കലൂർ സബ്‌സ്റ്റേഷനിലെ വൈദ്യുതി വിതരണത്തിലുണ്ടായിരുന്ന പ്രശ്നത്തിന് പരിഹാരമായി 220 കെ.വി. വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ടി. ജെ. വിനോദ് എം.എൽ.എ നടത്തിയ ഇടപെടലുകളാണ് പരിഹാരം വേഗത്തിലാക്കാൻ വഴിയൊരുക്കിയത്.
ബ്രഹ്മപുരം സബ്‌സ്റ്റേഷനിൽ നിന്നുള്ള 220 കെ.വി. ഫീഡറുകളിൽ തകരാർ സംഭവിച്ചതിനെ തുടർന്ന് കലൂർ സബ്‌സ്റ്റേഷനിലേക്കുള്ള 220 കെ.വി. വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു. ഇതുമൂലം കലൂർ സബ്‌സ്റ്റേഷൻ 110 കെ.വി. വിതരണത്തെ ആശ്രയിച്ചാണ് പ്രവർത്തിച്ചിരുന്നത്. തകരാറിലായതിനെ തുടർന്ന് കലൂരിലും നഗരത്തിൽ കലൂർ സബ് സ്റ്റേഷനിലെ വിതരണത്തെ ആശ്രയിച്ചു കഴിയുന്ന പ്രദേശങ്ങളും രൂക്ഷമായ പ്രതിസന്ധിയിലായിരുന്നു.
വൈദ്യുതി വിതരണത്തിലെ പ്രശ്നം ശ്രദ്ധയിൽപ്പെട്ട ഉടൻ ടി. ജെ. വിനോദ് എം.എൽ.എ വിഷയം വൈദ്യുതി വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ബന്ധപ്പെട്ട കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുകയും പുനഃസ്ഥാപന നടപടികൾ വേഗത്തിലാക്കുകയും ചെയ്തു.
തകരാറിലായ ഫീഡറുകളിൽ 220 കെ.വി. ഫീഡർ BRKA1 14.09.2026-ന് 13:31 മണിയോടെ ചാർജ് ചെയ്ത് 24 മണിക്കൂർ നോ-ലോഡ് നിലയിൽ നിരീക്ഷണത്തിലാക്കി. തുടർന്ന് ഇന്നലെ (15) ഉച്ചയ്ക്ക് 01:21മണിയോടെ ഫീഡർ ലോഡ് ചെയ്യുകയും കലൂർ സബ്‌സ്റ്റേഷനിലേക്കുള്ള 220 കെ.വി. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുകയും ചെയ്തു.
220 കെ.വി. ഫീഡറിലെ തകരാർ മൂലം 110 കെ.വി. വിതരണത്തിൽ പ്രവർത്തിച്ചിരുന്ന കലൂർ സബ്‌സ്റ്റേഷനിലെ ലോഡ് ക്രമീകരണങ്ങൾ ആവശ്യാനുസരണം പുനഃക്രമീകരിച്ചാണ് സബ്‌സ്റ്റേഷന്റെ പ്രവർത്തനം സാധാരണ നിലയിലാക്കിയത്.
കലൂർ സബ്‌സ്റ്റേഷനിലേക്കുള്ള 220 കെ.വി. വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതോടെ വിതരണവുമായി ബന്ധപ്പെട്ടിരുന്ന പ്രശ്നത്തിന് പരിഹാരമായി. അടിയന്തര ഇടപെടൽ നടത്തി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ സഹകരിച്ച വൈദ്യുതി വകുപ്പ് മന്ത്രിയെയും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെയും ടി. ജെ. വിനോദ് എം.എൽ.എ അഭിനന്ദിച്ചു.








