06:04pm 22 November 2026
NEWS
എസ്എൻഡിപി മൈക്രോഫിനാൻസ് കേസ്: നവംബർ 26നകം അന്തിമ റിപ്പോർട്ട് നൽകണം; വീഴ്ചവരുത്തിയാൽ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണം


22/11/2026  07:52 AM IST
നിയമകാര്യലേഖകൻ
എസ്എൻഡിപി മൈക്രോഫിനാൻസ് കേസ്: നവംബർ 26നകം അന്തിമ റിപ്പോർട്ട് നൽകണം; വീഴ്ചവരുത്തിയാൽ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണം

കൊച്ചി: എസ്എൻഡിപി മൈക്രോഫിനാൻസ് ക്രമക്കേട് കേസിൽ നവംബർ 26നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കേരള ഹൈക്കോടതി. കൊല്ലം എൻക്വയറി കമ്മിഷണർ ആൻഡ് സ്‌പെഷ്യൽ കോടതിയിൽ റിപ്പോർട്ട് നൽകണമെന്നാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിർദേശം. ഉത്തരവ് പാലിച്ചില്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണം. 
മൈക്രോഫിനാൻസ് പദ്ധതിക്കായി അനുവദിച്ച സർക്കാർ ഫണ്ടിൽനിന്ന് 15.85 കോടി രൂപ ദുരുപയോഗം ചെയ്തെന്ന ആരോപണവുമായി ബന്ധപ്പെട്ടതാണ് കേസ്. എസ്എൻഡിപി യോഗം ഭാരവാഹികൾക്കും കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ മുൻ മാനേജിങ് ഡയറക്ടർമാർക്കും പങ്കുണ്ടെന്നാണ് ആരോപണം. 2016ലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.
അന്വേഷണത്തിന് കാര്യക്ഷമനായ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് 2020ൽ സമർപ്പിച്ച രണ്ട് ഹർജികൾ പരിഗണിക്കവെയാണ് നിർദേശം. അന്തിമ റിപ്പോർട്ടുകൾ തയ്യാറാണെന്നും അവ സമർപ്പിക്കാൻ രണ്ടാഴ്ച അനുവദിക്കണമെന്നും സ്റ്റേറ്റ് അറ്റോർണി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട രേഖകൾ വിവിധ പ്രത്യേക കോടതികളിലുണ്ടെന്നും അറിയിച്ചു.
എന്നാൽ നവംബർ 26നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. കേസ് അന്നുതന്നെ വീണ്ടും പരിഗണിക്കും. വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള പ്രതികളെ വിചാരണ ചെയ്യാൻ അഴിമതി നിരോധന നിയമപ്രകാരമുള്ള പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് ഈ മാസം ആദ്യം കോടതി വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img