
കൊച്ചി: വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇബിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പുനരുപയോഗ ഊർജ പദ്ധതികൾ നടപ്പാക്കുന്നതിന് ചില കെഎസ്ഇബി ഉദ്യോഗസ്ഥർ അനാവശ്യ തടസങ്ങൾ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം പദ്ധതികളെക്കുറിച്ച് പറയുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് ‘ചൊറിച്ചിലാ’ണെന്നും സതീശൻ പരിഹസിച്ചു.
കൊച്ചിയിൽ കെഎസ്ഇബി സംഘടിപ്പിച്ച എക്സ്പോയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെഎസ്ഇബി മുൻ ചെയർമാൻമാർ ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
സംസ്ഥാനത്ത് നിലവിൽ വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് സതീശൻ തുറന്നുപറഞ്ഞു. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിനായി ഇപ്പോൾ ഏകദേശം 13,000 കോടി രൂപ ചെലവഴിക്കുന്നുണ്ട്. ഈ തുക ഈ വർഷം 16,000 കോടി രൂപയായി ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുനരുപയോഗ ഊർജ പദ്ധതികളെ ചിലർ അനാവശ്യമായി എതിർക്കുകയാണ്. ഇതിന് പിന്നിലെ കാരണങ്ങൾ വ്യക്തമാണെന്നും ‘കുളം കലക്കി മീൻ പിടിക്കുന്ന’ സമീപനം ചില ഉദ്യോഗസ്ഥർക്കുണ്ടെന്നും മുഖ്യമന്ത്രി വിമർശിച്ചു.
വൈദ്യുതി പ്രതിസന്ധി രൂക്ഷമാകട്ടെയെന്ന ലക്ഷ്യത്തോടെ ചില സ്ഥലങ്ങളിൽ മനഃപൂർവം വൈദ്യുതി ബന്ധം പലതവണ വിച്ഛേദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സതീശൻ ആരോപിച്ചു. നാലും അഞ്ചും തവണ വരെ അനാവശ്യമായി വൈദ്യുതി വിച്ഛേദിക്കുന്ന സംഭവങ്ങളുണ്ടെന്നും ഇത്തരം നടപടികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ 25 വർഷത്തേക്ക് യൂണിറ്റിന് 4 രൂപ 29 പൈസ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ദീർഘകാല കരാർ ഒപ്പിട്ടിരുന്നു. എന്നാൽ നടപടിക്രമങ്ങളിലെ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി എട്ട് വർഷത്തിന് ശേഷം കഴിഞ്ഞ സർക്കാർ കരാർ റദ്ദാക്കി. ഇതിന് പിന്നാലെ കുറഞ്ഞ നിരക്കിൽ ലഭിക്കുമായിരുന്ന വൈദ്യുതിക്ക് പകരം യൂണിറ്റിന് 8 രൂപ മുതൽ 14 രൂപ വരെ നൽകിയാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടിവന്നതെന്നും സതീശൻ പറഞ്ഞു.
വൈദ്യുതി മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുകയാണ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജലവൈദ്യുത പദ്ധതികൾക്ക് നിലവിൽ നിരവധി പരിമിതികളുള്ള സാഹചര്യത്തിൽ സൗരോർജം ഉൾപ്പെടെയുള്ള നോൺ-കൺവെൻഷണൽ ഊർജ സ്രോതസുകൾ കൂടുതൽ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.
ഒക്ടോബറിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ പുനരുപയോഗ ഊർജത്തിനും സൗരോർജത്തിനും പ്രോത്സാഹനം നൽകുന്ന പുതിയ വൈദ്യുതി നയം പ്രഖ്യാപിക്കുമെന്നും സതീശൻ അറിയിച്ചു. ഇതിനൊപ്പം പുതിയ വൈദ്യുതി റെഗുലേറ്ററി പോളിസിയും പുറത്തിറക്കും.
മുൻവർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത ഗണ്യമായി വർധിച്ചിട്ടുണ്ട്. പുറത്തുനിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭിക്കാത്ത സാഹചര്യവും നിലവിലുണ്ട്. പ്രതിസന്ധിയുടെ ഉത്തരവാദിത്തം ആരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കുന്നതിന് പകരം കാര്യക്ഷമമായി പരിഹരിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.











