
ഗണേഷ് നിരപരാധി എങ്കില്‍ അതും തെളിയിക്കപ്പെടണമെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊച്ചി: ഉമ്മൻചാണ്ടിയുടെ ആത്മാവിന് നീതി കിട്ടണമെങ്കിൽ സോളാർ കേസുമായി മുന്നോട്ട് പോകണമെന്ന് ഹൈക്കോടതി. സോളാർ ഗൂഡാലോചന കേസ് റദ്ദാക്കണമെന്ന കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം. സോളാർ പീഡനക്കേസിലെ കത്ത് തിരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നായിരുന്നു ഗണേഷ് കുമാറിന്റെ ആവശ്യം. ഹർജി കോടതി തള്ളുകയും ചെയ്തു. ഗൂഢാലോചന ആരോപണമായി നിലനിൽക്കുന്നിടത്തോളം കാലം ഉമ്മൻ ചാണ്ടിയുടെ ആത്മാവ് പൊറുക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നായിരുന്നു ഹർജി തള്ളിയ കോടതിയുടെ പരാമർശം. ഉമ്മൻചാണ്ടിയുടെ ആത്മാവിന് നീതി കിട്ടണമെങ്കിൽ കേസുമായി മുന്നോട്ട് പോകണം. ഗൂഢാലോചന ആരോപണമായി നിലനിൽക്കുന്നിടത്തോളം കാലം ഉമ്മൻ ചാണ്ടിയുടെ ആത്മാവ് പൊറുക്കില്ല. ഗണേഷിനെതിരെ ഉയർന്നിട്ടുള്ളത് ഗുരുതര ആരോപണങ്ങളാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഗണേഷ് നിരപരാധി എങ്കിൽ അതും തെളിയിക്കപ്പെടണമെന്നും കോടതി ചൂണ്ടിക്കാട്ടി. ആരോപണങ്ങൾ തെറ്റെന്നു കണ്ടെത്തിയാൽ പരാതിക്കാരനെതിരെ ഗണേഷിന് നിയമനടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.
അതേസമയം സോളാർ ഗൂഢാലോചന കേസിൽ ഗണേഷ് നേരിട്ട് ഹാജരാകണമെന്ന കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി നടപടി ചോദ്യം ചെയ്തുകൊണ്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കോടതിയിൽ ഹാജരാകണമെന്ന ഉത്തരവ് തടയാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
















