04:18pm 18 September 2026
NEWS
സംസ്ഥാനത്ത് അ‌ടുത്ത മാസം 6 ലക്ഷം റേഷൻ കാർഡുകൾ റദ്ദാക്കിയേക്കും
18/09/2026  03:02 PM IST
nila
സംസ്ഥാനത്ത് അ‌ടുത്ത മാസം 6 ലക്ഷം റേഷൻ കാർഡുകൾ റദ്ദാക്കിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണ സംവിധാനത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി സ്മാർട്ട് പിഡിഎസ് സംവിധാനം അടുത്ത മാസം മുതൽ നടപ്പാക്കും. പുതിയ സംവിധാനം പ്രാബല്യത്തിൽ വരുന്നതോടെ ആറ് ലക്ഷത്തിലേറെ റേഷൻ കാർഡുകൾ മരവിപ്പിക്കപ്പെടാൻ സാധ്യത. ആറ് മാസത്തിലേറെയായി റേഷൻ വാങ്ങാത്ത കാർഡുകളാണ് ആദ്യഘട്ടത്തിൽ പരിശോധനയ്ക്ക് വിധേയമാകുന്നത്. ഈ കാർഡുകളിലായി 16 ലക്ഷത്തിലേറെ ഗുണഭോക്താക്കളുണ്ടെന്നാണ് കണക്ക്.

കാർഡ് ഉടമകളുടെയും അംഗങ്ങളുടെയും വിവരങ്ങൾ കേന്ദ്രീകൃതമായി ശേഖരിക്കുകയും റേഷൻ വിതരണത്തിന്റെ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ വരെ കേന്ദ്രതലത്തിൽ നിരീക്ഷിക്കുകയും ചെയ്യുന്നതാണ് സ്മാർട്ട് പിഡിഎസ് (സ്കീം ഫോർ മോഡനൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം). പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം 2024ൽ കേന്ദ്രസർക്കാരുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു.

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ആറ് മാസത്തിലേറെയായി റേഷൻ വാങ്ങാത്ത കാർഡുകൾ ആദ്യം മരവിപ്പിക്കും. തുടർന്ന് മൂന്ന് മാസത്തിനുള്ളിൽ കാർഡിലുള്ള മുഴുവൻ അംഗങ്ങളും ഇ-കെവൈസി പൂർത്തിയാക്കിയാൽ മാത്രമേ റേഷൻ വിതരണം പുനരാരംഭിക്കൂ.

അതേസമയം, രാജ്യത്ത് ഒരേ വ്യക്തി ഒന്നിലധികം റേഷൻ കാർഡുകളിൽ അംഗമായി ഉൾപ്പെട്ടിട്ടുണ്ടോ എന്നതും സ്മാർട്ട് പിഡിഎസ് സംവിധാനത്തിലൂടെ പരിശോധിക്കും. ഒന്നിലധികം കാർഡുകളിൽ ഒരേ വ്യക്തിയുടെ പേര് കണ്ടെത്തിയാൽ ബന്ധപ്പെട്ട ഗുണഭോക്താവിന്റെ റേഷൻ ആനുകൂല്യവും മരവിപ്പിച്ചേക്കും. തുടർന്ന് മൂന്ന് മാസത്തിനകം ഇ-കെവൈസി പൂർത്തിയാക്കി നിലനിർത്തേണ്ട റേഷൻ കാർഡ് ഏതെന്ന് തീരുമാനിക്കണം. മറ്റ് കാർഡുകളിൽനിന്ന് പേര് ഒഴിവാക്കിയ ശേഷമേ റേഷൻ വിതരണം പുനരാരംഭിക്കൂ.

ആദ്യഘട്ടത്തിൽ മുൻഗണനാ കാർഡുകൾ

സ്മാർട്ട് പിഡിഎസിന്റെ ആദ്യഘട്ട പരിശോധന മഞ്ഞ, പിങ്ക് വിഭാഗങ്ങളിലുള്ള മുൻഗണനാ റേഷൻ കാർഡുകളിലായിരിക്കും. ആറ് മാസത്തിലേറെയായി റേഷൻ വാങ്ങാത്ത ഇത്തരം ഏകദേശം 45,000 കാർഡുകളും 66,000 ഗുണഭോക്താക്കളുമുണ്ടെന്നാണ് പ്രാഥമിക വിവരം.

അതേസമയം, നീല, വെള്ള, ബ്രൗൺ വിഭാഗങ്ങളിലുള്ള മുൻഗണന ഇതര കാർഡുകളിലും വലിയ തോതിൽ റേഷൻ വാങ്ങാത്തവരുണ്ട്. ഈ വിഭാഗങ്ങളിൽ 5.6 ലക്ഷത്തിലേറെ കാർഡുകളും 15 ലക്ഷത്തിലേറെ ഗുണഭോക്താക്കളുമാണ് നിലവിലുള്ളത്.

റേഷൻ കാർഡുകളിലെ വിവരങ്ങൾ കൂടുതൽ കൃത്യമായി പരിശോധിക്കുന്നതിനും അർഹരായവർക്ക് മാത്രം ആനുകൂല്യം ഉറപ്പാക്കുന്നതിനുമാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇ-കെവൈസി പൂർത്തിയാക്കാത്തവർക്കും ഒരേ വ്യക്തി ഒന്നിലധികം കാർഡുകളിൽ ഉൾപ്പെട്ടിരിക്കുന്ന സാഹചര്യങ്ങളിലും തുടർനടപടികൾ ഉണ്ടാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img