
ജോർജിയയിൽ വാടക ഗർഭധാരണ കേന്ദ്രങ്ങളിൽ അടിമകളായിരുന്നെന്ന് വെളിപ്പെടുത്തി മൂന്നു സ്ത്രീകൾ. തായ്ലൻഡ് സ്വദേശിനികളായ യുവതികളാണ് ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വാടക ഗർഭധാരണമെന്ന് വിശ്വസിപ്പിച്ചാണ് തായ്ലൻഡിൽ നിന്നും തങ്ങളെ ജോർജിയയിലെത്തിച്ചതെന്നും യുവതികൾ വെളിപ്പെടുത്തി. സ്ത്രീകളിൽ നിന്നും അണ്ഡം ശേഖരിച്ച് അനധികൃത മാർക്കറ്റിൽ വിൽക്കുന്ന സംഘത്തിന്റെ കൈകളിലാണ് തങ്ങൾ അകപ്പെട്ടിരുന്നതെന്നും നരകയാതനകളാണ് അനുഭവിക്കേണ്ടി വന്നതെന്നും യുവതികൾ പറയുന്നു.
തങ്ങളെ തടവിലാക്കിയിരുന്ന കേന്ദ്രത്തിൽ എഴുപതോളം സ്ത്രീകളുണ്ടായിരുന്നു എന്നാണ് ഇവർ പറയുന്നത്. അവിടെ വച്ച് ചികിത്സയ്ക്കായി ഹോർമോണുകൾ കുത്തിവെച്ചു. തങ്ങൾക്ക് അനസ്തേഷ്യ നൽകിയെന്നും ഇവർ പറയുന്നു. അനസ്തേഷ്യ നൽകിയ ശേഷം യന്ത്രസഹായത്തോടെ സ്ത്രീകളുടെ സമ്മതമില്ലാതെ തന്നെ അണ്ഡം ശേഖരിക്കുകയാണ് രീതി. തങ്ങളെ 'കന്നുകാലികളെ പോലെയാണ് പരിഗണിച്ചിരുന്നത്' എന്ന് സംഘത്തിലുണ്ടായിരുന്ന ഒരു യുവതി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.











