
ഉത്തർപ്രദേശ് നിയമസഭയ്ക്കുള്ളിൽ എംഎൽഎമാർ പാൻമസാല ചവച്ചുതുപ്പി. സംഭവത്തെ കുറിച്ച് അറിഞ്ഞതോടെ സ്പീക്കർ നേരിട്ടെത്തി തുപ്പി വൃത്തികേടാക്കിയ സ്ഥലം വൃത്തിയാക്കിച്ചു. സ്പീക്കർ സതീഷ് മഹാന തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പാണ് സാമാജികരോട് സ്പീക്കർ ഇക്കാര്യം വെളിപ്പെടുത്തിയത്. എംഎൽഎ പാൻമസാല ചവച്ചുതുപ്പുന്ന വീഡിയോ ദൃശ്യങ്ങൾ കണ്ടുവെന്നും സ്പീക്കർ വ്യക്തമാക്കി.
അതേസമയം, നിയമസഭയിൽ പാൻമസാല ചവച്ചുതുപ്പിയ എംഎൽഎയുടെ പേര് സ്പീക്കർ വെളിപ്പെടുത്തിയില്ല. പൊതുമധ്യത്തിൽ അദ്ദേഹം അവഹേളിക്കപ്പെടാതിരിക്കാനാണ് പേര് വെളിപ്പെടുത്താതിരിക്കുന്നതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
നമ്മുടെ വിധാൻ സഭ ഹാളിനുള്ളിൽ ചില അംഗങ്ങൾ പാൻമസാല ചവച്ചുതുപ്പിയെന്ന വിവരം ഇന്ന് രാവിലെയാണ് എനിക്ക് ലഭിച്ചത്. ഞാൻ ഇവിടെ എത്തി വൃത്തിയാക്കിച്ചു. വീഡിയോയിൽ ഞാൻ ആ എം.എൽ.എയെ കണ്ടു. എന്നാൽ, ഒരു വ്യക്തിയെയും അവഹേളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ആരുടെയും പേര് പറയുന്നില്ല. ആരെങ്കിലും ഇങ്ങനെ ചെയ്യുന്നത് അംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നപക്ഷം അവരെ തടയണമെന്ന് ഞാൻ എല്ലാ അംഗങ്ങളോടും അഭ്യർഥിക്കുകയാണ്. അസംബ്ലി വൃത്തിയാക്കി സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ആരോപണവിധേയനായ എം.എൽ.എ. സ്വന്തംനിലയ്ക്ക് മുന്നോട്ടുവന്ന് അങ്ങനെ ചെയ്തുവെന്ന കാര്യം സമ്മതിക്കുന്നത് നല്ല കാര്യമാണ്. അല്ലാത്തപക്ഷം ഞാൻ അവരെ വിളിപ്പിക്കും, സ്പീക്കർ പറഞ്ഞു.











