08:47pm 21 May 2024
NEWS
ഭക്ഷ്യപ്രേമികളെ കാത്ത് ചെറുധാന്യ-മീൻ വിഭവങ്ങൾ
27/12/2023  03:33 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഭക്ഷ്യപ്രേമികളെ കാത്ത് ചെറുധാന്യ-മീൻ വിഭവങ്ങൾ
HIGHLIGHTS

'മില്ലറ്റും മീനും' പ്രദർശന ഭക്ഷ്യമേള സിഎംഎഫ്ആർഐയിൽ നാളെ (ഡിസ: 28, വ്യാഴം) തുടങ്ങും

 

കൊച്ചി: മീനിനൊപ്പം ചെറുധാന്യ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന 'മില്ലറ്റും മീനും' പ്രദർശന ഭക്ഷ്യമേള കൊച്ചിയിൽ നാളെ (ഡിസ: 28, വ്യാഴം) തുടങ്ങും. കർണാടകയിലെ ചെറുധാന്യ കർഷകസംഘങ്ങളുടെ വിവിധ ഉൽപന്നങ്ങളും വനിത സ്വയംസഹായക സംഘങ്ങൾ ഒരുക്കുന്ന മില്ലറ്റ്-മീൻ വിഭവങ്ങളുമാണ് മേളയിലെ പ്രധാന ആകർഷണങ്ങൾ. കൂടാതെ, ചെറുധാന്യങ്ങളുടെ കുക്കറി ഷോ, കൂടുകൃഷികളിൽ വിളവെടുത്ത ജീവനുള്ള മീനുകൾ, ബയർ-സെല്ലർ സംഗമം, പോഷണ-ആരോഗ്യ ചർച്ചകൾ, പാചക മത്സരം, ലക്ഷദ്വീപ് ഉൽപന്നങ്ങൾ തുടങ്ങിയവയും ശിനായഴ്ച വരെ നീണ്ടു നിൽക്കുന്ന മേളയിലുണ്ടാകും.

എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം സംഘടിപ്പിക്കുന്ന മേള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലാണ് (സിഎംഎഫ്ആർഐ) നടക്കുന്നത്.

ചാമ, റാഗി, തിന, കമ്പ്, ചോളം, വരഗ്, പനിവരഗ്, കുതിരവാലി തുടങ്ങിയ ചെറുധാന്യങ്ങളും അവയിൽ നിന്നുണ്ടാക്കുന്ന ഉൽപന്നങ്ങളും മേളയിൽ വാങ്ങാവുന്നതാണ്.  മീനിനോടൊപ്പവും അല്ലാതെയുമുള്ള ചെറുധാന്യങ്ങളുടെ വിവിധ രുചിക്കൂട്ടുകൾ ആസ്വദിക്കുകയും ചെയ്യാം. മത്സ്യവകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവുമൺ (സാഫ്), കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ, കേരള ബേക്കേഴ്‌സ് അസോസിയേഷൻ തുടങ്ങിയവരുടെ സ്റ്റാളുകളും മേളയിലുണ്ടാകും.

ബയർ-സെല്ലർ സംഗമത്തിൽ വിവിധ ചെറുധാന്യ ഉൽപന്നങ്ങൾക്കൊപ്പം മീനുകളിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളും സുഗന്ധ-വ്യജ്ഞന ഉൽപന്നങ്ങളും ലഭ്യമാകും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ചും അവയുടെ കീഴിലുള്ള കർഷക ഉൽപാദന കമ്പനികളും സംരംഭകരും സംഗമത്തിനെത്തും. നബാർഡ് കർഷക ഉൽപാദക കമ്പനികളുമുണ്ട്.  ഉൽപ്പന്നങ്ങൾ നേരിട്ട് വാങ്ങാനും വ്യാപാര ബന്ധം തുടങ്ങാനും താൽപര്യമുള്ള ഉപഭോക്താക്കൾ, വ്യാപാരികൾ, മൊത്തകച്ചവടക്കാർ, സർക്കാർ-സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് സംഗമം പ്രയോജനപ്പെടും.

ചെറുധാന്യ കർഷകർ, കർഷക ഉൽപാദന സംഘങ്ങൾ, വനിതാ സംരംഭകർ, മത്സ്യസംസ്‌കരണ രംഗത്തുള്ളവർ, കാർഷിക-ഭക്ഷ്യ സ്റ്റാർട്ടപ്പുകൾ തുടങ്ങിയവർ മേളയിൽ പങ്കെടുക്കും. ഭക്ഷ്യമേഖലയിൽ സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ കേന്ദ്ര ഗവേഷണ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ മേളയിൽ പരിചയപ്പെടുത്തും. ആകാശവാണി കൊച്ചി എഫ്എം ഒരുക്കുന്ന കലാപരിപാടികൾ എല്ലാദിവസവും 7 മുതൽ ഉണ്ടാവും. രാവിലെ 11 മുതൽ രാത്രി 8 വരെയാണ് മേളയുടെ സമയം. പ്രവേശനം സൗജന്യമാണ്.


മീഡിയ സെൽ
സിഎംഎഫ്ആർഐ

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam