
മറാത്തി ബിഗ് ബോസ് ഷോക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി സൊനാലി റൗട്ട് രംഗത്ത്. ഷോയിൽ പങ്കെടുത്ത അനുഭവം ‘ഗ്ലാമറിന് പിന്നിലെ ദുരവസ്ഥ’യാണെന്ന് അവർ ആരോപിക്കുന്നു. മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്ന് താരം ബിഗ് ബോസ് നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
ബിഗ് ബോസ് ഹൗസിലെ വൃത്തിഹീനമായ സാഹചര്യങ്ങൾ കാരണം തനിക്ക് സ്കേബീസ് പോലുള്ള ചർമ്മരോഗം ബാധിച്ചതായി സൊനാലി വെളിപ്പെടുത്തി. കൈകൾ, കാലുകൾ, പുറം തുടങ്ങി ശരീരത്തിന്റെ പല ഭാഗങ്ങളിലും പാടുകൾ വന്നതിന്റെ ദൃശ്യങ്ങൾ അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇതോടൊപ്പം ഹൗസിലെ ദുരവസ്ഥയും വിശദീകരിച്ചു.
അടുക്കളയിൽ എലികളുടെ സാന്നിധ്യം വ്യാപകമാണെന്നും അവ ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുന്നുവെന്നും സൊനാലി ആരോപിക്കുന്നു. ഭക്ഷണത്തിൽ പാറ്റകൾ കണ്ടെത്തിയ സംഭവങ്ങളും ഉണ്ടായതായി അവർ പറയുന്നു. 17 മത്സരാർഥികൾക്ക് ഒരേയൊരു ശുചിമുറി മാത്രമാണുള്ളതെന്നും അതിൽ തന്നെ പുകവലി, ഭക്ഷണം തുടങ്ങിയവ നടക്കുന്നതായും അവർ ചൂണ്ടിക്കാട്ടി. ശുചിത്വ സൗകര്യങ്ങളുടെ അഭാവം കാരണം മറ്റുള്ളവരുടെ നാപ്കിനുകളും ടവലുകളും ഉപയോഗിക്കേണ്ടിവന്നുവെന്നും ആരോപണം ഉയർന്നു.
“പുറമെ കാണുന്ന ആഡംബരത്തിനപ്പുറം ചൂഷണമാണ് യാഥാർഥ്യം. വിശ്വാസത്തോടെ ഷോയിൽ ചേർന്നെങ്കിലും, അവിടെ നിന്ന് രോഗബാധയോടെ മടങ്ങേണ്ടി വന്നു,” എന്നായിരുന്നു അവർ പങ്കുവെച്ച പ്രതികരണം. മതിയായ ഭക്ഷണവും ഉറക്കവും ലഭിച്ചില്ലെന്നും സൊനാലി പറയുന്നു. ഉപയോഗിച്ചിരുന്ന മൈക്രോവേവ്, ഡ്രയർ തുടങ്ങിയ ഉപകരണങ്ങൾ പഴകിയതും വൃത്തിയില്ലാത്തതുമായിരുന്നു. കൂടാതെ, നിർമാതാക്കളുമായി ഒപ്പുവെച്ച കരാർ മറ്റൊരു മത്സരാർഥിയുമായി പങ്കുവെച്ചതും വിശ്വാസവഞ്ചനയാണെന്ന് അവർ ആരോപിച്ചു.
ഇതാദ്യമായല്ല ഷോയിലെ പ്രശ്നങ്ങളെക്കുറിച്ച് സൊനാലി തുറന്ന് പറയുന്നത്. മുമ്പും വൃത്തിഹീനമായ സാഹചര്യങ്ങളും മോശം ഭക്ഷണവും കാരണം പലപ്പോഴും പട്ടിണിയിലായിരുന്നുവെന്ന ആരോപണവുമായി അവർ രംഗത്തെത്തിയിരുന്നു.











