09:45pm 13 September 2026
NEWS
സ്മാർട്ട് ഫോണും സോഷ്യൽ മീഡിയയും: അമിത ഉപയോഗം സാമൂഹിക പ്രശ്‌നമായി മാറുന്നുവോ ?
17/04/2026  01:01 PM IST
വിഷ്ണുമംഗലം കുമാർ, ബംഗളൂരു
സ്മാർട്ട് ഫോണും സോഷ്യൽ മീഡിയയും: അമിത ഉപയോഗം സാമൂഹിക പ്രശ്‌നമായി മാറുന്നുവോ ?

കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ കൈവരിച്ച സാങ്കേതിക വളർച്ചയുടെ ഫലമായി ലോകജനതയ്ക്ക് ലഭിച്ച അത്ഭുത വരദാനമാണ് മൊബൈൽ ഫോൺ. സാങ്കേതികമികവും ഇന്റർനെറ്റ് വൈപുല്യവും മൊബൈൽ ഫോണിനെ അനുനിമിഷം നവീകരിക്കുകയും സ്മാർട്ട് ഫോൺ എന്ന വിസ്മയകരമായ അവസ്ഥയിലേക്ക്  എത്തിക്കുകയും  ചെയ്തു. ചെറുതും വലുതും എളുപ്പമുള്ളതും പ്രയാസമേറിയതുമായ ഒട്ടനവധി സൗകര്യങ്ങളുള്ള സൂപ്പർ കൈകംപ്യൂട്ടറാണ് പുതിയ കാലത്ത് സ്മാർട്ട് ഫോൺ. ഇന്റർനെറ്റിന്റെ സഹായത്താൽ സോഷ്യൽ മീഡിയ സജീവമായതോടെ സ്മാർട്ട് ഫോണുകളുടെ ഉപയോഗം പതിന്മടങ്ങ് വർധിച്ചിട്ടുണ്ട്. വാട്‌സാപ്പും ഫെയ്‌സ് ബുക്കും റീൽസും യുട്യൂബുമൊക്കെ പരിധിയില്ലാത്ത ആസ്വാദന-മത്സര- സർഗ്ഗാത്മകവിപ്ലവ ലോകത്തിന്റെ വിശാല വാതായനങ്ങളാണ് തുറന്നിട്ടത്. അതാകട്ടെ യുവതലമുറയിൽ മാത്രം ഒതുങ്ങുന്നില്ല. മുതിർന്നവരിലെന്ന പോലെ കുട്ടികളിലും സ്മാർട്ട് ഫോൺ ഉപയോഗം പകർച്ചവ്യാധി പോലെ പടർന്നുപിടിച്ചിട്ടുണ്ട്. 

അമിത ഉപയോഗവും ദുരുപയോഗവും  

എഴുപത്തിയഞ്ചു കോടി ജനങ്ങൾ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന മഹാരാജ്യമാണ് ഇന്ത്യ. അതിൽ തൊണ്ണൂറു ശതമാനത്തോളം പേർ വാട്‌സാപ്പും നാൽപതു കോടിയോളം ആളുകൾ ഫെയ്‌സ് ബുക്കും ഉപയോഗിക്കുന്നവരാണ്. ഈ രണ്ട് പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്ക് ഏതാനും ഉപ സംവിധാനങ്ങളും സഹോദര സ്ഥാപനങ്ങളുമുണ്ട്. ഇവയെയെല്ലാം ചേർത്താണ് സോഷ്യൽ മീഡിയ എന്ന് പൊതുവിൽ വിശേഷിപ്പിക്കുന്നത്. പഠനത്തിനും അറിവിനും സ്മാർട്ട് ഫോണുകളിലെ സോഷ്യൽ മീഡിയ സൗകര്യങ്ങൾ വളരെയേറെ ഉപകാരപ്പെടുന്നുണ്ട്. എന്നാൽ സ്മാർട്ട് ഫോണിന്റെയും സോഷ്യൽ മീഡിയയുടെയും അമിത ഉപയോഗവും അപകടകരമായ ദുരുപയോഗവും നമ്മുടെ രാജ്യത്ത് വൻ സാമൂഹ്യ വിപത്തായി വളരുകയാണ്. അനുഭൂതി പകരുന്ന ഇക്കിളി ആപ്പുകളും സമർത്ഥമായി പണം ചോർത്തുന്ന ഗെയിംസ് ആപ്പുകളും സ്മാർട്ട് ഫോണിലൂടെ യുവതലമുറയെയും കുട്ടികളെയും മന്ദബുദ്ധികളും അലസരുമാക്കിത്തീർക്കുന്നു. നല്ലൊരു വിഭാഗം മാനസിക രോഗികളായി മാറുന്നുമുണ്ട്. മദ്യം, മയക്കുമരുന്ന് എന്നിവപോലെ സ്മാർട്ട് ഫോൺ അഡിക്ഷന് യുവാക്കളും കുട്ടികളും വിധേയരാകുകയോ തിന്മയുടെ ശക്തികൾ അവരെ വിധേയരാക്കുകയോ ചെയ്യുന്നുണ്ട്. സ്മാർട്ട് ഫോണില്ലാതെ ഇക്കാലത്ത് ജീവിക്കാൻ പ്രയാസമാണ് എന്നത് ശരിയാണ്. എന്നാൽ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും അമിത സ്മാർട്ട് ഫോൺ ഉപയോഗം അവരെ ചുമതലകളിൽ നിന്ന് വ്യതിചലിപ്പിക്കുകയും  ചിലരെ കടുത്ത മാനസിക സംഘർഷത്തിലേക്കും രോഗാവസ്ഥയിലേക്കും തള്ളിവിടുകയും ചെയ്യുന്നത് വലിയ സാമൂഹിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്  എന്നത് കാണാതിരുന്നുകൂടാ. 

മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തിൽ മൂന്നുകോടിയോളം പേർ സ്മാർട്ട് ഫോൺ സ്വന്തമായുള്ളവരാണ്. അതിൽ 85-90 ശതമാനം പേർ വാട്‌സാപ്പും അമ്പത് ശതമാനത്തോളം പേർ ഫെയ്‌സ് ബുക്കും ഉപയോഗിക്കുന്നവരാണ്. തൊണ്ണൂറ് ശതമാനം സ്മാർട്ട് ഫോൺ ഉടമകളും സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്നവരാണ്. 6.87 കോടി ജനങ്ങളുള്ള കർണാടകത്തിൽ നാലുകോടി ആളുകൾക്ക് സ്മാർട്ട് ഫോണുണ്ട്. മൂന്നുകോടിയിലേറെപ്പേർ വാട്‌സാപ്പും രണ്ടുകോടിപ്പേർ ഫെയ്‌സ് ബുക്കും ഉപയോഗിക്കുന്നുണ്ട്. സ്‌കൂൾ വിദ്യാർത്ഥികൾ 1.70 കോടിയും കോളേജ്‌വിദ്യാർഥികൾ 40 ലക്ഷവുമാണ്. വിദ്യാർത്ഥികളിൽ 93 ശതമാനവും സോഷ്യൽ മീഡിയയിൽ സജീവമാണ്. 14-16 വയസ്സുകാരായ സ്‌കൂൾ വിദ്യാർഥികളിൽ എഴുപത് ശതമാനം സ്മാർട്ട് ഫോണിലൂടെ സോഷ്യൽ മീഡിയ പതിവായി ഉപയോഗിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.  സ്മാർട്ട്‌ഫോൺ, സോഷ്യൽ മീഡിയ അഡിക്റ്റുകളായ കുരുന്നു വിദ്യാർഥികൾ മാനസികവും ശരീരികവുമായ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നത് അവരുടെ ഭാവിയെയും സമൂഹത്തെയും ദോഷകരമായി സ്വാധീനിക്കുന്നുണ്ട്.

സ്മാർട്ട്‌ഫോൺ ദുരുപയോഗനിയന്ത്രണം:കർണാടകത്തിൽ നിയമം വരുന്നു   

സോഷ്യൽ മീഡിയയുടെ അമിത ഉപയോഗംമൂലം പഠനത്തിൽ ശ്രദ്ധക്കുറവ്, ഉറക്കക്കുറവ്, മാനസികസംഘർഷം, നെഗറ്റീവ് സ്വാധീനം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് യുവാക്കളും കുട്ടികളും വിധേയമാകുന്നുണ്ട്.16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്മാർട്ട് ഫോൺ ഉപയോഗം നിയന്ത്രിക്കാൻ നിയമം കൊണ്ടുവരുമെന്ന് ഏതാനും ദിവസം മുമ്പ് കർണാടക ഗവണ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. നിംഹാൻസ് ആശുപത്രിയുടെ സഹായത്തോടെ സംസ്ഥാന ആരോഗ്യവകുപ്പ് ബില്ലിന്റെ കരട് രൂപം തയ്യാറാക്കി. 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്മാർട്ട് ഫോൺ ഉപയോഗത്തിന് കടുത്ത നിയന്ത്രണം, ചെറുപ്പക്കാരുടെ അമിത വ്യക്തിഗത സ്മാർട്ട് ഫോൺ ഉപയോഗം നിരുത്സാഹപ്പെടുത്തുക, സ്‌കൂൾസമയത്ത് മൊബൈൽ ഫോൺ ഉപയോഗം പൂർണ്ണമായി നിരോധിക്കുക, ഫോണുകൾ പിടിച്ചെടുക്കാൻ സ്‌കൂൾ അധികൃതർക്ക് അധികാരം, കുട്ടികൾക്ക് ഒരുദിവസം മൊബൈൽ ഫോൺ ഉപയോഗിക്കാവുന്ന പരമാവധി സമയം നിശ്ചയിക്കുക, സോഷ്യൽ മീഡിയ ഗെയിമുകൾക്ക് പ്രത്യേക നിയന്ത്രണം, ചില ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ കർശനമായ പ്രായപരിധി, മാതാപിതാക്കൾക്കും അധ്യാപകർക്കും ബോധവൽക്കരണം, സ്‌കൂളുകളിൽ ഡിജിറ്റൽ അച്ചടക്കം നടപ്പിലാക്കാൻ കമ്മിറ്റികൾ, സ്മാർട്ട് ഫോണിന്റെ അമിത ഉപയോഗംമൂലം മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് കൗൺസിലിംഗ് സംവിധാനം തുടങ്ങിയ വ്യവസ്ഥകളാണ് കരട് ബില്ലിലുള്ളത്. കുട്ടികളുടെയും യുവാക്കളുടെയും അമിത സ്മാർട്ട് ഫോൺ ഉപയോഗം അടിയന്തര ശ്രദ്ധ പതിയേണ്ട ഗൗരവ പ്രശ്‌നമാണെന്ന് ബില്ലിന്റെ കരട് രൂപം പുറത്തുവിട്ടുകൊണ്ട് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു അഭിപ്രായപ്പെട്ടു. പൊതുജനങ്ങളിൽ നിന്നും വിദഗ്ധരിൽ നിന്നും നിർദേശങ്ങൾ ക്ഷണിച്ചിട്ടുണ്ട്. പ്രസക്തമായ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി ബിൽ  സഭയിൽ വെച്ച് പാസ്സാക്കിയെടുത്ത് നിയമം എത്രയും വേഗം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് കർണാടകം ഒരുങ്ങുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img