10:32am 27 April 2026
NEWS
​പാമ്പുകടിയേറ്റാൽ മരണം നിഴലിക്കുന്നത് ആശുപത്രിയിലെ പരിമിതികൾ കാരണം; പ്രതിസന്ധി വ്യക്തമാക്കി സർക്കാർ ഡോക്ടർമാർ
27/04/2026  09:03 AM IST
സുരേഷ് വണ്ടന്നൂർ
​പാമ്പുകടിയേറ്റാൽ മരണം നിഴലിക്കുന്നത് ആശുപത്രിയിലെ പരിമിതികൾ കാരണം; പ്രതിസന്ധി വ്യക്തമാക്കി സർക്കാർ ഡോക്ടർമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുവിഷമേറ്റുള്ള മരണങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ, സർക്കാർ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങളിലെ ഗുരുതരമായ പോരായ്മകൾ തുറന്നുകാട്ടി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. ആന്റിവെനം ലഭ്യമായ ആശുപത്രികളുടെ പട്ടിക സർക്കാർ പുറത്തുവിട്ടതുകൊണ്ട് മാത്രം കാര്യമില്ലെന്നും, അത്യാഹിത വിഭാഗങ്ങളിൽ ജീവൻരക്ഷാ സംവിധാനങ്ങൾ അടിയന്തരമായി വർദ്ധിപ്പിക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു.
വെല്ലുവിളിയാകുന്ന 'അലർജി' റിയാക്ഷനുകൾ
​ആന്റിവെനം നൽകുന്നത് ലളിതമായ ഒരു പ്രക്രിയയല്ലെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. മരുന്ന് നൽകുമ്പോൾ മാരകമായ അലർജി പ്രതിപ്രവർത്തനങ്ങൾ (Anaphylaxis) ഉണ്ടാകാൻ സാധ്യതയുണ്ട്. മിനിറ്റുകൾക്കുള്ളിൽ മരണം സംഭവിക്കാവുന്ന ഇത്തരം സാഹചര്യങ്ങൾ നേരിടാൻ താഴെ പറയുന്ന സൗകര്യങ്ങൾ അത്യാവശ്യമാണ്:

​ഐ.സി.യുവും വെന്റിലേറ്ററും:

 ശ്വാസതടസ്സമോ ഹൃദയസ്തംഭനമോ ഉണ്ടായാൽ രോഗിയെ ഉടൻ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വരും.
​സൂക്ഷ്മ നിരീക്ഷണം: മരുന്ന് നൽകിക്കഴിഞ്ഞാൽ രോഗിയെ സദാസമയം നിരീക്ഷിക്കാൻ പ്രത്യേക ഡോക്ടർമാരും ജീവനക്കാരും വേണം.
​റഫറൽ മരണങ്ങൾ വർദ്ധിക്കുന്നു
​ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച എട്ടു വയസ്സുകാരൻ ദക്ഷലിന് ആന്റിവെനം നൽകാതെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തതും, യാത്രാമധ്യേ കുട്ടി മരിച്ചതും വലിയ വിവാദമായിരുന്നു. എന്നാൽ, മതിയായ നിരീക്ഷണ സംവിധാനങ്ങളില്ലാത്ത സാഹചര്യത്തിൽ ആന്റിവെനം നൽകുന്നത് രോഗിയെ കൂടുതൽ അപകടത്തിലാക്കുമെന്നാണ് ഡോക്ടർമാരുടെ പക്ഷം. നിലവിൽ പല താലൂക്ക് ആശുപത്രികളിലും ഒരു ഡോക്ടർ മാത്രമാണ് അത്യാഹിത വിഭാഗത്തിലുള്ളത്. നൂറുകണക്കിന് രോഗികളെ പരിശോധിക്കുന്നതിനിടയിൽ പാമ്പുകടിയേറ്റ രോഗിയെ മാത്രം പ്രത്യേകമായി നിരീക്ഷിക്കാൻ ഇവർക്ക് സാധിക്കുന്നില്ല.
ഡോക്ടർമാരുടെ പ്രധാന ആവശ്യങ്ങൾ
​തസ്തികകൾ സൃഷ്ടിക്കുക: അത്യാഹിത വിഭാഗങ്ങളിൽ ഒരേസമയം കുറഞ്ഞത് രണ്ട് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണം.
​അടിസ്ഥാന സൗകര്യം: ആന്റിവെനം നൽകുന്ന എല്ലാ കേന്ദ്രങ്ങളിലും വെന്റിലേറ്റർ, ഐ.സി.യു സൗകര്യങ്ങൾ നിർബന്ധമാക്കണം.
​ട്രിയിയാജ് സംവിധാനം: രോഗലക്ഷണങ്ങളുടെ തീവ്രത അനുസരിച്ച് രോഗികളെ തരംതിരിച്ച് ചികിത്സിക്കുന്ന 'ട്രിയിയാജ്' (Triage) രീതി നടപ്പിലാക്കണം.
​അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ മൂലം സംഭവിക്കുന്ന മരണങ്ങൾക്ക് ചികിത്സിക്കുന്ന ഡോക്ടർമാരെ ബലിയാടാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കെ.ജി.എം.ഒ.എ പ്രസിഡന്റ് ഡോ. സുനിൽ പി.കെ പ്രസ്താവനയിൽ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img