
സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും
പട്ടികജാതി-പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം' ഒക്ടോബർ രണ്ട് മുതൽ 15 വരെ സംഘടിപ്പിക്കുന്നു. പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഒക്ടോബർ രണ്ട്) രാവിലെ പത്തിന് എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
"പുതുയുഗ വഴിയിൽ നാമുയരുന്നു... നാടുണരുന്നു..." എന്ന സന്ദേശമുയർത്തിയാണ് പക്ഷാചരണം നടക്കുന്നത്.പട്ടികജാതി വികസന വകുപ്പിന്റെ നൈപുണ്യവികസന പദ്ധതി പ്രകാരം ജോലി ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഓഫർ ലെറ്ററുകൾ വിതരണം ചെയ്യും.
കെ എസ് ബി സി ഡി സി (KSBCDC) യുടെ സി ഡി എസ് മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ നിർവ്വഹിക്കും. 2025-26 വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഒബിസി വിദ്യാർഥികൾക്കുളള അവാർഡുകൾ ഫിഷറീസ്, സാമൂഹ്യ നീതി വകുപ്പ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ വിതരണം ചെയ്യും. കലാകായിക പ്രതിഭകളെ ചടങ്ങിൽ ആദരിക്കും.
ചടങ്ങിൽ പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി ടീച്ചർ അധ്യക്ഷത വഹിക്കും. എം.പിമാർ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കാളികളാകും.
Photo Courtesy - Google









