
ചെങ്ങന്നൂർ: ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും കുടുംബശ്രീ ഓഫീസിലും പാമ്പുകൾ കയറിയത്
ജീവനക്കാരെയും സന്ദർശകരെയും ആശങ്കയിലാഴ്ത്തി. വൈകിട്ടോടെയാണ് രണ്ടിടത്തുനിന്നുമായി ഓരോ പാമ്പുകളെ വീതം സ്‌നേക്ക് ക്യാച്ചർ
പിടികൂടിയത്.
വൈകിട്ട് നാല് മണിയോടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൻ്റെ മുകളിലത്തെ നിലയിലാണ് ആദ്യം പാമ്പിനെ കണ്ടത്. ഉടൻതന്നെ ഫോറസ്റ്റ് കെയർ ടേക്കറും സ്‌നേക്ക് ക്യാച്ചറുമായ
പൂമല സാമിനെ വിവരമറിയിച്ചു. ഈ സമയം പന്തളത്ത് പാമ്പ് പിടുത്തത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന സാം, അവിടെത്തെ ദൗത്യം പൂർത്തിയാക്കി അഞ്ച് മണിയോടെയാണ് ഇയാൾ പുലിയൂരിലെത്തിയത്.
ബ്ലോക്ക് ഓഫീസിൻ്റെ മുകളിലത്തെ നിലയിലെ മൂലയിൽ ഒളിച്ചിരുന്ന വില്ലൂന്നി ഇനത്തിൽപ്പെട്ട പാമ്പിനെയാണ് സാം ആദ്യം പിടികൂടിയത്. ഇതിനിടെ സമീപത്തെ കുടുംബശ്രീ ഓഫീസിലും പാമ്പിനെ കണ്ടതായുള്ള വിവരം ലഭിച്ചു. തുടർന്ന് അവിടെയെത്തി ഒരു ചേരയെയും പിടികൂടി.
പന്തളത്തെയും പുലിയൂരിലെയും തുടർച്ചയായ ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയ സാം, പിടികൂടിയ പാമ്പുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പാമ്പുകളെ പിടികൂടിയതോടെയാണ് ഓഫീസുകളിൽ നിലനിന്നിരുന്ന ഭീതിക്ക് പരിഹാരമായത്.










