
തിരുവനന്തപുരം: പ്രമുഖ കാർട്ടൂണിസ്റ്റുകളായ മഞ്ജുളിന്റെയും സതീഷ് ആചാര്യയുടെയും കാർട്ടൂണുകൾക്ക് ഇന്ത്യയിലെ സാമൂഹ്യമാധ്യമങ്ങളിൽ വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധവുമായി കേരള കാർട്ടൂൺ അക്കാദമി. ഇരുവരുടെയും കാർട്ടൂണുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ നടപടി പ്രതിഷേധാർഹമാണെന്ന് അക്കാദമി വ്യക്തമാക്കി.
നിരവധി കാർട്ടൂണിസ്റ്റുകൾക്കും സമാനമായ വിലക്ക് നേരിടേണ്ടിവന്നിട്ടുണ്ടെന്നും, എന്നാൽ ഇവരിൽ പലരും പരസ്യമായി പ്രതിഷേധവുമായി രംഗത്തെത്താത്തത് ആശങ്കപ്പെടുത്തുന്നതാണെന്നും കേരള കാർട്ടൂൺ അക്കാദമി പ്രസ്താവനയിൽ പറഞ്ഞു.
വിമർശനത്തിന്റെ കലാരൂപമാണ് കാർട്ടൂണെന്നും, വിമർശനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന പ്രവണത വ്യാപകമാകുന്നതിൽ ആശങ്കയുണ്ടെന്നും അക്കാദമി ചൂണ്ടിക്കാട്ടി. “ഡോൺട്ട് സ്പെയർ മീ ശങ്കർ” എന്ന് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കാർട്ടൂണിസ്റ്റ് ശങ്കറിനോട് പറഞ്ഞിരുന്ന പാരമ്പര്യമുള്ള രാജ്യത്താണ് ഇത്തരം വിലക്കുകൾ ഉണ്ടാകുന്നതെന്നും അക്കാദമി അഭിപ്രായപ്പെട്ടു.
മഞ്ജുളിന്റെയും സതീഷ് ആചാര്യയുടെയും കാർട്ടൂണുകൾക്കുള്ള വിലക്കുകൾ അടിയന്തരമായി പിൻവലിക്കണമെന്ന് കേരള കാർട്ടൂൺ അക്കാദമി ആവശ്യപ്പെട്ടു. ആവിഷ്കാര സ്വാതന്ത്ര്യവും ജനാധിപത്യബോധവും ഉയർത്തിപ്പിടിച്ചുകൊണ്ട് ഇരുവർക്കും അക്കാദമി പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.










