
പാക് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പ്യാരി മറിയം പ്രസവത്തെ തുടർന്ന് അന്തരിച്ചു. ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് പിന്നാലെ യുവതിയുടെ ആരോഗ്യനില പെട്ടെന്നു വഷളാകുകയായിരുന്നു. ലാഹോറിൽ വെച്ചാണ് യുവതി ഇരട്ടകൾക്ക് ജന്മംനൽകിയതിന് പിന്നാലെ അന്തരിച്ചത്.
പ്രസവത്തിനുശേഷം പ്യാരിക്ക് ഗുരുതരമായ സങ്കീർണ്ണതകൾ ഉണ്ടായതും അത് ജീവൻ നഷ്ടപ്പെടാൻ കാരണമായതുമാണ് റിപ്പോർട്ടുകൾ. പ്യാരിയുടെ മരണ വാർത്ത ഭർത്താവ് അഹ്സാൻ അലി ഇൻസ്റ്റഗ്രാമിലൂടെ സ്ഥിരീകരിച്ചു. “സങ്കൽപ്പിക്കാനാവാത്ത നഷ്ടമാണ് ഇത്. പ്യാരിക്കായി പ്രാർഥിക്കൂ,” എന്ന് അദ്ദേഹം കുറിച്ചു.
അതേസമയം, പ്രസവസമയത്ത് കുഞ്ഞുങ്ങളും മരിച്ചെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകൾ പൂർണ്ണമായി തെറ്റാണെന്ന് അഹ്സാൻ വ്യക്തമാക്കി. ഇരട്ടക്കുഞ്ഞുകളും സുരക്ഷിതരാണെന്നും ആരോഗ്യനില നല്ലതാണ് എന്നും അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ അറിയിച്ചു. “തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ പ്യാരിക്കായി പ്രാർഥിക്കണം,” എന്നും അഭ്യർഥിച്ചു.
ഇൻസ്റ്റാഗ്രാമിൽ ഏകദേശം 1.5 ലക്ഷം ഫോളോവേഴ്സും ടിക് ടോക്കിൽ 20 ലക്ഷം ഫോളോവേഴ്സും ഉള്ള പ്രശസ്ത കണ്ടന്റ് ക്രിയേറ്ററായിരുന്നു പ്യാരി മറിയം. ജീവിത നിമിഷങ്ങളും നൃത്ത വിഡിയോകളും ഭർത്താവിനൊപ്പമുള്ള ക്ലിപ്പുകളും പങ്കുവെച്ച് വലിയ ആരാധക പിന്തുണ നേടിയിരുന്നു. അമ്മയാകാൻ പോകുന്ന സന്തോഷവാർത്തയും അവർ അടുത്തിടെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.











