മുംബൈ: മകളുടെ വിവാഹം സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് നടി സൊനാക്ഷി സിൻഹയുടെ പിതാവ് നടനും തൃണമൂൽകോൺഗ്രസ് എം.പിയുമായ ശത്രുഘ്നൻ സിൻഹ. തന്നെ അറിയിക്കുകയാണെങ്കിൽ അവരെ അനുഗ്രഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡ് നടി സൊനാക്ഷി സിൻഹയും ലിവിംഗ് പാർട്ണറായ നടൻ സഹീർ ഇക്ബാലും വിവാഹിതരാകുന്നു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ശത്രുഘ്നൻ സിൻഹയുടെ പ്രതികരണം.
മാധ്യമങ്ങൾ അറിഞ്ഞത് മാത്രമേ തനിക്കും അറിയാവൂ എന്നായിരുന്നു മകളുടെ വിവാഹം സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി. എൻറെ മകൾ കാര്യങ്ങൾ ഞങ്ങളെ അറിയിക്കുമ്പോൾ ഞാനും ഭാര്യയും ആ ചടങ്ങിൽ പങ്കെടുക്കും. അല്ലെങ്കിലും ഞങ്ങളുടെ അനുഗ്രഹം അവൾക്കുണ്ടാകും - ശത്രുഘ്നൻ സിൻഹ പറഞ്ഞു.
''മകളുടെ തീരുമാനങ്ങളെ ഞങ്ങൾ എന്നും വിശ്വസിക്കാറുണ്ട്. അവൾ അനധികൃതമായി ഒന്നും ചെയ്യില്ലെന്ന് അറിയാം. അവൾ മുതിർന്ന വ്യക്തിയാണ്. അവൾക്ക് അവളുടെ തീരുമാനം എടുക്കാൻ അവകാശമുണ്ട്. എൻറെ മകളുടെ കല്ല്യാണം എവിടെ നടന്നാലും അതിൻറെ ചടങ്ങുകളുടെ മുന്നിൽ ഞാൻ ഉണ്ടാകും എന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്'' - ശത്രുഘ്നൻ സിൻഹ വ്യക്തമാക്കി.
നേരത്തെ ബി.ജെ.പി, കോൺഗ്രസ് എന്നീ പാർട്ടികളിൽ സിൻഹ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീടാണ് തൃണമൂൽ കോൺഗ്രസിലേക്ക് വരുന്നത്. പശ്ചിമ ബംഗാളിലെ അസൻസോൾ മണ്ഡലത്തിൽ നിന്നാണ് സിൻഹ ലോക്സഭയിലേക്ക് വിജയിച്ചുകയറിയത്.