
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചക്കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. ചെന്നൈ ആസ്ഥാനമായ സ്മാർട്ട് ക്രിയേഷൻസ് കമ്പനിയുടെ സിഇഒ പങ്കജ് ഭണ്ഡാരിയെയും, തട്ടിയെടുത്ത സ്വർണം വാങ്ങിയെന്നാരോപിക്കുന്ന ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനെയും എസ്ഐടി കസ്റ്റഡിയിലെടുത്തു. ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശിയത് സ്മാർട്ട് ക്രിയേഷൻസ് കമ്പനിയാണ്.
പ്രധാന പ്രതികളുടെ അറസ്റ്റിൽ എന്തുകൊണ്ട് വൈകുന്നതെന്ന ഹൈക്കോടതിയുടെ ചോദ്യം ഇന്ന് ഉയർന്നതിന് പിന്നാലെയാണ് അന്വേഷണ സംഘം നിർണായക നീക്കം നടത്തിയത്. ഇരുവരെയും ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്തുവരികയാണ്. ഔപചാരികമായി അറസ്റ്റ് രേഖപ്പെടുത്തി ഇവരെ ഇന്ന് തന്നെ കൊല്ലം കോടതിയിൽ ഹാജരാക്കുമെന്നും എസ്ഐടി അറിയിച്ചു.
സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട തട്ടിപ്പിൽ കമ്പനിയുടെ നേരിട്ടുള്ള പങ്ക് വ്യക്തമായതോടെയാണ് കസ്റ്റഡിയിൽ എടുത്തതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.











