
തിരുവനന്തപുരത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനന്തപുരം കല്ലിയൂർ സ്വദേശിനിയായ വിജയകുമാരി(74)യാണ് കൊല്ലപ്പെട്ടത്. മുൻ കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥനായ മകൻ അജയകുമാർ മദ്യക്കുപ്പി ഉപയോഗിച്ച് വിജയകുമാരിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. ഭാര്യയുമായി അകന്നതിന് ശേഷം അമ്മയോടൊപ്പമാണ് അജയകുമാർ താമസിച്ചിരുന്നത്. രാത്രി വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ മദ്യക്കുപ്പി നിലത്തുവീണ് പൊട്ടി. ഇതോടെ വീട്ടിലിരുന്ന് മദ്യപിക്കുന്നത് വിജയകുമാരി ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ അജയകുമാർ പൊട്ടിയ മദ്യക്കുപ്പിയുടെ ഭാഗമുപയോഗിച്ച് വിജയകുമാരിയുടെ കഴുത്തിൽ കുത്തുകയായിരുന്നുവെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. സംഭവ സ്ഥലത്തുനിന്ന് തന്നെ വിജയകുമാരി മരിച്ചുവെന്നാണ് വിവരം. മുൻ സർക്കാർ ജീവനക്കാരിയാണ് കൊല്ലപ്പെട്ട വിജയകുമാരി.









