
ആലപ്പുഴ: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം. ആലപ്പുഴയിൽ ചേർന്ന നേതൃയോഗത്തിൽ മുസ്ലിം ലീഗിനെതിരായ പ്രമേയം പാസാക്കി. മലപ്പുറം ജില്ലയെ ആരുടെയും സ്വകാര്യ സാമ്രാജ്യമായി കാണാനാകില്ലെന്നും, മതത്തിന്റെ പേരിൽ ലീഗ് സ്വയം ആനുകൂല്യങ്ങൾ ഉറപ്പാക്കുകയാണെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു.
തെരഞ്ഞെടുപ്പ് കാലങ്ങളിൽ മാത്രം ലീഗ് മതേതരത്വം പ്രസംഗിക്കുന്നുവെന്നും, മതാധിഷ്ഠിത ഭരണം നടത്തുന്നതിലൂടെ ഭരണഘടനാ ലംഘനം ചെയ്യുന്നുവെന്നും പ്രമേയം ആരോപിക്കുന്നു. കപട മതേതരത്വത്തിനെതിരെ ശക്തമായ നിലപാട് തുടരുമെന്നും എസ്എൻഡിപി നേതൃത്വം വ്യക്തമാക്കി. സാമൂഹിക നീതിക്കായി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന പോരാട്ടത്തിന് യോഗം പൂർണ പിന്തുണയും പ്രഖ്യാപിച്ചു.
അതേസമയം, എസ്എൻഡിപി–എൻഎസ്എസ് ഐക്യത്തിനും യോഗത്തിൽ അംഗീകാരം നൽകി. ഈ വിഷയത്തിൽ തുടർചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.
നായാടി മുതൽ നസ്രാണി വരെ എല്ലാ സമൂഹങ്ങളും ഒരുമിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകത പ്രമേയം ചൂണ്ടിക്കാട്ടുന്നു. മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ മതേതരത്വം ഉറപ്പാക്കേണ്ടതുണ്ടെന്നും, കപട മതേതരവാദികളായ ചില നേതാക്കൾ വെള്ളാപ്പള്ളി നടേശനെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയാണെന്നും യോഗം ആരോപിച്ചു.
ന്യൂനപക്ഷ വിഭാഗങ്ങൾ മതത്തെ ഉപയോഗിച്ച് സംഘശക്തിയായി മാറുകയാണെന്നും, മുസ്ലിം ലീഗിന് പുറമെ മറ്റ് മുസ്ലിം സംഘടനകളുമായും ചർച്ചകൾ നടത്തുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. സജി ചെറിയാൻ ഖേദം പ്രകടിപ്പിച്ചത് തെറ്റായ നടപടിയാണെന്നും, സത്യം പറഞ്ഞതിന് ഖേദം പ്രകടിപ്പിക്കേണ്ടതെന്താണെന്നും അദ്ദേഹം ചോദിച്ചു.











