നിയമസഭയിലേക്ക് കണ്ണുംനട്ട് ചില ലോക്‌സഭാംഗങ്ങൾ -കോൺഗ്രസ്സിന് പുതിയ വെല്ലുവിളി

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്ന് അവർ തന്നെ ഉറപ്പായും വിശ്വസിക്കുമ്പോൾ, സംസ്ഥാന കോൺഗ്രസ് ഒരു പുതിയ വെല്ലുവിളി നേരിടുകയാണ്. നിലവിൽ പാർട്ടിയുടെ ലോക്‌സഭാംഗങ്ങളായിട്ടുള്ള അഞ്ചുപേരോളം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നു എന്നുള്ളതാണ് ആ വെല്ലുവിളി. യു.ഡി.എഫിന് ഭരണം ലഭിച്ചാൽ മന്ത്രിമാരാവുക എന്നതാണ് ഇവരുടെ ലക്ഷ്യം. ആറ്റിങ്ങൽ എം.പിയും യു.ഡി.എഫ് കൺവീനറുമായ അടൂർ പ്രകാശ്, മാവേലിക്കര എം.പി. കൊടിക്കുന്നിൽ സുരേഷ്, പത്തനംതിട്ട എം.പി. ആന്റോ ആന്റണി, വടകര എം.പി ഷാഫി പറമ്പിൽ എന്നിവരാണ് കൊടിവച്ച കാറും മന്ത്രിമന്ദിരവും മനസ്സിൽ കണ്ടുകൊണ്ട് ദൽഹിവിട്ട് കേരളത്തിലേക്ക് മടങ്ങുവാൻ തയ്യാറെടുക്കുന്നത്. ഇവരൊക്കെയും സ്വന്തം താൽപ്പര്യപ്രകാരമാണ് ദൽഹി വിടാൻ തീരുമാനിക്കുന്നതെങ്കിൽ, എൻ.കെ. പ്രേമചന്ദ്രനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരണമെന്നുള്ള അഭിപ്രായം ആർ.എസ്.പിയിൽ ശക്തമാണ്. അതുകൂടിയാകുമ്പോൾ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കാവുന്ന ലോക്‌സഭാംഗങ്ങളുടെ എണ്ണം അഞ്ചാകും.
അടൂർ പ്രകാശ്
2019 മുതൽ ആറ്റിങ്ങലിൽ നിന്നുള്ള ലോക്‌സഭാംഗമായ അടൂർ പ്രകാശ് 1996 മുതൽ ഇരുപത്തിമൂന്ന് വർഷം കേരള നിയമസഭയിൽ കോന്നി മണ്ഡലത്തിൽ നിന്നുള്ള അംഗവുമായിരുന്നു. '96 ൽ സി.പി.എമ്മിലെ എം.പത്മകുമാറിനെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു അടൂർ പ്രകാശിന്റെ നിയമസഭാ പ്രവേശനം. 2001 ൽ കടമ്മനിട്ട രാമകൃഷ്ണനേയും, 2006 ൽ വി.ആർ. ശിവരാജനേയും, 2011 ൽ എം.എസ്. രാജേന്ദ്രനേയും, 2006 ൽ ആർ. സനൽകുമാറിനേയും അടിയറവ് പറയിച്ച അടൂർ പ്രകാശ് 2019 ൽ ആറ്റിങ്ങൽ പിടിക്കുവാനുള്ള ദൗത്യവുമായാണ് തന്റെ കന്നി ലോക്‌സഭാമത്സരത്തിനിറങ്ങിയത്. സി.പി.എമ്മിലെ എ. സമ്പത്തിനെ പരാജയപ്പെടുത്തി പാർട്ടി ഏൽപ്പിച്ച ദൗത്യം വിജയകരമായി നിറവേറ്റിയ അടൂർ പ്രകാശ് 2024 ലും ആറ്റിങ്ങൽ കോട്ടകാത്തു. അതോടെ മറ്റൊരു സമീപകാല റെക്കോർഡ് കൂടി സ്വന്തം പേരിൽ കുറിക്കുവാൻ അടൂർ പ്രകാശിന് കഴിഞ്ഞു. തോൽവിയറിയാത്ത രാഷ്ട്രീയ നേതാവ്. അതിനിടെ ആദ്യ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രിയായും, 2011 ലെ മന്ത്രിസഭയിൽ ആദ്യം ആരോഗ്യം, കയർ എന്നീ വകുപ്പുകളും 2012 ലെ അഴിച്ചുപണിയിൽ റവന്യൂവകുപ്പും കൈകാര്യം ചെയ്തു.
നിലവിൽ യു.ഡി.എഫ് കൺവീനറായ അടൂർ പ്രകാശ്, കേവലം ഒരു ലോക്‌സഭാംഗമായിരുന്ന് ദൽഹിയിൽ ഒന്നും ചെയ്യാനില്ലെന്നു കണ്ടിട്ടും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിച്ചാൽ യു.ഡി.എഫ് കൺവീനർ എന്ന നിലയിലും ജാതിപരിഗണന വച്ചും മന്ത്രിയാകാം എന്ന കണക്കുകൂട്ടിയാണ് കേരളത്തിലേക്ക് കണ്ണെറിയുന്നത്.
കൊടിക്കുന്നിൽ സുരേഷ്
കേരളത്തിൽ നിന്നുള്ള സീനിയർ ലോക്‌സഭാംഗമായ കൊടിക്കുന്നിൽ സുരേഷ് 1989 മുതൽ ലോക്‌സഭാ മത്സരരംഗത്തുണ്ട്. 1998 ലും 2004 ലും അടൂർ മണ്ഡലത്തിൽ ചെങ്ങറ സുരേന്ദ്രനോട് പരാജയപ്പെട്ടതൊഴിച്ചാൽ മത്സരിച്ച പത്ത് തെരഞ്ഞെടുപ്പിൽ എങ്കിലും വിജയിച്ച വ്യക്തി കൂടിയാണ്. 2009 മുതൽ മാവേലിക്കര മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. പാർട്ടിയിൽ പല നേതൃസ്ഥാനങ്ങളും വഹിച്ചിട്ടുള്ള കൊടിക്കുന്നിൽ 2012 മുതൽ 2014 വരെ കേന്ദ്ര തൊഴിൽവകുപ്പ് സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. എങ്കിലും ഒരു ദലിതൻ എന്ന പരിഗണനയിൽ കെ.പി.സി.സി അദ്ധ്യക്ഷപദം ആഗ്രഹിക്കുന്ന കൊടിക്കുന്നിലിന് മുന്നിൽ ആ സ്ഥാനം ഇനിയും ഒരു ബാലികേറാമലയായി അവശേഷിക്കുകയാണ്.
അടുത്തകാലത്തൊന്നും ഒരു കോൺഗ്രസ് മന്ത്രിസഭ കേന്ദ്രത്തിൽ അധികാരത്തിൽ വരാൻ സാധ്യതയില്ലെന്ന് കൊടിക്കുന്നിലും കണക്കുകൂട്ടുന്നുണ്ട്. ആ കണക്കുകൂട്ടലാണ് പാർലമെന്റിൽ നിന്നും നിയമസഭയിലേക്ക് പറന്നിറങ്ങാൻ കൊടിക്കുന്നിലിനെ പ്രേരിപ്പിക്കുന്നത്. താൻ വിജയിച്ച് എം.എൽ.എയാവുകയും യു.ഡി.എഫ് അധികാരത്തിൽ വരികയും ചെയ്താൽ സീനിയർ ദലിത് നേതാവ് എന്ന നിലയിൽ മന്ത്രിസ്ഥാനം ഉറപ്പായിരിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് കണക്കുകൂട്ടുന്നു.
ആന്റോ ആന്റണി
2004 മുതൽ പത്തനംതിട്ടയിൽ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആന്റോ ആന്റണി ജാതി സമവാക്യങ്ങളുടെ അടിസ്ഥാനത്തിൽ കെ.പി.സി.സി അദ്ധ്യക്ഷപദത്തിന് അരികെവരെ എത്തിയ രാഷ്ട്രീയ നേതാവാണ്. അതേ സമവാക്യത്തിന്റെ പിന്തുണയിൽ സംസ്ഥാനമന്ത്രിപദവും പ്രതീക്ഷിക്കാമെന്നുള്ള കണക്കുകൂട്ടലാണ് ആന്റോ ആന്റണിയെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്.
ഷാഫി പറമ്പിൽ
ഇപ്പറഞ്ഞതിൽ നിന്നൊക്കെ വ്യത്യസ്തമാണ് ഷാഫി പറമ്പിലിന്റെ കാര്യം. പട്ടാമ്പി കോളേജിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് ചുവടുവച്ച ഷാഫി പറമ്പിൽ നിലവിൽ കോൺഗ്രസിലെ ഏറ്റവും വലിയ, മൂല്യമുള്ള ഗ്ലാമർതാരമാണ്. കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന പ്രസിഡന്റായിരുന്ന ഷാഫി നിലവിൽ കെ.പി.സി.സിയുടെ വർക്കിംഗ് പ്രസിഡന്റും വടകരയിൽ നിന്നുള്ള ലോക്‌സഭാംഗവുമാണ്. 2011 ലും '16 ലും '21 ലും തുടർച്ചയായി പാലക്കാട്ടുനിന്നും നിയമസഭയിലെത്തിയ ഷാഫി പറമ്പിൽ സഭയിലെ തീപ്പൊരി തന്നെയായിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ തീപാറുന്ന പോരാട്ടം കാഴ്ചവച്ച് കെ.കെ. ശൈലജ ടീച്ചറെ പരാജയപ്പെടുത്തിയ ഷാഫി കോൺഗ്രസ്സുകാർക്കിടയിൽ പൊതുവേയും മുസ്ലീം സമുദായത്തിനിടയിൽ പ്രത്യേകിച്ചും വലിയൊരു വികാരമാണ്.
ഒക്കെയാണെങ്കിലും പാർലമെന്റിൽനിന്നും പെട്ടെന്ന് ചുവടുമാറ്റി നിയമസഭയിലേക്കെത്തണമെന്ന താൽപ്പര്യം ഷാഫിക്കില്ലെന്നാണറിയുന്നത്. പക്ഷേ, ഷാഫി പറമ്പിലിനെ നിയമസഭയിലേക്ക് മത്സരിപ്പിക്കണമെന്നും, യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മന്ത്രിയാക്കണമെന്നും നിർബന്ധമുള്ള ഒരു കൂട്ടരുണ്ട്. അവരുടെ നിർബന്ധത്തിന് വഴങ്ങാതിരിക്കാൻ ഷാഫിക്കാകാതെ വന്നാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലും സ്ഥാനാർത്ഥിയായിക്കൂടെന്നില്ല.
അതേസമയം യു.ഡി.എഫിന് അധികാരം ലഭിച്ചാൽ ഉറപ്പായും പാർലമെന്റിൽനിന്നും നിയമസഭയിലേക്ക് ചുവടുമാറ്റം നടത്താൻ സാധ്യതയുള്ള ഒരംഗം കെ.സി. വേണുഗോപാലാണ്. തന്റെ ചിന്തയിൽപ്പോലും അങ്ങനൊരു കാര്യം ഇല്ലെന്നുപറയുമ്പോഴും സംസ്ഥാന മുഖ്യമന്ത്രിസ്ഥാനം കെ.സി. വേണുഗോപാലിന്റെ സ്വപ്നത്തിലുണ്ടെന്നുള്ളതാണ് വാസ്തവം. അവസരം വരുമ്പോൾ അതിനായി നൂലിൽ കെട്ടിയിറങ്ങുകയും ചെയ്യും.
ചുരുക്കിപ്പറഞ്ഞാൽ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കോൺഗ്രസിനൊരു കീറാമുട്ടിയാകും. എം.പിമാർ പലരും എം.എൽ.എമാരാകാൻ തയ്യാറെടുക്കുമ്പോൾ, വിജയം അവർക്കിടയിൽ കേരളം ചില ഉപതെരഞ്ഞെടുപ്പുകളിലേക്കും പോകും. ഗവൺമെന്റിന് അത് കോടികളുടെ ബാധ്യത വരുത്തുമെങ്കിലും 'who cares'.
പ്രേമചന്ദ്രൻ നിയമസഭയിലേക്ക്...
എന്നാൽ പ്രേമചന്ദ്രന്റെ കാര്യം അങ്ങനെയല്ല. ഇൻഡ്യൻ പാർലമെന്റിലെ ഈ തിളങ്ങും താരത്തിന്, ദേശീയതലത്തിൽ ഇനിയും ഒത്തിരി ചെയ്യാനുണ്ടെന്നറിയുമ്പോഴും അദ്ദേഹത്തെ കേരളത്തിന് ആവശ്യമുണ്ടെന്നാണ് ആർ.എസ്.പി നേതൃത്വം വിലയിരുത്തുന്നത്. ആ വിലയിരുത്തലാണ് പ്രേമചന്ദ്രൻ കേരളത്തിലേക്ക് മടങ്ങണമെന്നുള്ള പാർട്ടിയുടെ താൽപ്പര്യത്തിനടിസ്ഥാനം.
1988 ൽ നാവായിക്കുളം ഗ്രാമപഞ്ചായത്തിലേക്ക് വിജയിച്ച പ്രേമചന്ദ്രൻ '96 ലാണ് ആദ്യമായി കൊല്ലത്തുനിന്ന് പാർലമെന്റിലേക്ക് മത്സരിച്ചത്. കോൺഗ്രസിലെ എസ്. കൃഷ്ണകുമാറിനെതിരെയായിരുന്നു മത്സരം. പിന്നീട് '98 ലും വിജയിച്ചു. 2006 മുതൽ രാജ്യസഭാംഗമായും പ്രവർത്തിച്ച പ്രേമചന്ദ്രൻ 2006 ൽ അച്യുതാനന്ദൻ മന്ത്രിസഭയിൽ ജലവിഭവവകുപ്പുമന്ത്രിയായി. 2011 ൽ ഷിബുബേബിജോണിനോട് പരാജയപ്പെട്ടു. 1988 ൽ തുടങ്ങിയ തെരഞ്ഞെടുപ്പുപോരാട്ടങ്ങൾ ഇന്നോളം എത്തിനിൽക്കുമ്പോൾ ആ ഒരു പരാജയമേ പ്രേമചന്ദ്രന് നേരിടേണ്ടി വന്നിട്ടുള്ളൂ. തുടർന്ന് 2011 മുതൽ പിന്നെയും കൊല്ലം എം.പിയായി.
ദേശീയതലത്തിൽ മികച്ച പാർലമെന്റേറിയൻ എന്ന നിലയിലൊക്കെ തിളങ്ങുന്നുണ്ടെങ്കിലും പ്രേമചന്ദ്രൻ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകേണ്ടത് ആർ.എസ്.പിയുടെ നിലനിൽപ്പിന്റെ പ്രശ്‌നമായിട്ടാണ് പാർട്ടി കാണുന്നത്. ആ ഒരു സാഹചര്യത്തിൽ പാർട്ടിയുടെ നിർബന്ധം പ്രേമചന്ദ്രൻ സ്വീകരിച്ചാൽ ഒരു പാർലമെന്റംഗം കൂടി നിയമസഭാ സ്ഥാനാർത്ഥിയായിക്കൂടെന്നില്ല. പാർട്ടിയുടെ സ്വന്തം മണ്ഡലമായ ഇരവിപുരം പ്രേമചന്ദ്രനെ ഇറക്കി തിരിച്ചുപിടിക്കാമെന്നാണ് ആർ.എസ്.പി നേതൃത്വം ചിന്തിക്കുന്നതായി കേൾക്കുന്നത്.











