ്യക്തമാക്കി.
അധികാരശ്രേണികൾക്കും കർശന നിയന്ത്രണങ്ങൾക്കും മേൽക്കോയ്മയ്ക്കും പ്രാധാന്യം നൽകുന്ന രാജ്യസങ്കൽപമാണ് മോദിയുടേതെന്നും സോണിയ വിമർശിച്ചു. മോദി തന്റെ കാഴ്ചപ്പാടിനുവേണ്ടി പോരാടുമ്പോൾ താൻ നിലകൊണ്ടത് മതേതരത്വത്തിലും സാമൂഹിക നീതിയിലും വിശ്വസിക്കുന്ന, എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യയ്ക്കുവേണ്ടിയാണെന്നും അവർ പറഞ്ഞു. ഈ രാഷ്ട്രീയ പോരാട്ടം ഒരിക്കലും വ്യക്തിപരമായിരുന്നില്ലെന്നും സോണിയ കൂട്ടിച്ചേർത്തു.
പാർലമെന്റിലെ പ്രസംഗങ്ങളിലും പ്രധാനമന്ത്രി പൊതുറാലികളിലെ അതേ പരുക്കൻ ഭാഷയാണ് ഉപയോഗിക്കുന്നതെന്ന് സോണിയ കുറ്റപ്പെടുത്തി. പലപ്പോഴും പ്രതിപക്ഷത്തെ വിമർശിക്കുന്ന വാക്പ്രയോഗങ്ങളിലേക്ക് പ്രസംഗങ്ങൾ ചുരുങ്ങുകയാണ്. ഇന്ത്യയെ ജനാധിപത്യപരവും മതേതരവുമായ പാതയിലൂടെ നയിച്ചതിന്റെ പേരിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനോട് ബിജെപി ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്നതായും അവർ ആരോപിച്ചു.
കോൺഗ്രസ് മുക്ത ഭാരതമാണ് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമെന്നും സോണിയ പുസ്തകത്തിൽ വിമർശിക്കുന്നു. മോദിയുമായുള്ള തന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വിയോജിപ്പുകൾ വ്യക്തമാക്കുന്നതാണ് പുസ്തകത്തിലെ ഈ പരാമർശങ്ങൾ.










