സെപ്റ്റംബർ 22ന് ജില്ലകളിൽ സൗജന്യ സ്വതന്ത്ര സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ഫെസ്റ്റ്
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 22 രാവിലെ 10.30 ന് ഓൺലൈനായി പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി എൻ ഷംസുദ്ദീൻ നിർവ്വഹിക്കും. തുടർന്ന് സ്വതന്ത്ര സോഫ്റ്റുവെയറിന്റെ പ്രസക്തിയെ സംബന്ധിച്ച് കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.അച്യുത്ശങ്കർ എസ്. നായർ പ്രഭാഷണം നടത്തും. ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ. വിജയൻ, കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത്, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. കെ.കെ. മഷൂദ് എന്നിവർ സംബന്ധിക്കും.
സോഫ്റ്റുവെയർ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കൈറ്റിന്റെ എല്ലാ ജില്ലാ ഓഫീസിലും പൊതുജനങ്ങൾക്ക് അവരുടെ ലാപ്ടോപ്പുകളിൽ സൗജന്യമായി സ്വതന്ത്ര സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്തു നൽകുന്ന 'ഇൻസ്റ്റാൾ ഫെസ്റ്റ്' നടത്തുന്നതാണ്. ജില്ലയിൽ കൈറ്റിന്റെ ഇടപ്പള്ളിയിലുള്ള കേന്ദ്രത്തിൽ രാവിലെ 10 മണി മുതൽ ഇതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഇൻസ്റ്റാൾ ഫെസ്റ്റിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ernakulamkite@gmail.com എന്ന ഇ മെയിൽ മുഖാന്തരം രജിസ്റ്റർ ചെയ്യേണ്ടതാണ്.
സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതിൽ മാറ്റം വരുത്താനും യാതൊരു തടസങ്ങളുമില്ലാതെ ആവശ്യമുള്ളത്ര പകർപ്പുകൾ എടുക്കാനും സാധിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് സ്വതന്ത്ര സോഫ്റ്റ്‌വയറുകൾ. ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയറുകൾ സൗജന്യമായി ലഭ്യമാക്കുകയാണെങ്കിൽ പോലും അവ യഥേഷ്ഠം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം അവയുടെ ലൈസൻസ് വ്യവസ്ഥകളിൽ അനുവദിക്കുന്നില്ല. കേരളത്തിൽ ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസ്സുകളിൽ പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ കൈറ്റിന്റെ നേതൃത്വത്തിലുള്ള ഈ പ്രവർത്തനം ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വതന്ത്ര സോഫ്റ്റ്‌വെയർ വിന്യാസമാണ്.
സെപ്റ്റംബർ 23ന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും സോഫ്റ്റുവെയർ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടക്കും. അന്നേദിവസം സ്‌കൂൾ അസംബ്‌ളിയിൽ കുട്ടികൾ സ്വതന്ത്രസോഫ്റ്റുവെയർ പ്രതിജ്ഞ എടുക്കും.
Photo Courtesy - Google







