05:39am 22 April 2025
NEWS
ചില വാർദ്ധക്യകാല ചിന്തകൾ
02/02/2025  06:27 PM IST
തരവത്ത് ശങ്കരനുണ്ണി
ചില വാർദ്ധക്യകാല ചിന്തകൾ

വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.

1. പ്രായമേറുന്തോറും നമുക്ക് വേണ്ടപ്പെട്ടവരുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരിക്കും. മാതാപിതാക്കളും അതിനുമുമ്പുള്ള തലമുറയുമൊക്കെ യാത്രയായി. സമകാലികരായ പലരും ക്ഷീണിതരും അവശരും ഒക്കെയായി ഒതുങ്ങിക്കൂടി. യുവതലമുറയ്ക്ക് അവരുടെ ജീവിതപ്രശ്‌നങ്ങളുടെ തിരക്കുമൂലം മാതാപിതാക്കളുടെ കാര്യങ്ങൾ നോക്കാൻ സമയവുമുണ്ടാകണമെന്നില്ല.

ഈ ഘട്ടത്തിൽ പലരുടെയും ജീവിതപങ്കാളിയും പ്രതീക്ഷിക്കുന്നതിന് മുൻപ് കടന്നുപോയെന്നുവരാം. അപ്പോഴാണ് ഏകാന്തതയും ശൂന്യതയും പിടിമുറുക്കുന്നത്. അതുകൊണ്ട് ആദ്യത്തെ പാഠം ഇതാണ്. ഏകാന്തതയെ സ്‌നേഹിച്ച്, ഒറ്റയ്ക്ക് സന്തോഷമായി ജീവിക്കാൻ പഠിക്കുക!

2. വാർദ്ധക്യമേറുന്തോറും സമൂഹം നിങ്ങളെ മറന്നുതുടങ്ങും. ഏത് മഹാനായിരുന്നാലും, വയസ്സായി കഴിഞ്ഞാൽ നിങ്ങൾ മറ്റ് വൃദ്ധരിൽ ഒരുവനായിക്കഴിഞ്ഞു. ഇതുവരെയുണ്ടായിരുന്ന പ്രശസ്തി വലയമെല്ലാം ഇല്ലാതാകും. മറ്റുള്ളവർക്ക് മുൻഗണന കൊടുത്തുകൊണ്ട് ഒരു മൂലയിലേക്ക് മാറിനിൽക്കാൻ മാനസികമായി തയ്യാറെടുക്കണം. കഴിയുമെങ്കിൽ പിന്നാലെ വരുന്നവരുടെ ആരവവും, കാഴ്ചപ്പാടുകളും കൗതുകത്തോടെ നോക്കിക്കാണുക. മുറുമുറുപ്പും അസൂയയും ഒക്കെ അതിജീവിക്കുന്നവർ ഭാഗ്യവാന്മാർ. ഇതാണ് രണ്ടാമത്തെ ഏറ്റവും വലിയ പാഠം!

3. തുടർന്നുള്ള ജീവിതം ആരോഗ്യപ്രശ്‌നങ്ങളുടെ കാലമാണ്. വീഴ്ച, ഒടിവ്, ഹൃദയധമനികൾക്കും തലച്ചോറിനും ഉണ്ടാകാവുന്ന ക്ഷതങ്ങൾ, ക്യാൻസർ അങ്ങനെ തടുക്കാൻ കഴിയാത്ത രോഗങ്ങളും അസുഖങ്ങളുമൊക്കെ ഒഴിവാക്കാനാവാത്ത കൂട്ടുകാരെപ്പോലെ കൂടെക്കൂടും. ഒരു രോഗങ്ങളും അലട്ടാത്ത ശാന്തസുന്ദരമായ വാർദ്ധക്യം സ്വപ്നം കാണുന്നത് വെറുതെയാണ്. മിതമായ വ്യായാമങ്ങളൊക്കെ കൃത്യമായി തുടർന്ന്, മുറുമുറുപ്പും പിണങ്ങളുമില്ലാതെ ശിഷ്ടജീവിതത്തെ സന്തോഷത്തോടെ വരവേൽക്കാൻ നിങ്ങൾക്കാകുമെങ്കിൽ വാർദ്ധക്യം അനുഗ്രഹമാകും!

4. അറുപതിനുശേഷമുള്ള യാത്രയിൽ വഞ്ചകരും തട്ടിപ്പുകാരും അവസരം പാർത്തിരിക്കും. പ്രായമായവർക്ക് ധാരാളം സമ്പാദ്യവും ആസ്തിയുമുണ്ടാകുമെന്ന് ഇക്കൂട്ടർക്ക് നല്ലവണ്ണം അറിയാം. അതുകൊണ്ടുതന്നെ അത് തട്ടിയെടുക്കാനുള്ള തന്ത്രങ്ങൾ ഇവർ നിരന്തരം മെനഞ്ഞുകൊണ്ടേയിരിക്കും. വിവിധതരം ഉൽപ്പന്നങ്ങൾ, പെട്ടെന്ന് പണമുണ്ടാക്കാനുള്ള കുറുക്കുവഴികൾ, ആയുസ്സ് കൂട്ടാനും, അസുഖങ്ങൾ മാറ്റാനുമുള്ള ഒറ്റമൂലികൾ... ഒന്നും നടന്നില്ലെങ്കിൽ അത്ഭുതരോഗശാന്തി പോലുള്ള ആത്മീയ തട്ടിപ്പുകൾ... സൂക്ഷിക്കുക. പണം ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യുക!

5. അമ്മയുടെ സമീപത്തേയ്ക്ക് പിറന്നുവീണ നിങ്ങൾ അനവധി ജീവിതാനുഭവങ്ങളിൽക്കൂടി കടന്ന് വീണ്ടും മറ്റുള്ളവർ ശുശ്രൂഷിക്കേണ്ട ഒരു അവസ്ഥയിലെത്തിയിരിക്കുന്നു. ഒരു വ്യത്യാസം മാത്രം. അന്ന് നിങ്ങളെ സ്‌നേഹത്തോടെ പരിചരിക്കാൻ അമ്മയുണ്ടായിരുന്നെങ്കിൽ, ഇന്ന് ആരും തന്നെ അടുത്ത് ഉണ്ടാകണമെന്നില്ല. ഏതെങ്കിലും ഐ.സി.യുവിൽ ഒരു ബന്ധവുമില്ലാത്ത ഏതെങ്കിലും ഒരു നഴ്‌സായിരിക്കും ഒരുപക്ഷേ അവസാന നാളുകളിൽ നിങ്ങളെ പരിചരിക്കുന്നത്. പരാതികളില്ലാതെ എല്ലാത്തിനും നന്ദിയുള്ളവരാകാൻ ശ്രമിക്കുക!

6. പ്രായമായെന്ന് കരുതി മറ്റുള്ളവരേക്കാൾ അറിവുള്ളവരും ശ്രേഷ്ഠരുമാണെന്ന് കരുതരുത്. മറ്റുള്ളവരുടെ പ്രശ്‌നങ്ങളോ, നിങ്ങളുടെ മക്കളുടെയോ കൊച്ചുമക്കളുടെയോ പ്രശ്‌നങ്ങളോ, തലയിലേറ്റരുത്. അനാവശ്യമായി ആരുമായും വാഗ്‌വാദത്തിലേർപ്പെടരുത്. അത് മറ്റുള്ളവരെ മുറിവേൽപ്പിക്കുന്നതിനോടൊപ്പം നിങ്ങളേയും മാനസിക പിരിമുറുക്കത്തിലെത്തിക്കും. ഗർവ്വും അഹങ്കാരവും ഒഴിവാക്കി വിനയത്തോടെ ജീവിക്കാൻ പഠിക്കണം. പ്രായമാകുന്തോറും അന്യരെ ബഹുമാനിക്കാനും, സ്വയം ബഹുമാനിക്കപ്പെടുന്നതിന്റെ പ്രാധാന്യം തിരിച്ചറിയാനും സാധിക്കണം. ജീവിതത്തിന്റെ അവസാനകാലത്ത് ലൗകികബന്ധങ്ങളോടുള്ള കെട്ടുപാടുകളില്ലാതെ നിർമ്മലരായിരിക്കാൻ മാനസികമായി തയ്യാറെടുക്കണം. ജീവിതയാത്ര സ്വാഭാവികമായ ഒഴുക്കാണ്, സമചിത്തതയോടെ അത് ജീവിച്ചുതീർക്കുക!

7. അമിതമായി സമ്പാദിക്കാനുള്ള ആർത്തി ഒഴിവാക്കുക. സമ്പാദിച്ചുവെച്ചതിൽ നിന്ന് ഒരു രൂപ നാണയം പോലും കൈകൊണ്ട് സ്പർശിക്കാൻ കഴിയാത്ത ഒരവസ്ഥ പെട്ടെന്ന് വന്നേക്കാം. സമ്പാദ്യം മറ്റുള്ളവർ പങ്കുവച്ച് എടുക്കുന്നതും ദുർവ്യയം ചെയ്യുന്നതും ദുഃഖത്തോടെ നോക്കിക്കാണാനേ നമുക്ക് അപ്പോൾ കഴിയൂ.

നമുക്കുള്ളതിലൊക്കെ സന്തോഷിക്കാൻ പഠിക്കണം. ജീവിതം ആഘോഷിക്കാൻ തുടങ്ങണം. എല്ലാ ആശകളും പൂർത്തീകരിച്ച് തൃപ്തിയായി ജീവിച്ചാൽ അത് വലിയ കാര്യം.

എപ്പോഴും ഓർക്കുക; മനുഷ്യജന്മം ദൈവത്തിന്റെ അമൂല്യമായ വരദാനമാണ്. അതേ ആദരവോടെയും ബഹുമാനത്തോടെയും അത് അനുഭവിച്ച് തീർക്കുക.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.