
ദോഹ: റോഡുകളിലെ ഏറ്റവുംവലതുവശത്തെ ഫാസ്റ്റ് ലെയ്നിൽ (Far Left Lane) കുറഞ്ഞ വേഗതയിൽ വാഹനം ഓടിക്കുന്നത് ഗതാഗത നിയമലംഘനമാണെന്നും ഇത് അപകടങ്ങൾക്ക് വഴിവെക്കുമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം ഓർമ്മിപ്പിച്ചു. മറ്റ് വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്ന ഇത്തരം രീതികൾക്കെതിരെ നടപടി ശക്തമാക്കുമെന്നും സോഷ്യൽ മീഡിയ വഴി മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ട്രാഫിക് നിയമത്തിലെ വകുപ്പ് 53 പ്രകാരം, റോഡിന്റെ അവസ്ഥയ്ക്കോ നിശ്ചിത വേഗതയ്ക്കോ അനുയോജ്യമല്ലാത്തവിധം അസാധാരണമായി കുറഞ്ഞ വേഗതയിൽ വാഹനം ഓടിക്കാൻ പാടില്ല. ഡ്രൈവർമാർ തങ്ങളുടെ വേഗതയ്ക്ക് അനുയോജ്യമായ ട്രാക്കുകൾ മാത്രമേ ഉപയോഗിക്കാവൂ.ന്യായമായ കാരണങ്ങളില്ലാതെ വേഗത കുറച്ച് ഓടിച്ച് മറ്റു വാഹനങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്തുന്നത് നിയമലംഘനമാണ്.ട്രാഫിക് നിയമത്തിലെ വകുപ്പ് 95 അനുസരിച്ച്, ഇത്തരം ലംഘനങ്ങൾ നടത്തുന്നവർക്ക് ഒരു ആഴ്ച മുതൽ ഒരു വർഷം വരെ തടവോ, 3,000 റിയാൽ മുതൽ 10,000 റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടുമോ നേരിടേണ്ടി വരും.പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും കൃത്യമായ സിഗ്നലുകളില്ലാതെ വേഗത കുറയ്ക്കുന്നതും ഒഴിവാക്കണം.
റോഡിലെ തടസ്സങ്ങൾ ഒഴിവാക്കാനും അപകടങ്ങൾ കുറയ്ക്കാനും ഡ്രൈവർമാർ നിശ്ചിത വേഗപരിധി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.










