05:24am 17 November 2026
NEWS
പരോപകാരം ചെയ്യാൻ നിൽക്കല്ലേ..; ചെറിയ കമ്മിഷൻ, വലിയ കെണി; തട്ടിപ്പുകാരുടെ വലയത്തിൽ കുടുങ്ങുന്നത് വിദ്യാർഥികളും യുവാക്കളും
16/11/2026  08:56 AM IST
nila
പരോപകാരം ചെയ്യാൻ നിൽക്കല്ലേ..; ചെറിയ കമ്മിഷൻ, വലിയ കെണി; തട്ടിപ്പുകാരുടെ വലയത്തിൽ കുടുങ്ങുന്നത് വിദ്യാർഥികളും യുവാക്കളും

വടകര: എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന മോഹത്തിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറുന്ന വിദ്യാർഥികളും യുവാക്കളും ചെന്നുപെടുന്നത് സൈബർ തട്ടിപ്പുകളുടെ വലിയ ശൃംഖലയിൽ. ആയിരങ്ങൾ കമ്മിഷനായി ലഭിക്കുമെന്ന വാഗ്ദാനമാണ് തട്ടിപ്പുസംഘങ്ങൾ ഇവർക്കു മുന്നിൽവയ്ക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ പോലും സജീവമായ ഇടനിലക്കാർ വഴിയാണ് യുവാക്കളെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ഭാഗമാക്കുന്നത്.

സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ച് പിന്നീട് പിൻവലിച്ച് കൈമാറുകയാണ് ചെയ്യുന്നത്. അക്കൗണ്ട് ഉടമകൾക്ക് ചെറിയൊരു തുക കമ്മിഷനായി ലഭിക്കുമ്പോൾ, തട്ടിപ്പിലൂടെ ലഭിച്ച പണത്തിന്റെ യഥാർഥ ഉറവിടവും കൈമാറ്റവും മറച്ചുവയ്ക്കാൻ സംഘങ്ങൾക്ക് കഴിയുന്നു. കള്ളപ്പണമാഫിയയുമായി ബന്ധമുള്ളവരാണ് ഇത്തരം ഇടപാടുകൾക്ക് പ്രാദേശികതലത്തിൽ സൗകര്യമൊരുക്കുന്നതെന്നാണ് സൂചന.

കോഴിക്കോട് റൂറൽ ജില്ലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നടത്തിയ അഞ്ച് സൈ-ഹണ്ട് ഓപ്പറേഷനുകളിൽ 163 കേസുകൾ രജിസ്റ്റർ ചെയ്തു. 38 പേരെ അറസ്റ്റ് ചെയ്തപ്പോൾ 54 പേർക്ക് നോട്ടീസ് നൽകി നിരീക്ഷണത്തിലാക്കി. കേസുകളിൽ ഉൾപ്പെട്ടവരിൽ 90 ശതമാനത്തോളം പേരും 18നും 25നും ഇടയിൽ പ്രായമുള്ളവരാണ്. പഠിക്കുന്നവരും പഠനം പൂർത്തിയാക്കി ജോലി തേടുന്നവരും ചെറിയ ജോലികൾ ചെയ്യുന്നവരുമാണ് ഈ പട്ടികയിലുള്ളത്.

ആഡംബര ജീവിതത്തോടുള്ള താത്പര്യവും വിലകൂടിയ മൊബൈൽ ഫോണുകളോടുള്ള ഭ്രമവും തട്ടിപ്പുകാർ മുതലെടുക്കുന്നുണ്ട്. പിടിയിലായവരിൽ പലരും ഐഫോൺ ഉപയോഗിക്കുന്നവരാണെന്ന് പോലീസ് കണ്ടെത്തി. വടകരയിൽ കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത ആറു കേസുകളിൽ നാലു പ്രതികളും ഐഫോൺ ഉപയോഗിക്കുന്നവരാണ്.

ഒരു ലക്ഷം പിൻവലിച്ചാൽ 3,000 മുതൽ 6,000 രൂപ വരെ

യുവാക്കളെ കണ്ടെത്തി അവരുടെ ബാങ്ക് അക്കൗണ്ടുകൾ തട്ടിപ്പുസംഘങ്ങൾക്ക് ലഭ്യമാക്കുന്നതിൽ നാട്ടിലുള്ള ഇടനിലക്കാർക്കും നിർണായക പങ്കുണ്ട്. വടകരയിൽ രജിസ്റ്റർ ചെയ്ത ആറു കേസുകളിൽ മൂന്നുപേരുടെ അക്കൗണ്ടുകൾ വാടകയ്ക്കെടുത്തത് തിരുവള്ളൂർ സ്വദേശിയാണെന്നാണ് പോലീസ് കണ്ടെത്തിയത്.

അക്കൗണ്ടിലേക്ക് പണം എത്തുന്നതിന് മുൻപുതന്നെ ഇടനിലക്കാരൻ ഉടമകൾക്ക് സന്ദേശം നൽകും. തുടർന്ന് നിർദേശിക്കുന്ന സമയത്ത് ബാങ്കിലെത്തി ചെക്കുപയോഗിച്ച് പണം പിൻവലിച്ച് കൈമാറണം. ബാങ്കിലെ നിരീക്ഷണ ക്യാമറകളിൽപ്പെടാതിരിക്കാൻ ഇടനിലക്കാരൻ നേരിട്ട് ബാങ്കിനുള്ളിൽ പ്രവേശിക്കാറില്ലെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്.

ഒരു ലക്ഷം രൂപ പിൻവലിച്ച് കൈമാറിയാൽ 3,000 മുതൽ 6,000 രൂപവരെയാണ് കമ്മിഷൻ. എ.ടി.എം. കാർഡ് ഉപയോഗിച്ചും പണം പിൻവലിക്കുന്നുണ്ട്. തട്ടിപ്പിലെ പ്രധാന കണ്ണിയായ ഇടനിലക്കാരനെയും വടകരയിലെ കേസിൽ പ്രതിയാക്കിയിട്ടുണ്ട്. പിൻവലിച്ച പണം എവിടേക്കാണ് കൈമാറിയതെന്ന് കണ്ടെത്താൻ ഇയാളെ ചോദ്യം ചെയ്യേണ്ടതുണ്ട്.

സംസ്ഥാനാന്തര ബന്ധം അന്വേഷിക്കണം

സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൈമാറുന്നതിനു പുറമേ കള്ളപ്പണം വെളുപ്പിക്കാനും ഇത്തരം വാടക അക്കൗണ്ടുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ സൈ-ഹണ്ട് ഓപ്പറേഷനുകളുടെ ഭാഗമായി സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് പോലീസ് നടപടി സ്വീകരിച്ചത്.

മറ്റു സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാമ്പത്തിക തട്ടിപ്പുസംഘങ്ങൾക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് സഹായം ലഭിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ക്രിപ്റ്റോ കറൻസിയിലേക്കും മറ്റും മാറ്റിയാണ് പണം കൈമാറുന്നത്. പ്രാദേശിക ഇടനിലക്കാർ മുതൽ സംസ്ഥാനാന്തര സാമ്പത്തിക കുറ്റകൃത്യ ശൃംഖലകൾ വരെയുള്ള ബന്ധങ്ങൾ കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇതിനായി പ്രത്യേക അന്വേഷണവിഭാഗം വേണമെന്ന നിർദേശവുമുണ്ട്.

അക്കൗണ്ട് വിവരങ്ങൾ കൈമാറിയാൽ കുടുങ്ങും

കമ്മിഷൻ വാഗ്ദാനം നൽകി ബാങ്ക് അക്കൗണ്ടുകൾ ഉപയോഗപ്പെടുത്തുന്ന സംഘങ്ങളുടെ കെണിയിൽ വീഴരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. ബാങ്ക് പാസ് ബുക്ക്, ചെക്ക് ബുക്ക്, എ.ടി.എം. കാർഡ് എന്നിവ മറ്റുള്ളവർക്ക് കൈമാറരുത്. അക്കൗണ്ട് വിവരങ്ങൾ പോലും അന്യർക്ക് നൽകുന്നത് ഒഴിവാക്കണം.

സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പറഞ്ഞ് വിദ്യാർഥികളിൽനിന്ന് ബാങ്ക് പാസ് ബുക്ക് വാങ്ങി ദുരുപയോഗം ചെയ്യുന്ന സംഭവങ്ങളുമുണ്ട്. ഇത്തരം ആവശ്യങ്ങൾ ലഭിച്ചാൽ സ്കൂൾ അധികൃതരുമായും രക്ഷിതാക്കളുമായും ആലോചിച്ചശേഷം മാത്രമേ രേഖകൾ കൈമാറാവൂ.

മറ്റൊരാളുടെ ആവശ്യത്തിനെന്ന പേരിൽ സ്വന്തം അക്കൗണ്ടിലേക്ക് വലിയ തുകകൾ സ്വീകരിക്കാനോ അവ പിൻവലിച്ച് കൈമാറാനോ പാടില്ല. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് വിദ്യാർഥികൾക്കിടയിൽ ബോധവത്കരണം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും പോലീസ് ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img