07:54pm 14 June 2024
NEWS
'പിതാവ് മൈത്രേയനെ എപ്പോഴെങ്കിലും അച്ഛാ എന്ന് വിളിക്കാൻ തോന്നിയിട്ടുണ്ടോ?' കനിയുടെ മറുപടി
09/06/2024  10:44 AM IST
എ.കെ.എസ്
'പിതാവ് മൈത്രേയനെ എപ്പോഴെങ്കിലും അച്ഛാ എന്ന് വിളിക്കാൻ തോന്നിയിട്ടുണ്ടോ?' കനിയുടെ മറുപടി

താങ്കളുടെ ഇൻസ്റ്റഗ്രാം, ഐ.ഡി കാന്താരീ കൺമണി എന്നാണല്ലോ.  എന്താണ് അങ്ങനെ ഇടാൻ കാരണം?
കാന്താരി എന്നതുകൊണ്ട് കുറച്ച് കുറുമ്പുള്ളവൾ എന്നാണ് ഉദ്ദേശിച്ചത്. കാന്താരി എന്ന പേര് തരുന്ന ഫീൽ എനിക്കിഷ്ടമായി. പിന്നെ കൺമണി എനിക്ക് ഇഷ്ടമുള്ള പേരാണ്. അക്കൗണ്ട് വെരിഫൈ ആയതിനുശേഷം കാന്താരി കൺമണി എന്ന ആ പേര് മാറ്റാൻ തോന്നിയിട്ടില്ല.

താങ്കൾ വളർന്നുവന്ന സാഹചര്യവും പുറത്തുനിൽക്കുന്ന സാഹചര്യവും തമ്മിൽ എങ്ങനെയാണ് യോജിച്ചുപോകുന്നത്?
അവ രണ്ടും തമ്മിൽ നിരന്തരം കോൺഫ്‌ളിക്റ്റുകൾ ഉണ്ടാകുന്നുണ്ട്. ആൾക്കാർ ജാഡ എന്ന് വിളിക്കുമെന്ന് കരുതി സൺഗ്ലാസ് പോലും ഇടാൻ മടിച്ചിരുന്ന കാലം എനിക്കുണ്ടായിരുന്നു. ഞാൻ അത്രത്തോളം ആളുകൾ എന്ത് പറയും എന്ന് കരുതിയിരുന്ന വ്യക്തിയായിരുന്നു. നാടകം ചെയ്ത് തുടങ്ങിയതിന് ശേഷമാണ് അത് മാറിയത്.

താങ്കളുടെ പിതാവ് മൈത്രേയനെ പേര് തന്നെയാണല്ലോ വിളിക്കാറുള്ളത്. എപ്പോഴെങ്കിലും അച്ഛാ എന്ന് വിളിക്കാൻ തോന്നിയിട്ടുണ്ടോ?
അച്ഛനെ പേര് വിളിക്കുന്നത് ഒരു മര്യാദകേടായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. ഞാൻ മൈത്രേയാ എന്ന് വിളിക്കുമ്പോൾ അതിൽ ഒരു പിതാവിനോടുള്ള സ്‌നേഹവും ബഹുമാനവും ഒക്കെയുണ്ട്. ഞാൻ അതാണ് ശീലിച്ചിട്ടുള്ളത്. ഒരു സാധാരണ കുട്ടി അച്ഛാ എന്ന് വിളിക്കുമ്പോൾ ഉണ്ടാകുന്ന അതേ വികാരം തന്നെയാണ് എനിക്ക് മൈത്രേയൻ എന്ന് വിളിക്കുമ്പോൾ കിട്ടുന്നത്. ഒരു വാക്ക് മാത്രം അല്ലേ ഇത്... അച്ഛൻ, അമ്മ എന്ന് വിളിക്കുമ്പോൾ മാത്രമേ വികാരം കലരുകയുള്ളൂ എന്ന് ഞാൻ കരുതുന്നില്ല.

കനിക്ക് പതിനെട്ട് വയസ്സ് തികയുമ്പോൾ അച്ഛൻ തന്ന ഒരു കത്തുണ്ട്. ഭയങ്കര ജനപ്രീതി ആയിരുന്നു അതിന് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. പിന്നീട് എപ്പോഴെങ്കിലും അതിന് മറുപടി കൊടുത്തിരുന്നോ?
ഇല്ല. പക്ഷേ ഞാനും മൈത്രേയനും ആ കത്തിലെ ഉള്ളടക്കത്തെപ്പറ്റി ഇപ്പോഴും സംസാരിക്കാറൊക്കെയുണ്ട്. ഇപ്പോഴാണ് ആ കത്ത് മൈത്രേയൻ എഴുതിയിരുന്നത് എങ്കിൽ ഞാൻ എന്ത് മറുപടി കൊടുക്കുമായിരുന്നു എന്നൊക്കെ ആലോചിച്ചിട്ടുണ്ട്.

അച്ഛനും കനിയും തമ്മിൽ ആശയങ്ങളിൽ വ്യത്യാസം വരാറുണ്ടോ?
തീർച്ചയായും ഉണ്ടാവാറുണ്ട്. അതിനെപ്പറ്റി നല്ല രീതിയിൽ തന്നെയുള്ള ചർച്ചകൾ ഞങ്ങൾ തമ്മിൽ ഉണ്ടാകാറുമുണ്ട്.

അമ്മയുമായുള്ള ബന്ധം...?
അമ്മയുമായി ഞാൻ വലിയ അടുപ്പമാണ്. പണ്ട് അങ്ങനെ ആയിരുന്നില്ല. എനിക്ക് അമ്മയെ കണ്ടില്ലെങ്കിലും കുഴപ്പം ഉണ്ടായിരുന്നില്ല. അച്ഛനോട് ആയിരുന്നു അന്ന് കൂടുതൽ കണക്ഷൻ ഉണ്ടായിരുന്നത്. പക്ഷേ ഇരുപതുകൾക്കുശേഷം അമ്മ എന്താണെന്ന് ഞാൻ മനസ്സിലാക്കി. എന്റെ അമ്മ വളരെ ലൈറ്റാണ്. എനിക്കെന്തും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം എനിക്ക് അമ്മയിലുണ്ട്.

ഫാമിലി എന്ന ഒരു കൺസെപ്റ്റിനെ എങ്ങനെയാണ് നോക്കി കാണുന്നത്?
എന്നെ സംബന്ധിച്ച് ഫാമിലി എന്നത് ഒരു ഫീലിംഗ് ആണ്. അച്ഛനും അമ്മയും സഹോദരങ്ങളും അടങ്ങിയത് മാത്രമല്ല ഫാമിലി. ഫാമിലി നമ്മൾക്ക് ഒരു സുരക്ഷിതത്വം തരും. നമ്മുടെ ചിന്തകളെ നല്ലതാക്കാൻ ഫാമിലിക്ക് സാധിക്കും.

ദീർഘകാലം പ്രണയത്തിൽ ആയിരുന്ന യുവാവുമായി വേർപിരിയുന്നു. ശേഷം അദ്ദേഹത്തിന്റെ പുതിയ കാമുകിയായി താങ്കൾ സൗഹൃദത്തിലാകുന്നു. ഇപ്പോൾ മൂന്നുപേരും ചേർന്ന് ഒരു വീട്ടിൽ താമസം. എന്താണ് പ്രണയത്തെ പറ്റി താങ്കളുടെ അഭിപ്രായം?
പ്രണയത്തിന്റെ വിജയം എന്നാൽ അത് ജീവിതാവസാനം വരെ കൊണ്ടുപോവുക എന്നൊരു നിലപാടിനോട് യോജിപ്പില്ല. ചിലപ്പോൾ അത് ഒരു നിമിഷത്തിൽ സന്തോഷമായിരിക്കാം. ഞാൻ ഒരു മോണോഗമാസ് അല്ല. പക്ഷേ എന്റെ പാർട്‌നർ ആനന്ദ് ആയിരുന്നു. ഒരു ഓപ്പൺ റിലേഷൻ ഷിപ്പിൽ തുടരാൻ ഞങ്ങൾ കുറെ ശ്രമിച്ചതാണ്. പക്ഷേ അദ്ദേഹത്തിന് അതിന് കഴിഞ്ഞില്ല. ഈ ബന്ധം ഉപേക്ഷിക്കാനും കഴിയാതെ വന്നപ്പോൾ ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് താമസിക്കാമെന്ന് കരുതി. ആനന്ദ് എന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നു. എനിക്ക് അദ്ദേഹവുമായി നല്ല സൗഹൃദമാണ്. ഈ ഒരു ബന്ധം ഞങ്ങൾ ഒരുപോലെ ആസ്വദിക്കുന്നു.
 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MAHILARATNAM