
പെരുമ്പാവൂർ: തിരഞ്ഞെടുപ്പിലെ തോൽവിയുടെ കണക്കുകൾക്കപ്പുറം ജീവിതത്തിൽ വലിയൊരു ഭാഗ്യനേട്ടം സ്വന്തമാക്കി പെരുമ്പാവൂർ വേങ്ങൂർ സ്വദേശിനി. കാനഡയിൽ എൻജിനീയറായി ജോലി ചെയ്യുന്ന സ്നേഹ ജോയിക്ക് ലോട്ടറിയിലൂടെ ലഭിച്ചത് അഞ്ച് മില്യൺ ഡോളർ. ഇന്ത്യൻ രൂപയിൽ 30 കോടിയിലേറെ വിലമതിക്കുന്ന സമ്മാനത്തുകയാണ് സ്നേഹയെ തേടിയെത്തിയത്.
ഒക്ടോബർ 21ന് നടന്ന കാനഡയിലെ ലോട്ടോ സ്പോട് 6/49 ക്ലാസിക് നറുക്കെടുപ്പിലാണ് സ്നേഹ വിജയിയായത്. നവംബർ 20ന് കാനഡ ലോട്ടറി കോർപറേഷൻ വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സമ്മാനത്തുക ഉപയോഗിച്ച് ആദ്യം ഭവനവായ്പ അടച്ചുതീർക്കാനാണ് സ്നേഹയുടെ തീരുമാനം. ലോകം ചുറ്റിക്കാണുന്നതിനൊപ്പം കുടുംബാംഗങ്ങളെ സഹായിക്കാനും ആഗ്രഹിക്കുന്നതായി വെസ്റ്റേൺ കാനഡ ലോട്ടറി കോർപറേഷന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.
രാഷ്ട്രീയത്തിലും ഒരിക്കൽ ഭാഗ്യം പരീക്ഷിച്ചയാളാണ് സ്നേഹ. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വേങ്ങൂർ പഞ്ചായത്തിലെ കൈപ്പിള്ളി വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു. എന്നാൽ എൽഡിഎഫ് സ്ഥാനാർഥിയോട് വെറും 13 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ട്രിപ്പിൾ മെയിൻ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയശേഷം കാക്കനാട് സെസിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
തിരഞ്ഞെടുപ്പിന് നാലുമാസത്തിനുശേഷം വിവാഹിതയായ സ്നേഹ കഴിഞ്ഞ അഞ്ചുവർഷമായി കാനഡയിലാണ്. ഭർത്താവും എൻജിനീയറുമായ നിലമ്പൂർ സ്വദേശി വിജിൽ വർഗീസിനൊപ്പം എഡ്മിന്റണിലാണ് താമസം.
വേങ്ങൂർ കൈപ്പിള്ളി പടിക്കക്കുടി പി.പി. ജോയിയുടെയും ജോളിയുടെയും മകളാണ് സ്നേഹ. കോൺഗ്രസ് ബൂത്ത് പ്രസിഡന്റാണ് പിതാവ്.








