01:55am 03 April 2026
NEWS
സ്മാർട്ട്‌ ഫോൺ ദുരുപയോഗനിയന്ത്രണം: കർണാടകത്തിൽ ബില്ലിന്റെ കരട് രൂപം തയ്യാറായി.
02/04/2026  12:01 PM IST
വിഷ്ണുമംഗലം കുമാർ
സ്മാർട്ട്‌ ഫോൺ ദുരുപയോഗനിയന്ത്രണം: കർണാടകത്തിൽ ബില്ലിന്റെ കരട് രൂപം തയ്യാറായി

 കർണാടക : കുട്ടികൾക്കും യുവതലമുറയ്ക്കും മൊബൈൽ ഫോണിനോടുള്ള ആസക്തി കഴിഞ്ഞ ഏതാനും വർഷത്തിനിടയിൽ പതിന്മടങ് വർധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ സജീവമാവുകയും ഇന്റർനെറ്റ്‌ സൗകര്യം ഫോണുകളിൽ ലഭ്യമാവുകയും ചെയ്തതോടെയാണ് യുവാക്കളും കുട്ടികളും സ്മാർട്ട്‌ ഫോണുകളിലേക്ക് ആകർഷിക്കപ്പെട്ടത്. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം മൂലം പഠനത്തിൽ ശ്രദ്ധക്കുറവ്, ഉറക്കക്കുറവ്, മാനസികസംഘർഷം, നെഗറ്റീവ് സ്വാധീനം തുടങ്ങിയ പ്രശ്നങ്ങൾക്ക് യുവാക്കളും കുട്ടികളും വിധേയമാകുന്നുണ്ട്.16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്മാർട്ട്‌ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ നിയമം കൊണ്ടുവരുമെന്ന് ഏതാനും ദിവസം മുമ്പ് കർണാടക ഗവണ്മെന്റ് പ്രഖ്യാപിച്ചിരുന്നു. നിംഹാൻസ് ആശുപത്രിയുടെ സഹായത്തോടെ സംസ്ഥാന ആരോഗ്യവകുപ്പ് ബില്ലിന്റെ കരട് രൂപം തയ്യാറാക്കി. 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്മാർട്ട്‌ ഫോൺ ഉപയോഗത്തിന് കടുത്ത നിയന്ത്രണം, ചെറുപ്പക്കാരുടെ അമിത വ്യക്തിഗത സ്മാർട്ട്‌ ഫോൺ ഉപയോഗം നിരുത്സാഹപ്പെടുത്തുക, സ്കൂൾ സമയത്ത് മൊബൈൽ ഫോൺ ഉപയോഗം പൂർണ്ണമായി നിരോധിക്കുക, ഫോണുകൾ പിടിച്ചെടുക്കാൻ സ്കൂൾ അധികൃതർക്ക് അധികാരം, കുട്ടികൾക്ക് ഒരുദിവസം മൊബൈൽ ഫോൺ ഉപയോഗിക്കാവുന്ന പരമാവധി സമയം നിശ്ചയിക്കുക, സോഷ്യൽ മീഡിയ ഗെയിമുകൾക്ക് പ്രത്യേക നിയന്ത്രണം, ചില ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ കർശനമായ പ്രായപരിധി, മാതാപിതാക്കൾക്കും അധ്യാപകർക്കും ബോധവൽക്കരണം, സ്കൂളുകളിൽ ഡിജിറ്റൽ അച്ചടക്കം നടപ്പിലാക്കാൻ കമ്മിറ്റികൾ, സ്മാർട്ട്‌ ഫോണിന്റെ അമിത ഉപയോഗം മൂലം മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് കൗൺസിലിംഗ് സംവിധാനം തുടങ്ങിയ വ്യവസ്ഥകളാണ് കരട് ബില്ലിലുള്ളത്. കുട്ടികളുടെയും യുവാക്കളുടെയും അമിത സ്മാർട്ട്‌ ഫോൺ ഉപയോഗം അടിയന്തര ശ്രദ്ധ പതിയേണ്ട ഗൗരവ പ്രശ്നമാണെന്ന് ബില്ലിന്റെ കരട് രൂപം പുറത്തുവിട്ടുകൊണ്ട് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു അഭിപ്രായപ്പെട്ടു. പൊതുജനങ്ങളിൽ നിന്നും വിദഗ്ധരിൽ നിന്നും നിർദേശങ്ങൾ ക്ഷണിച്ചിട്ടുണ്ട്. പ്രസക്തമായ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി ബിൽ  സഭയിൽ വെച്ച് പാസ്സാക്കിയെടുത്ത് നിയമം എത്രയും വേഗം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് കർണാടകം ഒരുങ്ങുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img