08:01am 29 April 2026
NEWS
സർക്കാർ ആശുപത്രിയിലെ ഡോക്ടർ നിരവധി തവണ ലൈം​ഗികപീഡനത്തിനിരയാക്കിയെന്ന് പതിനാറുകാരി
13/04/2026  08:32 AM IST
nila
സർക്കാർ ആശുപത്രിയിലെ ഡോക്ടർ നിരവധി തവണ ലൈം​ഗികപീഡനത്തിനിരയാക്കിയെന്ന് പതിനാറുകാരി

ജയ്പൂർ: സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പതിനാറുകാരി രംഗത്ത്. അജ്മീറിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കും ഇ-മിത്ര ഓപ്പറേറ്റർക്കും എതിരെയാണ് പെൺകുട്ടിയുടെ പരാതി. ഡോക്ടർ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. സംഭവം അറിയിച്ച ഇ-മിത്ര ഓപ്പറേറ്ററും പിന്നീട് തന്നെ പീഡിപ്പിച്ചുവെന്നും അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയുടെ സഹോദരി നൽകിയ പരാതിയിൽ പറയുന്നു. ഇരയുടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

2024 അവസാനം സഹോദരന്റെ ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയിൽ എത്തിയപ്പോഴാണ് ഡോക്ടറുമായി പെൺകുട്ടിക്ക് പരിചയപ്പെടുന്നത്. തുടർന്ന് മൊബൈൽ നമ്പർ കൈപ്പറ്റി വിശ്വാസം നേടിയ ഡോക്ടർ, പിന്നീട് ബന്ധം തുടരുകയും പുറത്തേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

2025 ഫെബ്രുവരി 14ന് ഒരു ഫ്ലാറ്റിലേക്ക് കൊണ്ടുപോയി ശീതളപാനീയത്തിൽ ലഹരിമരുന്ന് കലർത്തി നൽകി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി പിന്നീട് ഭീഷണിപ്പെടുത്തുകയും തുടർച്ചയായി പത്ത് തവണ പീഡിപ്പിക്കുകയും ചെയ്തതായും അവൾ ആരോപിച്ചു. ഗർഭനിരോധന ഗുളികകൾ കഴിക്കാൻ നിർബന്ധിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

ഇതിനുപുറമേ, ഇ-മിത്ര ഓപ്പറേറ്റർ പെൺകുട്ടിയെ ഹോട്ടലുകളിലേക്ക് കൊണ്ടുപോയി പലതവണ പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തതായും പറയുന്നു. ഏപ്രിൽ 10ന് ശരീരത്തിൽ പരിക്കുകളുടെ പാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം വീട്ടുകാർക്ക് അറിയുന്നത്. ചോദ്യം ചെയ്തപ്പോൾ പെൺകുട്ടി അനുഭവിച്ച അതിക്രമങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ പ്രതിയായ ഡോക്ടറെ ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചെങ്കിലും ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img