08:15pm 18 August 2026
NEWS
സംസ്ഥാനം രൂക്ഷമായ ഊർജപ്രതിസന്ധിയാണ് നേരിടുന്നതെന്നും കെ.എസ്.ഇ.ബിയിലെ യൂണിയൻ രാജാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്നും എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ
18/08/2026  06:55 PM IST
സണ്ണി ലുക്കോസ്
സംസ്ഥാനം രൂക്ഷമായ ഊർജപ്രതിസന്ധിയാണ് നേരിടുന്നതെന്നും കെ.എസ്.ഇ.ബിയിലെ യൂണിയൻ രാജാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്നും എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

'യോഗനാദ'ത്തിന്റെ മുഖപ്രസംഗത്തിലൂടെയാണ് അദ്ദേഹം സർക്കാരിനെയും യൂണിയനുകളെയും രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. യൂണിയൻകാരുടെ ആധിപത്യം അവസാനിപ്പിക്കാനുള്ള ശക്തമായ നടപടികള്‍ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കെ.പി.സി.സി. പ്രസിഡന്റ് പദവി ഒഴിഞ്ഞു പൂർണ്ണമായും വൈദ്യുതി വകുപ്പിന്റെ ചുമതലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുഖപ്രസംഗം നിർദ്ദേശിക്കുന്നു. മുൻകാലങ്ങളില്‍ ആണവോർജ നിലയങ്ങള്‍ക്കും പുതിയ ജലവൈദ്യുത പദ്ധതികള്‍ക്കുമെതിരായി കേരളത്തില്‍ നടന്ന സമരങ്ങളാണ് ഇന്നത്തെ ഈ ദുർവിധിക്ക് കാരണമെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാണിക്കുന്നു. തമിഴ്‌നാട്ടില്‍ കല്‍പ്പാക്കത്തും കൂടംകുളത്തുമായി 1,220 മെഗാവാട്ടിന്റെ രണ്ട് ആണവനിലയങ്ങള്‍ വിജയകരമായി നിർമ്മിച്ചപ്പോള്‍ കേരളം സമരങ്ങളുടെ പിന്നില്‍ പോയി. കെ.എസ്.ഇ.ബി.യെ നേരെയാക്കാൻ ശ്രമിച്ച ഡോ. ബി. അശോക് എന്ന മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന് നേരിടേണ്ടി വന്ന അനുഭവങ്ങളും യൂണിയൻ സ്വാധീനത്തിന് ഉദാഹരണമാണ്.

കേന്ദ്ര സർക്കാരിന്റെ ഗാർഹിക സൗരോർജ പദ്ധതി കേരളത്തില്‍ നന്നായി നടക്കുന്നുണ്ടെങ്കിലും, ഉത്പാദിപ്പിക്കുന്ന 1,800 മെഗാവാട്ട് വൈദ്യുതിയുടെ നാലിലൊന്നുപോലും ശേഖരിക്കാൻ സംവിധാനമില്ലാത്തത് വലിയ വീഴ്ചയാണെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ഈ ഊർജപ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ ദീർഘവീക്ഷണത്തോടെയുള്ള കടുത്ത തീരുമാനങ്ങള്‍ വേണ്ടിവരുമെന്നും ആണവോർജ നിലയം ഉള്‍പ്പെടെയുള്ള സാധ്യതകള്‍ സർക്കാർ പരിശോധിക്കണമെന്നും മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img