11:45am 17 October 2026
NEWS
ആകാശധീരൻ: കോക്ക്പിറ്റിൽ ഭീകരനോട് പോരാടി 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച പൈലറ്റ്
17/10/2026  09:32 AM IST
പെരുമൺ ഗോപാലകൃഷ്ണൻ, മുംബയ്
ആകാശധീരൻ: കോക്ക്പിറ്റിൽ ഭീകരനോട് പോരാടി 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച പൈലറ്റ്

ഇന്ത്യയ്ക്ക് ഒരേസമയം അഭിമാനത്തിന്റെയും ആധിയുടെയും ദിവസമായിരുന്നു സെപ്റ്റംബർ 30. ഇന്ത്യൻ പൈലറ്റ് സ്മിത് മച്ഛർ മരണത്തോട് മല്ലടിക്കുമ്പോഴും, അർദ്ധബോധാവസ്ഥയിലും 174 പേരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി  പോരാടി. ആ പോരാട്ടം ഭൂമിയിൽ നിന്ന് 34,000 അടി ഉയരത്തിൽ,  നീലാകാശത്തിനും മേഘങ്ങൾക്കും ഇടയിൽ, അതിവേഗം പായുന്ന യാനത്തിൽ, അടച്ചിട്ട കോക്ക്പിറ്റിലാണെന്നോർക്കുമ്പോഴാണ് അതിന്റെ ഭീകരത മനസ്സിലാകുക.   ആ മുറിയിൽ ആകെയുണ്ടായിരുന്ന സഹപൈലറ്റാണ്, പൊടുന്നനെ, കാലരൂപം പൂണ്ടത്.
ചോരയിൽ കുളിച്ചു കിടക്കുമ്പോഴും മച്ഛർ സർവഊർജവും സംഭരിച്ച് പൊരാടി 174 പേരുടെ ജീവൻ രക്ഷിച്ചു. ആ പോരാട്ടത്തെ ഇന്ത്യ മാത്രമല്ല, ലോകം മുഴുവൻ പ്രശംസിച്ചു. അതിന്റെ ഒരഭിമാനം ഓരോ ഇന്ത്യൻ പൗരനുമുണ്ട്.

എന്നാൽ, ആകാശയാത്രയുടെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്ന സംഭവങ്ങൾ അടിക്കടി ഉണ്ടായിക്കൊണ്ടിരുക്കുന്നു എന്നത് അത്ര ശുഭമായ കാര്യമല്ല.   വിമാനത്തിന്റെ സാങ്കേതിക പ്രശ്‌നങ്ങൾക്കു പുറമേ, പൈലറ്റിന്റെ ലഹരി ഉപയോഗം, വിശ്രമമില്ലായ്മ,  വിഷാദം, ആത്മഹത്യാപ്രവണത   എന്നിവയ്‌ക്കെല്ലാം പുറമേ, ഇപ്പോൾ ഭീകരപ്രവർത്തനമെന്ന പുതിയ ഭീഷണിയും ഉടലെടുത്തിരിക്കുകയാണ്.

തീവ്രവാദി പരിശീലനം ലഭിച്ച,  ആത്മഹത്യാ പ്രവണതയുള്ള ഒമാൻ പൗരൻ ഹമാം അൽ ഹമ്മാമി എന്ന ഇരുപത്തൊമ്പതുകാരനാണ്,  174 യാത്രക്കാരെയും ക്രൂവിനെയും വഹിച്ച വിമാനം തട്ടിയെടുത്ത് ഇസ്രയേൽ വിമാനത്താവളത്തിലെ ബഹുനിലകെട്ടിടത്തിലോ പാർക്ക് ചെയ്തിരിക്കുന്ന വിമാനങ്ങളുടെ മുകളിലോ ഇടിച്ചിറക്കാൻ പദ്ധതിയിട്ടത്. ഇയാൾ ഇതിനായി ടെൽ അവീവിലെ ബെൻ ഗുറിയോൻ വിമാനത്താവളത്തിൽ പലതവണ സന്ദർശനം നടത്തിയിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്.

ഇയാൾ മുൻപും വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ,  വിമാനത്തിൽ അയാൾക്ക് താൽപര്യമുള്ള ആരേയോ കണ്ടതിനെ തുടർന്നാകാം ഇതിൽ നിന്നു പിൻമാറിയതെന്നാണ്  ഇപ്പോൾ ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന അന്വേഷണോദ്യോഗസ്ഥർ  വിലയിരുത്തുന്നത്.

കോക്ക്പിറ്റിലെ ഭീകരൻ

അന്ന് രാവിലെ പതിവുപോലെ ദുബായ് എയർപോർട്ടിൽ നിന്ന്  പറന്നുയർന്ന ഫ്‌ളൈദുബായ് ഫ്‌ളൈറ്റ്  ഇസ്രയേലിലെ ടെൽ അവീവ് ലക്ഷ്യമാക്കി യാത്ര തുടർന്നു. സൗദി അറേബ്യയുടെ വിശാലമായ ആകാശവും  ജോർദാർ ആകാശവും കടന്നാണ് ടെൽ അവീവിൽ എത്തേണ്ടത്.
ഏതാണ്ട് രണ്ടു മണിക്കൂറോളം പറന്നു കഴിഞ്ഞപ്പോൾ സഹപൈലറ്റ് ഹമാം നിസ്‌കരിക്കണമെന്നു പറഞ്ഞു.  ഈ സമയം വിമാനം 34,000 അടി ഉയരത്തിലൂടെ കുതിക്കുകയായിരുന്നു.

മച്ഛറിന്റെ അനുവാദത്തോടെ അയാൾ നിസ്‌കരിക്കാനിരുന്നു. മച്ഛർ അയാൾ പ്രാർഥിക്കുന്ന ഭാഗത്തേയ്ക്കു നോക്കാതെ നേരെ നോക്കി ഫ്‌ളൈറ്റ് പറത്തിക്കൊണ്ടിരുന്നു.

4-5 മിനിറ്റ് കഴിഞ്ഞു  കാണണം. പെട്ടെന്ന് മച്ഛറിന്റെ തലയുടെ പിൻഭാഗത്ത് ശക്തമായ ഒരടി കിട്ടി. വിമാനത്തിനു തക്കതായ എന്തോ പ്രശ്‌നമുണ്ടായെന്നാണ് കരുതിയത്.  എന്നാൽ, പിന്നാലെ തുടരെ അടി വന്നു. അർധബോധാവസ്ഥയിലായ മച്ഛറിന്റ ഓർമമങ്ങി താഴെ പതിച്ചു.  ഈ സമയത്താണ് വിമാനം 34,000 അടി ഉയരത്തിൽ നിന്ന് 17,000 അടിയിലേയ്ക്ക് പതിച്ചത്. ഇതിനിടെ പൈലറ്റ് കോക്ക്പിറ്റിന്റെ വാതിൽ തുറക്കാൻ നോക്കിയെങ്കിലും ഭീകരൻ അതു തടഞ്ഞു.

ഈ സമയത്ത് മുൻഭാഗത്തെ വാഷ്‌റൂമിലേയ്ക്കു പോയ നീനയെന്ന 6 വയസ്സുകാരി യാത്രക്കാരി കോക്ക്പിറ്റിനുള്ളിൽ ബഹളവും നിലവിളിയും കേട്ട് ഉച്ചത്തിൽ നിലവിളിച്ചു. മാതാപിതാക്കളും ചില യാത്രക്കാരും സംഭ്രമത്തോടെ ഓടിയെത്തി.
യാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന രണ്ടു പൈലറ്റുമാർ കോഡ് ഉപയോഗിച്ച് കോക്ക്പിറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചിരുന്നു. അകത്തുനിന്നതു തടഞ്ഞു. ഇതിനിടെ മച്ഛർ സർവ ശക്തിയും ഉപയോഗിച്ച് ഇഴഞ്ഞെത്തി ഡോർ തുറക്കുകയായിരുന്നു.

കാത്തുനിന്ന ക്രൂവും പൈലറ്റും ചില യാത്രക്കാരും അകത്ത് ഇടിച്ചു കയറി. പൈലറ്റ് ചോരയിൽക്കുളിച്ച് താഴെ കിടുക്കുന്നതാണ് അവർ കണ്ടത്. ഭീകരൻ ഫ്‌ളൈറ്റിന്റെ കണ്ട്രോൾ പാനലിലായിരുന്നു.
ഭീകരനെ കീഴടക്കി  പിടികൂടിയപ്പോൾ, 'കിൽ മീ, കിൽ മീ' എന്നയാൾ ആക്രോശിക്കുന്നുണ്ടായിരുന്നു. അയാളുടെ ആത്മഹത്യപ്രവണതയാണിത് കാണിക്കുന്നതെന്നു അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

പുതിയ പൈലറ്റുമാൻ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.

പരുക്കേറ്റ മച്ഛറിനെ ഫ്‌ളൈറ്റിൽ ഉണ്ടായിരുന്ന ദന്തിസ്റ്റ് ഡോ. ഷുടാ  മുസാവേയാണ്, തലയിൽ നിന്നും കൈയിൽ നിന്നും ചോരയൊലിച്ച്, പൾസ് അപകടമായ വിധത്തിൽ താണ മച്ഛറിനു പ്രാഥമിക ചികിൽസ നൽകിയത്. മുറിവിൽ ഐസ് വച്ചും പ്രഷർ ഡ്രസിംഗ് ചെയ്തും 45 മിനിറ്റ് നേരം പരിചരിച്ചു.

'മച്ഛർ, ഉറങ്ങരുത്.  നിങ്ങളെ ഞങ്ങൾക്കു വേണം-' ഇടയ്ക്കിടെ ഡോ.ഷുടാ പറഞ്ഞു കൊണ്ടിരുന്നു.
ഒരുപക്ഷേ, വിമാനത്തിനുള്ളിൽ ഈ പരിചരണം കിട്ടിയിരുന്നില്ലെങ്കിൽ മച്ഛറിന്റെ നില കൂടുതൽ വഷളായെനെ.
വിമാനത്തിൽ അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കുന്ന ക്രാഷ് ആക്‌സ് ഉപയോഗിച്ചാണ് ഭീകരൻ, പൈലറ്റിനെ ആക്രമിച്ചത്.
മച്ഛർ തന്നെയാണ് ഈ വിവരം യുഎഇ -ലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയവേ, വിശദീകരിച്ചത്. ഫ്‌ളൈറ്റിലെ 170 യാത്രക്കാരും ഇസ്രയേൽ പൗരന്മാരായിരുന്നു.

ഹീറോ ഓഫ്  ദി വേൾഡ്

ഇസ്രയേലിന്റെയും ഇന്ത്യയുടെയും മാത്രമല്ല, ലോകത്തിലെ തന്നെ ഹീറോയാണെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി  ബഞ്ചമിൻ നേതന്യാഹു മച്ഛറിനെ വിശേഷിപ്പിച്ചത്.  
അടച്ചുപൂട്ടിയ കോക്ക്പിറ്റിൽ കടുത്ത ആക്രമണത്തിന് ഇരയാകുമ്പോഴും തിരിച്ചടിക്കാനല്ല, മച്ഛർ ശ്രമിച്ചത്. വിമാനം തകരാതെ നിയന്ത്രിച്ചു നിർത്താനും 174 യാത്രക്കാരെ രക്ഷിക്കാനുമാണ്.
മുംബയിലെ താമസസ്ഥലത്തെന്നപോലെ മുംബയ് എയർപോർട്ടിലും എല്ലാവർക്കും സമ്മതനാണ് മച്ഛർ. ഉന്നത ഉദ്യോഗസ്ഥരോടെന്ന പോലെ പോർട്ടർമാരേയും ലോഡർമാരെയും ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും അവിടെത്തെ ജീവനക്കാർ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img