11:01pm 06 November 2026
NEWS
വിഴിഞ്ഞം പദ്ധതി ചില വസ്തുതകൾ
18/05/2025  05:30 PM IST
എൻ.എസ്. അലക്‌സാണ്ടർ
വിഴിഞ്ഞം പദ്ധതി ചില വസ്തുതകൾ

1. വിഴിഞ്ഞം പദ്ധതിയുടെ പൂർത്തീകരണത്തോടനുബന്ധിച്ച് പുതിയ ഒരു വാക്യം കൂടി രൂപപ്പെട്ടു- 'അങ്ങനെ അതും നമ്മൾ നേടി'' 

2. ഈ നമ്മൾ എന്ന ബഹുവചനത്തിൽ ആരൊക്കെ ഉൾപ്പെടുമെന്നതിനെച്ചൊല്ലി ഇപ്പോൾ തർക്കമാണല്ലോ. പ്രധാനമായും അന്തരിച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പങ്കിനെപ്പറ്റിയാണല്ലോ ചിലർക്ക് വ്യക്തതയില്ലാത്തത്. 

3. ഈ പദ്ധതിയെപ്പറ്റിയുള്ള പരിശ്രമം തുടങ്ങിയപ്പോൾ തന്നെ, പദ്ധതിക്ക് ചെലവാക്കേണ്ടി വരുമെന്ന് കണക്കാക്കിയ അത്രയും തുകയുടെ ഏതാണ്ട് അടുത്തുള്ള തുകയുടെ തന്നെ അഴിമതി നടന്നിട്ടുണ്ടെന്നും ബഹുജനങ്ങളെ അണിനിരത്തി ഈ ഉദ്യമം തടയുമെന്നും ഭീഷണിപ്പെടുത്തി അന്നത്തെ  പ്രതിപക്ഷം നടത്തിയ ഘോരമായ പ്രസംഗങ്ങളും പ്രക്ഷോഭങ്ങളും അവയുടെയൊക്കെ  ഉപജ്ഞാതാക്കൾ മറന്നെങ്കിലും  കേരള ജനത മറന്നിട്ടില്ല. ഈ ഭീഷണികൾക്ക് വഴങ്ങാതെയുള്ള ഉമ്മൻചാണ്ടിയുടെ ധീരതയും നിശ്ചയദാർഢ്യവുമാണ് അദ്ദേഹത്തെ മുമ്പോട്ട് നയിച്ചത്. ഒരു മനുഷ്യനെ എങ്ങനെയൊക്കെ തേജോവധം ചെയ്യാമെന്നും,  മാനസികമായും അതുവഴി ശാരീരികമായും തകർക്കാം എന്നും ഗവേഷണം നടത്തിയവർക്ക് മാത്രമേ ഇത്തരം ക്രൂരമായ അഴിമതി ആരോപണങ്ങളും ഭീഷണികളും മുഴക്കി ഒരു സൽക്കർമ്മത്തെ  തടയാനാകൂ. 

4. ഇനി ഉമ്മൻചാണ്ടി ജനങ്ങൾക്ക് വേണ്ടി എന്തെല്ലാം ചെയ്തുവെന്ന് 03-05-2025 -ലെ മനോരമയിൽ പറയുന്നത് കാണുക:-

  • 2013 ൽ ഉമ്മൻചാണ്ടി സർക്കാർ അദാനി പോർട്സ് ആൻഡ് സ്‌പെഷൽ ഇക്കണോമിക് സോണിന്റെ ടെൻഡർ സ്വീകരിച്ചു. 
  • ആ വർഷംതന്നെ പദ്ധതിയുടെ കരട് പാരിസ്ഥി തിക ആഘാത റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. 
  • 2013 ഡിസംബറിൽ ആഗോള ടെൻഡർ ക്ഷണിച്ചു. 
  • 2014 ഏപ്രിലിൽ വയബിലിറ്റി ഗ്യാപ് ഫണ്ടിനായി (വിജിഎഫ്) കേന്ദ്രത്തിന് അപേക്ഷ നൽകി. 
  • 2015 ജനുവരിയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങി. 
  • 2015 ഫെബ്രുവരിയിൽ വിജിഎഫ് അപേക്ഷ അംഗീകരിച്ചു. വിജിഎഫ് ലഭിക്കുന്ന രാജ്യത്തെ ആദ്യ തുറമുഖം. 
  • 2015 ഏപ്രിലിൽ അദാനി പോർട്‌സ് ആൻഡ് സ്‌പെഷൽ ഇക്കണോമിക് സോൺ ബിഡ് സമർപ്പിച്ചു. 
  • 2015 ജൂലൈയിൽ അദാനി പോർട്സ് സമർപ്പിച്ച ബിഡ് അംഗീകരിച്ചു. 
  • 7,250 കോടി രൂപ ചെലവു വരുന്ന പദ്ധതിയിൽ 6,000 കോടി രൂപയുടെ ഭൂമി കുംഭകോണ ആരോപണം ഉയർന്നു. കരാറിനെക്കുറിച്ചും ആരോപണം. ഇതോടെ കരാർ രേഖകളെല്ലാം വെബ്‌സൈറ്റിലിട്ടു. 
  • എതിർപ്പുകൾ തണുപ്പിക്കാൻ സർവകക്ഷി യോഗം വിളിച്ചു. പദ്ധതിയെയും കരാറിനെയും എതിർക്കുന്നില്ലെന്നും, ചില വ്യവസ്ഥകളുടെ കാര്യത്തിലാണ് സന്ദേഹമെന്നുമുള്ള നിലപാടി ലേക്ക് എൽഡിഎഫ് മാറി. 
  • കെ.വി.തോമസിന്റെ ഡൽഹിയിലെ വീട്ടിലെ പ്രഭാതഭക്ഷണ ചർച്ചയിൽ അദാനി - വിഴിഞ്ഞം ബന്ധത്തിനു വഴി തുറന്നു. ഉമ്മൻചാണ്ടിയും അന്നത്തെ തുറമുഖമന്ത്രി കെ.ബാബുവും ഗൗതം അദാനിയും പങ്കെടുത്ത യോഗം നിർണായകമായി. 
  • 2015 ഡിസംബർ 5ന് തുറമുഖ നിർമാണത്തിനു അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കല്ലിട്ടു. ആദ്യഘട്ടം 1000 ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ചു. 

5. മുകളിൽ സൂചിപ്പിച്ച ഭീഷണികൾ മൂലമാണ് ആഗോള ടെൻഡർ ക്ഷണിച്ചിട്ടും ഇത്ര വലിയ ഒരു പദ്ധതിക്ക് വേണ്ടി ഈ രംഗത്തുള്ള ആഗോള വമ്പന്മാർ ആരും മുമ്പോട്ടു വരാതിരുന്നത്. 

ഇങ്ങനെ ആവശ്യമായതും പിന്നീട് യാതൊരു നിയമപ്രശ്‌നങ്ങൾക്കും ഇടയാക്കാത്ത രീതിയിലുമുള്ള പ്രാരംഭ നടപടികളെല്ലാം പൂർത്തിയാക്കി എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഉമ്മൻചാണ്ടി ഈ പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയത്. അല്ലാതെ ഏതോ ഒരു സുപ്രഭാതത്തിൽ ക്ലിഫ് ഹൗസിൽ നിന്നും എണീറ്റ് പോയി കല്ലിടുകയല്ല ചെയ്തത്. കല്ലിട്ടതുകൊണ്ട് മാത്രം പദ്ധതിയാകില്ലെന്ന് പറഞ്ഞവർ ഇതുംകൂടി ഓർമ്മിക്കണം. പിന്നീട് പണി തുടർന്ന് മാസങ്ങൾക്ക് ശേഷമാണ് 2016 ലെ സർക്കാർ അധികാരത്തിൽ വരുന്നത്. 

അന്ന് ആദ്യം ചെയ്ത നടപടികളിൽ ഒന്ന് വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി യുഡിഎഫ് സർക്കാർ ഒപ്പിട്ട കരാറിൽ എന്തെങ്കിലും ക്രമക്കേടുകളോ അഴിമതിയോ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ജസ്റ്റിസ് സി. എൻ രാമചന്ദ്രൻനായർ അവർകളെ കമ്മീഷനായി നിയമിക്കുകയാണ് ചെയ്തത്. എന്തെങ്കിലും തകരാറുകൾ കണ്ടുപിടിച്ചാൽ അതിന്റെ പേരിൽ പദ്ധതി തന്നെ ഒഴിവാക്കാനും രാഷ്ട്രീയമായി ഉമ്മൻചാണ്ടിയെത്തന്നെ ഉന്മൂലനം ചെയ്യാനും കഴിയുന്നതിനുവേണ്ടിയാണോ ആ നടപടി എന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റ് പറയാനാകില്ല.

എന്നാൽ എല്ലാം നടപടിക്രമങ്ങളും സംശുദ്ധമാണെന്ന് ബഹുമാനപ്പെട്ട കമ്മീഷന്റെ റിപ്പോർട്ടോടുകൂടി സർക്കാർ വെട്ടിലായി. പദ്ധതി ഉപേക്ഷിക്കാനോ ഉമ്മൻചാണ്ടിയെ സംശയിക്കാനോ സാധിക്കാത്ത സ്ഥിതി വന്നു. പദ്ധതി ഉപേക്ഷിക്കുന്നതിന് കേരള ജനതയോട് ന്യായീകരണമൊന്നും പറയാനില്ലാതെയുമായി. അങ്ങനെ ഗതികെട്ടാണ് ഇപ്പോൾ കൊട്ടിഘോഷിക്കുന്ന നിശ്ചയദാർഢ്യവും ഊർജ്ജസ്വലതയും ഒക്കെ ഉയർത്തെഴുന്നേറ്റതും ഈ പദ്ധതി നടപ്പിലാക്കാൻ നിർബന്ധിതമായതും എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെയും കുറ്റപ്പെടുത്താൻ ആകില്ല.

6. ഈ പദ്ധതി അദാനി ഏറ്റെടുക്കുന്നതിനിടയായ സാഹചര്യം എന്തെന്ന് മുമ്പ് ശശി തരൂരും ഇപ്പോൾ സർക്കാരിന്റെ തന്നെ വക്താവായ കെ. വി. തോമസും വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആ കാര്യങ്ങൾ മുകളിലും സൂചിപ്പിച്ചിട്ടുണ്ട്. വിഴിഞ്ഞത്തിന്റെ ആരംഭ ശില്പി  ആരെന്ന് ഇനി ജനങ്ങൾ  തീരുമാനത്തിലെത്തട്ടെ. 

7. ജവഹർലാൽ നെഹ്‌റുവിന്റെ കാലം മുതൽ ഇപ്പോഴത്തേതുവരെയുള്ള എല്ലാ കേന്ദ്ര സർക്കാരുകളും, തങ്ങളുടേതല്ലാത്ത സംസ്ഥാന സർക്കാരുകളും സ്വീകരിച്ച എല്ലാ നല്ല കാര്യങ്ങളെയും എതിർക്കുകയും, അങ്ങനെ താങ്കളുടേത് മാത്രമായി നിലനിർത്തിയിരുന്ന  ത്രിപുരയെയും ബംഗാളിനെയും അധോഗതിയുടെ പടുകുഴിയിൽ ആഴ്ത്തി നശിപ്പിച്ച് ഇന്ത്യയിലെ ഏതാണ്ട് ആകമാനം വേരറ്റ് കേരളത്തിൽ മാത്രം കുറച്ച് ശേഷിക്കുകയും ചെയ്യുന്ന ഇവിടുത്തെ ഇടതുപക്ഷം ഇനിയെങ്കിലും വസ്തുതകൾ മനസ്സിലാക്കുമെന്ന് കരുതുന്നത് വ്യർത്ഥമാണ്.  

8. ഇക്കൂട്ടർ കേരളത്തിൽ കൊടികുത്തി പൂട്ടിച്ച വ്യവസായ സ്ഥാപനങ്ങളുടെയും തോറ്റുനാറിയ സമരങ്ങളുടെയും പട്ടിക പണ്ട് കേരളത്തിലാകെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു എന്നും, ഇപ്പോഴും അവയെല്ലാം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു എന്നും ഓർമിച്ചാൽ നല്ലത്.

9. തങ്ങൾ പറയുകയും ചെയ്യുകയും ചെയ്യുന്നതും മാത്രമേ ശരിയുള്ളൂവെന്നും, അവ എല്ലാവരും അംഗീകരിക്കുകയും അനുസരിക്കുകയും വേണമെന്നുള്ള നിർബന്ധബുദ്ധി നടപ്പുള്ള കാര്യമല്ലെന്ന് ഇനിയെങ്കിലും കേരള ജനത ബന്ധപ്പെട്ടവരെയൊക്കെ ബോധ്യപ്പെടുത്തുന്നത് നന്നായിരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img