03:08am 30 July 2026
NEWS
സോഷ്യലിസവും മതേതരത്വവും ഭരണഘടനയിൽ നിന്ന് ഒഴിവാക്കണമെന്ന് ആർ എസ് എസ്
27/06/2025  10:43 AM IST
nila
സോഷ്യലിസവും മതേതരത്വവും ഭരണഘടനയിൽ നിന്ന് ഒഴിവാക്കണമെന്ന് ആർ എസ് എസ്

ഭരണഘടനയിൽ നിന്ന് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങൾ ഒഴിവാക്കണമെന്ന് ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളെ. ഡൽഹിയിൽ ഒരുപൊതുപരിപാടിയിൽ പങ്കെടുക്കവെയാണ് ആർ എസ് എസ് നേതാവിന്റെ വിവാദ പരാമർശം. ഇന്ദിരാ​ഗാന്ധി അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയുടെ ആമുഖത്തിൽ എഴുതിച്ചേർത്തവയാണ് ഈ പദങ്ങളെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പൗരന്മാരുടെ എല്ലാ തരത്തിലുള്ള സ്വാതന്ത്ര്യവും ഹനിക്കപ്പെട്ട ദിനങ്ങളായിരുന്നു അടിയന്തരാവസ്ഥയിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

ദത്താത്രേയ ഹൊസബളെയുടെ വാക്കുകൾ ഇങ്ങനെ: 

''1975 ജൂൺ 25-നാണ് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 21 മാസം നീണ്ട അടിയന്തരാവസ്ഥ 1977 മാർച്ച് 21-നാണ് അവസാനിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായം എന്നാണ് അടിയന്തരാവസ്ഥക്കാലം അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. നിർബന്ധിത വന്ധ്യവൽക്കരണമടക്കമുള്ള ക്രൂരകൃത്യങ്ങളാണ് അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയത്. ആയിരക്കണക്കിന് ജനങ്ങൾ ജയിലിൽ അടയ്ക്കപ്പെട്ടു. ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കപ്പെട്ടു. കോടതിയുടെയും മാധ്യമങ്ങളുടെയും സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു.

ഈ കാലത്താണ് ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ കോൺഗ്രസ് ഉൾപ്പെടുത്തിയത്. അംബേദ്കർ തയ്യാറാക്കിയ ഭരണഘടനയിൽ ആ പദങ്ങൾ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ, അടിയന്തരാവസ്ഥക്കാലത്തിന്റെ 50-ാം വാർഷികം തികയുന്ന ഈ സമയത്ത് കോൺഗ്രസ് നേതൃത്വം രാജ്യത്തെ ജനങ്ങളോട് മാപ്പുപറയണം.

'അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തെ ജനങ്ങളെ മുഴുവൻ ദ്രോഹിച്ചവരാണ് ഇപ്പോൾ ഭരണഘടനയും ഉയർത്തിപ്പിടിച്ച് നടക്കുന്നത്. അവർ ഇപ്പോഴും മാപ്പ് പറഞ്ഞിട്ടില്ല. നിങ്ങളുടെ പൂർവികന്മാരാണ് അത് ചെയ്തത്. നിങ്ങൾ അതിനുവേണ്ടി രാജ്യത്തെ മുഴുവൻ ജനങ്ങളോടും മാപ്പ് പറയണം.''

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img