
കൊച്ചി: ചേരാനല്ലൂരിൽ ആഡംബര കാറിടിച്ച് തട്ടുകട ഉടമ ജയബാലകൃഷ്ണൻ മരിച്ച കേസിൽ, കാറോടിച്ച 17കാരന്റെ പിതാവും രണ്ടാം പ്രതിയുമായ ജില്ലാ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുൻകൂർ ജാമ്യഹർജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഇടക്കാല ഉത്തരവിലാണ് ഈ നിർണ്ണായക നടപടി.
ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ അറസ്റ്റ് അനിവാര്യമല്ലെന്ന സുപ്രീം കോടതി ഉത്തരവുകൾ ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ ഇടപെടൽ. സിറ്റിംഗ് ജഡ്ജിയായതിനാൽ പ്രതി നിയമനടപടികളിൽ നിന്ന് ഒളിച്ചോടാൻ സാദ്ധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, പൊലീസ് ചോദ്യം ചെയ്യുന്നത് കോടതി തടഞ്ഞിട്ടില്ല. ജഡ്ജി അന്വേഷണവുമായി സഹകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
മുൻകൂർ ജാമ്യാപേക്ഷയെ സർക്കാരും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും ശക്തമായി എതിർത്തു. അപകടസ്ഥലത്ത് എത്തിയ ജഡ്ജി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും കാറിലെ ഔദ്യോഗിക ബോർഡ് ഇളക്കിമാറ്റിയെന്നും എതിർഭാഗം ആരോപിച്ചു.
താൻ ഉറക്കത്തിലായിരുന്നപ്പോഴാണ് മകൻ രഹസ്യമായി കാറെടുത്ത് പോയതെന്നും, അപകടവിവരം ഫോൺ കോളിലൂടെയാണ് അറിഞ്ഞതെന്നുമാണ് ജഡ്ജിയുടെ മൊഴി. വാഹന ഉടമയെന്ന നിലയിലാണ് തന്നെ പ്രതിചേർത്തതെന്നും ജഡ്ജി വ്യക്തമാക്കുന്നു. ചോദ്യം ചെയ്യലിന് ഹാജരായ ജഡ്ജി, മകൻ ഡ്രൈവിംഗ് പഠിച്ചത് അറിഞ്ഞിരുന്നില്ലെന്നും ആവർത്തിച്ചു.
സർക്കാരിന്റെ നിലപാട് തേടിയ കോടതി, ഹർജി വിശദവാദത്തിനായി നവംബർ 5ലേക്ക് മാറ്റി. ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ഉത്തരവിൽ നിരാശയുണ്ടെന്നും എന്നാൽ നിയമപോരാട്ടം തുടരുമെന്നും ജയബാലകൃഷ്ണന്റെ മകൾ പ്രതികരിച്ചു.











