11:32am 11 November 2026
NEWS
ലഡാക്ക് സംഘർഷം: സോനം വാങ്ചുക് അറസ്റ്റിൽ
26/09/2025  04:15 PM IST
nila
ലഡാക്ക് സംഘർഷം: സോനം വാങ്ചുക് അറസ്റ്റിൽ

ലഡാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക് അറസ്റ്റിൽ. ലഡാക്ക് പൊലീസ് അറസ്റ്റ് ചെയ്ത  വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. ലഡാക്കിലെ സംഘർഷം രൂക്ഷമാകാൻ സോനം വാങ്ചുക്ക് നടത്തിയ പല പരാമർശങ്ങളും കാരണമായെന്ന് കേന്ദ്രസർക്കാർ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സോനം വാങ്ചുക് അറസ്റ്റിലായിരിക്കുന്നത്. ലഡാക്കിന്  സ്വതന്ത്ര പദവി നൽകണമെന്നാവശ്യപ്പെട്ടാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. 

കേന്ദ്രസർക്കാർ വേട്ടയാടുന്നുവെന്ന ആരോപണവുമായി സോനം വാങ്ചുക്ക് നേരത്തേ രംഗത്തെത്തിയിരുന്നു. വിദേശത്തുനിന്ന് ഫണ്ട് ലഭിച്ചിട്ടില്ലെന്നും സിബിഐയുടെയും ഐടി വകുപ്പിന്റെയും നോട്ടീസ് ലഭിച്ചതായും സോനം വാങ്ചുക് പറഞ്ഞിരുന്നു. കുറ്റങ്ങളെല്ലാം തന്റെ മേൽ ചുമത്തുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു

ലഡാക്ക് സംഘർഷത്തിന് പിന്നാലെ സോനം വാങ്ചുക്കിനെതിരെ നടപടി കടുപ്പിക്കുകയാണ് കേന്ദ്രസർക്കാർ. ഇന്നലെ വാങ്ചുക്കിന്റെ സന്നദ്ധ സംഘടനക്ക് വരുന്ന വിദേശ ഫണ്ട് കേന്ദ്രസർക്കാർ തടഞ്ഞിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതായിരുന്നു നടപടി. വിവിധ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നും ഇതേ തുടർന്നാണ് നടപടിയെന്നുമാണ് കേന്ദ്രസർക്കാരിന്റെ വാദം. ചട്ടങ്ങൾ ലംഘിച്ച് വിദേശ ഫണ്ട് കൈപ്പറ്റിയെന്ന് ചൂണ്ടിക്കാട്ടി സോനത്തിനെതിരെ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചതിന് പിന്നാലെയായിരുന്നു സന്നദ്ധ സംഘടയ്ക്കുള്ള വിദേശ ഫണ്ട് കേന്ദ്രസർക്കാർ തടഞ്ഞത് എന്നതും ശ്രദ്ധേയമാണ്.

ബുധനാഴ്ചയായിരുന്നു ലഡാക്കിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ലഡാക്കിന് സ്വതന്ത്ര പദവി നൽകണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭകർ തെരുവിലിറങ്ങുകയായിരുന്നു. സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെടുകയും അമ്പതിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img