
കൊച്ചി: ഇൻസ്റ്റഗ്രാം താരം റിൻസി മുംതാസ് ലഹരിക്കേസിൽ വീണ്ടും പിടിയിൽ. നെടുമ്പാശ്ശേരി എയർപോട്ടിന് സമീപത്തെ എം ജെ റസിഡൻസിയി നിന്നാണ് റിൻസി മുംതാസിനെയും കൂട്ടാളികളായ വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്ത്, നൂറനാട് സ്വദേശി ബിജു എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 3.58 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ലഹരി ഉപയോഗിക്കാനും വിൽക്കാനുമായാണ് സംഘം എം ജെ റസിഡൻസിയിൽ റൂമെടുത്തത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സിനിമാ മേഖലയിൽ അടക്കം ലഹരി വിൽപ്പന നടത്തുന്ന റിൻസി മുംതാസ് കോഴിക്കോട് ഫറോക്ക് സ്വദേശിനിയാണ്.
2025 ജൂലൈ മാസത്തിൽ എംഡിഎംഎയുമായി റിൻസി മുംതാസ് പിടിയിലായിരുന്നു. അന്ന് ലഹരി എത്തിച്ചത് സിനിമ മേഖലയിലുള്ളവർക്കാണ്. എംഡിഎംഎ വാങ്ങാൻ മാത്രം റിൻസി മുംതാസ് ചെലവിട്ടത് പത്ത് ലക്ഷത്തോളം രൂപയാണ്. ബെംഗളൂരുവിൽ നിന്ന് കൊക്കെയ്നും എത്തിച്ചെന്നാണ് പൊലീസ് പറഞ്ഞത്. ഗൂഗിൾ പേ വഴിയും ക്രിപ്റ്റോ കറൻസി വഴിയും പണമിടപാട് ഇടപാട് നടത്തിയവരിൽ ഏറെയും സിനിമ പ്രവർത്തകരാണെന്നും പൊലീസ് വിശദമാക്കുന്നു.
യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും താരമാണ് കോഴിക്കോട് ഫറൂഖ് സ്വദേശിനി റിൻസി മുംതാസ്. മലയാള സിനിമയിലെ യുവ താരങ്ങൾക്കിടയിൽ സുപരിചിത. അടുത്ത കാലത്തിറങ്ങിയ പല ചിത്രങ്ങളുടെയും പ്രമോഷനും, മറ്റ് പ്രചാരണ പരിപാടികളും ഏറ്റെടുത്ത് നടത്തിയിരുന്നു. റിൻസിയുടെ സഹായിയായി പ്രവർത്തിച്ച വ്യക്തിയായിരുന്നു അറസ്റ്റിലായ യാസർ അറാഫത്ത്. ലഹരി എത്തിച്ചു നൽകിയതും വേണ്ടവർക്ക് കൈമാറുന്നതുമെല്ലാം യാസറായിരുന്നു. സിനിമാ പി.ആർ കമ്പനിയായ ഒബ്സ്ക്യൂറ എൻറർടെയിൻമെന്റിൻറെ ഭാഗമായിരുന്നു റിൻസി. ലഹരിക്കേസിൽ അറസ്ററ്റിലായതോടെ റിൻസിയെ ഒബ്ക്യൂറ തള്ളിപ്പറഞ്ഞു.








