02:23am 23 November 2026
NEWS
ഫെയ്സ് ക്രീം ഉപയോ​ഗിച്ചതിനെ തുടർന്ന് പെൺകുട്ടിക്ക് വൃക്കരോ​ഗം ബാധിച്ച സംഭവം; പരസ്യത്തിൽ വിശദീകരണവുമായി നടി റനീഷ റഹ്മാൻ
22/11/2026  07:48 PM IST
nila
ഫെയ്സ് ക്രീം ഉപയോ​ഗിച്ചതിനെ തുടർന്ന് പെൺകുട്ടിക്ക് വൃക്കരോ​ഗം ബാധിച്ച സംഭവം; പരസ്യത്തിൽ വിശദീകരണവുമായി നടി റനീഷ റഹ്മാൻ

മലപ്പുറം: സൗന്ദര്യവർധക ക്രീം ഉപയോഗിച്ചതിനെ തുടർന്ന് പെൺകുട്ടിക്ക് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവത്തിൽ വിശദീകരണവുമായി സീരിയൽ താരം റനീഷ റഹ്മാൻ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ പരസ്യം കണ്ടാണ് ഓൺലൈനിലൂടെ ക്രീം വാങ്ങി ഉപയോഗിച്ചതെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. റനീഷയും ഈ ഫെയ്സ് ക്രീമിന്റെ പ്രചാരണത്തിൽ പങ്കാളിയായതോടെ താരത്തിനെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു.

സംഭവം അറിഞ്ഞപ്പോൾ താൻ ഏറെ ഞെട്ടിപ്പോയെന്ന് റനീഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. ക്രീം പ്രമോട്ട് ചെയ്ത വ്യക്തി എന്ന നിലയിലും ഉൽപന്നം ഉപയോഗിച്ച വ്യക്തി എന്ന നിലയിലും വാർത്ത തന്നെ വേദനിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന പെൺകുട്ടി എത്രയും വേഗം രോഗമുക്തി നേടട്ടെയെന്ന് ആത്മാർഥമായി പ്രാർഥിക്കുന്നതായും താരം വ്യക്തമാക്കി.

പണം മാത്രം ലക്ഷ്യമിട്ടാണ് ഇൻഫ്ലുവൻസർമാർ ഉൽപന്നങ്ങളുടെ പരസ്യം ചെയ്യുന്നതെന്നും ഉപയോഗിച്ചുനോക്കാതെയാണ് പലരും പ്രമോഷൻ ഏറ്റെടുക്കുന്നതെന്നുമുള്ള വിമർശനങ്ങൾക്കും റനീഷ മറുപടി നൽകി. താൻ ഇതുവരെ നേരിട്ട് ഉപയോഗിച്ചുനോക്കാത്ത ഒരു ഉൽപന്നവും പ്രമോട്ട് ചെയ്തിട്ടില്ലെന്നാണ് താരത്തിന്റെ വിശദീകരണം.

ക്രീം ഉപയോഗിച്ചതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതോടെ ഉൽപന്നങ്ങളുടെ ഓൺലൈൻ പ്രചാരണവും ഇൻഫ്ലുവൻസർമാരുടെ ഉത്തരവാദിത്തവും സംബന്ധിച്ച ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ശക്തമായിരിക്കുകയാണ്.

‘‘കഴിഞ്ഞ വർഷം മുഖത്തുണ്ടായ കരുവാളിപ്പ് മാറാനായി ഈ ക്രീം 15 ദിവസത്തോളം സ്വന്തമായി ഉപയോഗിച്ച് നോക്കിയിരുന്നു. സെൻസിറ്റീവ് ആയ എന്റെ ചർമ്മത്തിനു യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാകാതിരുന്നതും മികച്ച ഫലം ലഭിച്ചതുമാണ് ആത്മവിശ്വാസത്തോടെ വിഡിയോ ചെയ്യാൻ പ്രേരിപ്പിച്ചത്. പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ശവംതീനിയാണ് എന്ന് ഒരു ചേട്ടന്‍റെ പ്രയോഗം കണ്ടു. അതിനോട് യോജിക്കില്ല. പ്രമോഷനു പണം വാങ്ങിക്കാറുണ്ട്. എന്നാല്‍ പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ആളല്ല ഞാന്‍. ഉപയോഗിച്ച് ബോധ്യപ്പെടാത്ത ഒരു ഉൽപന്നവും ഇന്നുവരെ ഇൻസ്റ്റഗ്രാമിലോ ഫെയ്സ്ബുക്കിലോ പ്രൊമോട്ട് ചെയ്തിട്ടില്ല. ഓരോരുത്തരുടെയും ചർമത്തിന്റെ സ്വഭാവവും ആരോഗ്യവും വ്യത്യസ്തമായിരിക്കും. സമൂഹമാധ്യമങ്ങളിലെ റിവ്യൂകൾ മാത്രം കണ്ട് ഉൽപന്നങ്ങള്‍ ഉപയോഗിക്കരുത്. ഏതൊരു ഉൽപന്നവും ഉപയോഗിക്കുന്നതിന് മുൻപ് ഒരു ഡോക്ടറുടെയോ ഡെർമറ്റോളജിസ്റ്റിന്റെയോ നിർദേശം തേടേണ്ടതാണ്. ഈ സംഭവം എനിക്കും വലിയൊരു പാഠമാണ്. എനിക്കുള്ള സാമൂഹിക ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് ഇനിമുതൽ ഇത്തരം ഉൽപന്നങ്ങളുടെ പരസ്യങ്ങൾ ചെയ്യുമ്പോൾ കൂടുതൽ ജാഗ്രതയും പരിശോധനയും നടത്തും. എല്ലാം ഇന്‍ഫ്ലുവന്‍സര്‍മാരും അങ്ങനെയാകണം’’ – റനീഷ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img