
കൊളക്കാട് (കണ്ണൂർ): അമ്മയെ കൊലപ്പെടുത്തിയ മകൻ പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50) യെയാണ് മകൻ ക്രിസ്റ്റി (25) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മഹിളാ മോർച്ച ജില്ലാ കമ്മിറ്റി അംഗമായിരുന്നു ഗീതമ്മ. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. അമ്മയും മകനും തമ്മിലുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
തർക്കത്തിനിടെ കിടപ്പുമുറിയിൽ വച്ചാണ് ക്രിസ്റ്റി ആക്രമണം നടത്തിയത്. ബെംഗളൂരുവിൽ ബിസിഎ പഠിച്ചിരുന്ന ഇയാൾ പഠനം നിർത്തി നാട്ടിലേക്ക് മടങ്ങിയിരുന്നു. ലഹരിമരുന്ന് ഉപയോഗത്തിന് ഇയാൾ അടിമയായിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്. സംഭവസമയത്ത് ഗീതമ്മയുടെ ഭർത്താവ് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല.
കൊലപാതകത്തിനു ശേഷം ക്രിസ്റ്റി സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തി അയാളുടെ സ്കൂട്ടറിലാണ് കേളകം പൊലീസ് സ്റ്റേഷനിലെത്തിയത്. അമ്മയെ താൻ കൊലപ്പെടുത്തിയെന്ന് ഇയാൾ പറഞ്ഞതോടെ പൊലീസെത്തിയാണ് ഗീതമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഗീതമ്മയുടെ മൃതദേഹം പേരാവൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഗീതമ്മ കേളകത്തും താന്നിക്കുന്നിലും ബ്യൂട്ടി പാർലറും ടെയ്‌ലറിങ് ഷോപ്പും നടത്തിയിരുന്നു. ക്രിസ്റ്റിയെക്കൂടാതെ ഗീതമ്മയ്ക്ക് ഒരു മകൾകൂടിയുണ്ട്. പേരാവൂർ ഡിവൈഎസ്പി ചന്ദ്രമോഹൻ, കേളകം എസ്എച്ച്ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.










